🔥 🔥 🔥 🔥 🔥 🔥 🔥
18 Feb 2022
Friday of week 6 in Ordinary Time
or Saint Kuriakose Elias Chavara, Priest
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 31:3-4
എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.
സമിതിപ്രാര്‍ത്ഥന
ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
യാക്കോ 2:14-24,26
ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതു പോലെ പ്രവൃത്തി കൂടാതെയുള്ള വിശ്വാസവും മൃതമാണ്.
എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്. എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം. ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു. മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചു തരേണ്ടതുണ്ടോ?
നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ? അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടുവെന്നും നിങ്ങള്‍ അറിയുന്നുവല്ലോ. അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്ന തിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു. ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തി കൂടാതെയുള്ള വിശ്വാസവും മൃതമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 112:1-2,3-4,5-6
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍
ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ ഭവനം സമ്പത്സമൃദ്ധമാകും;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കും.
പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും;
അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ
വ്യാപരിക്കുകയും ചെയ്യുന്നവനു നന്മ കൈവരും.
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും.
കര്‍ത്താവിന്റെ കല്‍പനകളില്‍ ആനന്ദിക്കുന്നവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
യേശു ക്രിസ്തുവിൻ്റെ വചനം പാലിക്കുന്ന വനിൽ സത്യമായും ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 8:34-9:1
ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും.
അക്കാലത്ത്, യേശു ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദൂതന്മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും. അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 78:29-30
അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.
Or:
യോഹ 3:16
അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment