Holy Mass Readings Malayalam, Wednesday of week 5 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥
09 Feb 2022
Wednesday of week 5 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 95:6-7

വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.
എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍
അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.
അങ്ങനെ, സ്വര്‍ഗീയ കൃപയുടെ
ഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,
അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 രാജാ 10:1-10
ഷേബാ രാജ്ഞി സോളമന്റെ സര്‍വ്വവിജ്ഞാനത്തെയും കണ്ടു.

അക്കാലത്ത്, സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ട ഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു. ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയ രത്‌നങ്ങളും ആയി വലിയൊരു പരിവാരത്തോടു കൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു. അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍ മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല. സോളമന്റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം, മേശയിലെ വിഭവങ്ങള്‍, സേവകന്മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പിച്ച ദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്ഞി അന്ധാളിച്ചുപോയി. അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങേ ജ്ഞാനത്തെയും പറ്റി ഞാന്‍ എന്റെ ദേശത്തു കേട്ടത് എത്രയോ വാസ്തവം! നേരില്‍ കാണുന്നതുവരെ യാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യാഥാര്‍ഥ്യത്തിന്റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങേ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്! അങ്ങേ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങേ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങേ ദാസന്മാര്‍ എത്ര ഭാഗ്യവാന്മാര്‍! അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്റെ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങേ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയും ന്യായവും നടത്താന്‍ അങ്ങയെ രാജാവാക്കി. അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്‌നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 37:5-6,30-31,39-40

നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു.

നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;
അവിടുന്നു നോക്കിക്കൊള്ളും.
അവിടുന്നു പ്രകാശം പോലെ
നിനക്കു നീതി നടത്തിത്തരും;
മധ്യാഹ്നംപോലെ നിന്റെ അവകാശവും.

നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു.

നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു;
അവന്റെ നാവില്‍ നിന്നു, നീതി ഉതിരുന്നു.
ദൈവത്തിന്റെ നിയമം അവന്റെ
ഹൃദയത്തില്‍ കുടികൊള്ളുന്നു;
അവന്റെ കാലടികള്‍ വഴുതുന്നില്ല.

നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്;
കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,
കര്‍ത്താവ് അവരെ സഹായിക്കുകയും
വിമോചിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു
മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും;
കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.

നീതിമാന്റെ അധരങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അവിടുത്തെ വചനമാണ് സത്യം.
ഞങ്ങളെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 7:14-23
ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.

അക്കാലത്ത്, ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് യേശു പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന്‍ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്തി ഇല്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. അവന്‍ തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാല്‍, ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ തിന്മകളെല്ലാം ഉള്ളില്‍ നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളുടെ ബലഹീനതയില്‍ സഹായമായി
ഈ സൃഷ്ടവസ്തുക്കളെ അങ്ങ് രൂപപ്പെടുത്തിയല്ലോ.
അങ്ങനെ, ഇവ നിത്യതയുടെ കൂദാശയായിത്തീരാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 107:8-9

കര്‍ത്താവിന് അവിടത്തെ കാരുണ്യത്തെ പ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ നന്ദിപറയട്ടെ.
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തന് തൃപ്തിവരുത്തുകയും
വിശപ്പുള്ളവന് വിശിഷ്ടവിഭവങ്ങള്‍ കൊണ്ട്
സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.

Or:
മത്താ 5:5-6

വിലപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും
ചെയ്യുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ സംതൃപ്തരാകും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും
ഞങ്ങള്‍ പങ്കുകൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്നുകൊണ്ട്,
ലോകരക്ഷയ്ക്കായി ആനന്ദത്തോടെ
ഫലം പുറപ്പെടുവിക്കാന്‍ തക്കവിധം ജീവിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment