🔥 🔥 🔥 🔥 🔥 🔥 🔥
12 Feb 2022
Saturday of week 5 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 95:6-7
വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.
എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍
അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.
അങ്ങനെ, സ്വര്‍ഗീയ കൃപയുടെ
ഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,
അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 12:26-32,13:33-34
ജെറോബോവാം സ്വര്‍ണംകൊണ്ട് രണ്ടു കാളക്കുട്ടിയെ നിര്‍മ്മിച്ചു.
അക്കാലത്ത്, ജെറോബോവാം ആത്മഗതം ചെയ്തു: ദാവീദിന്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും. ഈ ജനം ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിന്റെ നേര്‍ക്ക് അവരുടെ മനസ്സു തിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും. അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട് അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ജനമേ, ഇതാ, ഈജിപ്തില്‍ നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്മാര്‍. അവന്‍ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു. ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്‌ക്കൊണ്ടിരുന്നു. അവന്‍ പൂജാഗിരികള്‍ ഉണ്ടാക്കി, ലേവി ഗോത്രത്തില്‍പ്പെടാത്തവരെ പുരോഹിതന്മാരാക്കി. യൂദായില്‍ ആഘോഷിച്ചിരുന്ന തിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്സവം ഏര്‍പ്പെടുത്തി, ബലിപീഠത്തില്‍ അവന്‍ ബലികളര്‍പ്പിച്ചു. താന്‍ നിര്‍മിച്ച കാളക്കുട്ടികള്‍ക്ക് ബഥേലില്‍ അവന്‍ ഇപ്രകാരം ബലിയര്‍പ്പിച്ചു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബഥേലില്‍ നിയമിച്ചു.
ജറോബോവാം അധര്‍മത്തില്‍ നിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലുംനിന്നു പൂജാഗിരികളില്‍ പുരോഹിതന്മാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവന്‍ പുരോഹിതന്മാരാക്കി. ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീര്‍ന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 106:6-7ab,19-20,21-22
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!
ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു;
ഞങ്ങള്‍ അനീതി പ്രവര്‍ത്തിച്ചു; ഞങ്ങള്‍ ദുഷ്ടതയോടെ പെരുമാറി.
ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തിലായിരുന്നപ്പോള്‍,
അങ്ങേ അദ്ഭുതങ്ങളെ ഗൗനിച്ചില്ല.
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!
അവര്‍ ഹോറബില്‍ വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി;
ആ വാര്‍പ്പുവിഗ്രഹത്തെ അവര്‍ ആരാധിച്ചു.
അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം
പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!
ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത
തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും
ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും
ചെയ്തവനെ അവര്‍ വിസ്മരിച്ചു.
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!
സുവിശേഷ പ്രഘോഷണവാക്യം
മത്താ.4/4.
അല്ലേലൂയ! അല്ലേലൂയ!
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത്.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 8:1-10
ജനം ഭക്ഷിച്ചു തൃപ്തരായി.
ആ ദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്. ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ പറഞ്ഞു. അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. കുറെ ചെറിയ മശ്ശേങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവന്‍ അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ ശിഷ്യന്മാരെ ഏല്‍പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു. ഭക്ഷിച്ചവര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവന്‍ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളുടെ ബലഹീനതയില്‍ സഹായമായി
ഈ സൃഷ്ടവസ്തുക്കളെ അങ്ങ് രൂപപ്പെടുത്തിയല്ലോ.
അങ്ങനെ, ഇവ നിത്യതയുടെ കൂദാശയായിത്തീരാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 107:8-9
കര്‍ത്താവിന് അവിടത്തെ കാരുണ്യത്തെ പ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ നന്ദിപറയട്ടെ.
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തന് തൃപ്തിവരുത്തുകയും
വിശപ്പുള്ളവന് വിശിഷ്ടവിഭവങ്ങള്‍ കൊണ്ട്
സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.
Or:
മത്താ 5:5-6
വിലപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും
ചെയ്യുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ സംതൃപ്തരാകും.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും
ഞങ്ങള്‍ പങ്കുകൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്നുകൊണ്ട്,
ലോകരക്ഷയ്ക്കായി ആനന്ദത്തോടെ
ഫലം പുറപ്പെടുവിക്കാന്‍ തക്കവിധം ജീവിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment