🔥 🔥 🔥 🔥 🔥 🔥 🔥
11 Feb 2022
Our Lady of Lourdes
or Friday of week 5 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
പരിശുദ്ധ അമ്മേ, സ്വസ്തി;
സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി.
സമിതിപ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ ബലഹീനതയില്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്കണമേ.
അങ്ങനെ, ദൈവത്തിന്റെ അമലോദ്ഭവ മാതാവിന്റെ
സ്മരണ ആഘോഷിക്കുന്ന ഞങ്ങള്‍,
ഈ മാതാവിന്റെ മധ്യസ്ഥസഹായത്താല്‍,
ഞങ്ങളുടെ പാപങ്ങളില്‍ നിന്ന് കരേറുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 11:29-32,12:19
ഇസ്രായേല്‍ ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
അക്കാലത്ത്, ഒരു ദിവസം ജറോബോവാം ജറുസലെമില്‍ നിന്നു പുറത്തുപോകവേ ഷീലോന്യനായ അഹിയാ പ്രവാചകന്‍ അവനെ കണ്ടുമുട്ടി. അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവര്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താന്‍ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി. അവന്‍ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സോളമന്റെ കൈയില്‍ നിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങള്‍ നിനക്കു തരും. എന്റെ ദാസനായ ദാവീദിനെയോര്‍ത്തും, ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തെയോര്‍ത്തും അവന് ഒരു ഗോത്രം നല്‍കും. അങ്ങനെ ഇസ്രായേല്‍ ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 81:9-10ab,11-12,13-14
നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്; എന്റെ വാക്ക് കേള്‍ക്കുക.
നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്;
ഒരന്യദൈവത്തെയും നീ വണങ്ങരുത്.
ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച
ദൈവമായ കര്‍ത്താവു ഞാനാണ്.
നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്; എന്റെ വാക്ക് കേള്‍ക്കുക.
എന്നാല്‍, എന്റെ ജനം എന്റെ വാക്കു കേട്ടില്ല;
ഇസ്രായേല്‍ എന്നെ കൂട്ടാക്കിയില്ല.
അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍
ഞാന്‍ അവരെ അവരുടെ ഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.
നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്; എന്റെ വാക്ക് കേള്‍ക്കുക.
എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍,
ഇസ്രായേല്‍ എന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍,
അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു;
അവരുടെ ശത്രുക്കള്‍ക്കെതിരേ എന്റെ കരം ഉയര്‍ത്തുമായിരുന്നു.
നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്; എന്റെ വാക്ക് കേള്‍ക്കുക.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലുയ!
കർത്താവേ, അങ്ങേ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 7:31-37
അവന്‍ ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
അക്കാലത്ത്, യേശു ടയിര്‍ പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍ കൈകള്‍ വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത – തുറക്കപ്പെടട്ടെ എന്നര്‍ഥം. ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 11:27
നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment