Latin Mass Readings Malayalam, Monday of week 6 in Ordinary Time / Saints Cyril and Methodius

🔥 🔥 🔥 🔥 🔥 🔥 🔥

14 Feb 2022

Saints Cyril, monk, and Methodius, Bishop 
on Monday of week 6 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം
ദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്ന ഈ വിശുദ്ധര്‍
ദിവ്യസത്യങ്ങളുടെ മഹത്ത്വമുള്ള പ്രഘോഷകരാണ്.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സഹോദരരായ വിശുദ്ധ സിറിളും
വിശുദ്ധ മെത്തോഡിയസും വഴി
സ്ലാവുജനതയെ പ്രകാശിപ്പിച്ചുവല്ലോ.
അങ്ങേ പ്രബോധനത്തിന്റെ വചനങ്ങള്‍ ഗ്രഹിക്കാന്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് അനുഗ്രഹം നല്കുകയും
സത്യവിശ്വാസത്തിലും ശരിയായ പ്രഖ്യാപനത്തിലും
ഹൃദയൈക്യമുള്ള ജനതയായി ഞങ്ങളെ
മാറ്റിയെടുക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യാക്കോ 1:1-11
വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ.

ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് അഭിവാദനം.
എന്റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും. നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന്.
സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്. സംശയമനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍ നിന്നു ലഭിക്കുമെന്നു കരുതരുത്. എളിയ സഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തില്‍ അഭിമാനിക്കട്ടെ.
ധനവാന്‍ താഴ്ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നു പോകും. സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന് പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞു വീഴുന്നു; സൗന്ദര്യം അസ്തമിക്കുകയും ചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞു പോകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:67,68,71,72,75,76

കര്‍ത്താവേ, ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

കഷ്ടതയില്‍പ്പെടുന്നതിനു മുന്‍പു ഞാന്‍ വഴിതെറ്റിപ്പോയി;
എന്നാല്‍, ഇപ്പോള്‍ ഞാന്‍ അങ്ങേ വചനം പാലിക്കുന്നു.
അവിടുന്ന് നല്ലവനും നന്മ ചെയ്യുന്നവനുമാണ്;
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

ദുരിതങ്ങള്‍ എനിക്കുപകാരമായി;
തന്മൂലം ഞാന്‍ അങ്ങേ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.
ആയിരക്കണക്കിനു പൊന്‍വെള്ളി നാണയങ്ങളെക്കാള്‍
അങ്ങേ വദനത്തില്‍ നിന്നു പുറപ്പെടുന്ന
നിയമമാണ് എനിക്ക് അഭികാമ്യം.

കര്‍ത്താവേ, ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

കര്‍ത്താവേ, അങ്ങേ വിധികള്‍ ന്യായയുക്തമാണെന്നും
വിശ്വസ്തത മൂലമാണ് അവിടുന്ന് എന്നെ
കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
ഈ ദാസന് അങ്ങു നല്‍കിയ വാഗ്ദാനമനുസരിച്ച്
അങ്ങേ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ!

കര്‍ത്താവേ, ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 8:11-13
എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്?

അക്കാലത്ത്, ഫരിസേയര്‍ വന്ന് യേശുവുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍ നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. അവന്‍ ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തല മുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല. അവന്‍ അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധരായ സിറിളിന്റെയും
മെത്തോഡിയസിന്റെയും സ്മരണദിനത്തില്‍
അങ്ങേ മഹിമയുടെ മുമ്പാകെ
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഉപവിയുടെ സ്‌നേഹത്തില്‍
അങ്ങയോട് രമ്യതപ്പെട്ട നവമാനവരാശിയുടെ അടയാളമായി
അവ ആയിത്തീരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. മര്‍ക്കോ 16:20

ശിഷ്യന്മാര്‍ പോയി സുവിശേഷം പ്രസംഗിച്ചു.
കര്‍ത്താവ് അവരോടു കൂടെ പ്രവര്‍ത്തിക്കുകയും
അടയാളങ്ങള്‍ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

എല്ലാ ജനതകളുടെയും പിതാവായ ദൈവമേ,
അങ്ങ് ഞങ്ങളെ ഒരേ അപ്പത്തിലും ഒരേ ആത്മാവിലും പങ്കുകാരാക്കുകയും
നിത്യമായ വിരുന്നിന് അവകാശികളാക്കുകയും ചെയ്തുവല്ലോ.
വിശുദ്ധരായ സിറിളിന്റെയും മെത്തോഡിയസിന്റെയും ഈ ആഘോഷത്തില്‍,
അങ്ങേ മക്കളുടെ ഗണം അതേവിശ്വാസത്തില്‍ നിലനിന്ന്,
നീതിയുടെയും സമാധാനത്തിന്റെയും രാജ്യം
ഒരുമിച്ച് പടുത്തുയര്‍ത്താന്‍ കനിവാര്‍ന്ന് അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s