🔥 🔥 🔥 🔥 🔥 🔥 🔥
10 Feb 2022
Saint Scholastica, Virgin
on Thursday of week 5 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
ഇതാ, കത്തിച്ച വിളക്കുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
വിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക.
Or:
ക്രിസ്തുവിന്റെ കന്യകേ,
നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെ
കിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെ
സ്മരണ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ പുണ്യവതിയുടെ മാതൃകയാല്‍
നിഷ്‌കളങ്കമായ സ്‌നേഹത്തോടെ
അങ്ങയെ ഞങ്ങള്‍ ശുശ്രൂഷിക്കുകയും
അങ്ങേ സ്‌നേഹത്തിന്റെ ഫലം സന്തോഷത്തോടെ
ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 11:4-13
എന്റെ ഉടമ്പടിയും ഞാന്‍ നല്‍കിയ കല്‍പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍ നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും.
സോളമനു വാര്‍ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കര്‍ത്താവിനോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണവിശ്വസ്തത പാലിച്ചില്ല. സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്‌ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണമായി അനുഗമിച്ചില്ല. അവന്‍ ജറുസലെമിനു കിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്‌ളേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്‌ളേച്ഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികള്‍ നിര്‍മിച്ചു. തങ്ങളുടെ ദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും ചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.
രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവന്മാരെ സേവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് അവന്‍ അകന്നുപോവുകയും അവിടുത്തെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, അവിടുന്ന് അവനോടു കോപിച്ചു. കര്‍ത്താവ് സോളമനോട് അരുളിച്ചെയ്തു: നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാന്‍ നല്‍കിയ കല്‍പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍ നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും. എന്നാല്‍, നിന്റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിന്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിന്റെ മകന്റെ കരങ്ങളില്‍ നിന്ന് അതു ഞാന്‍ വേര്‍പെടുത്തും. രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എന്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും ഓര്‍ത്ത് നിന്റെ പുത്രന് ഒരു ഗോത്രം നല്‍കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 106:3-4,35-36,37,40
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
ന്യായം പാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. കര്‍ത്താവേ,
അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍
എന്നെ ഓര്‍ക്കണമേ!
അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍ എന്നെ സഹായിക്കണമേ!
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെ ആചാരങ്ങള്‍ ശീലിച്ചു.
അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു;
അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു.
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു.
കര്‍ത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു;
അവിടുന്നു തന്റെ അവകാശത്തെ വെറുത്തു.
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്ഥനും പ്രവർത്തികളിൽ കാരുണ്യവാനുമാണ്.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 7:24-30
നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ.
അക്കാലത്ത്, യേശു അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവു ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാല്‍ക്കല്‍ വീണു. അവള്‍ സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍ നിന്നു പിശാചിനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെനിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത് അവള്‍ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment