Latin Mass Readings Malayalam, Thursday of week 6 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥
17 Feb 2022

Thursday of week 6 in Ordinary Time 
or The Seven Holy Founders of the Servite Order 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 31:3-4

എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യാക്കോ 2:1-9
ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ? എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു.

എന്റെ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ മോതിരമണിഞ്ഞു മോടിയുള്ള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോട് അവിടെ നില്‍ക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്?
എന്റെ പ്രിയ സഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ? എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നത് അവരല്ലേ? നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നത് അവരല്ലേ? നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയ നിയമം നിങ്ങള്‍ യഥാര്‍ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ പാപം ചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 34:1-6

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.

എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി;
സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

തൻ്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് സത്യത്തിൻ്റെ വചനത്താൽ, നമുക്ക് ജൻമം നൽകാൻ അവിടുന്ന് തിരുമനസ്സായി.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 8:27-33
നീ ക്രിസ്തുവാണ്… മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില്‍ ഒരുവന്‍ എന്നും പറയുന്നു. അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.
മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സം പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍ നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.


Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment