Gospel of St. John Chapter 16 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16

1 നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.2 അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.3 അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും.4 അവരുടെ സമയം വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മിക്കാന്‍വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം

5 എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല.6 ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.7 എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും.8 അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -9 അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ,10 ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ,11 ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.12 ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല.13 സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.14 അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.15 പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.

ദുഃഖം സന്തോഷമായി മാറും

16 അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും.17 അപ്പോള്‍ അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ഥമെന്താണ്?18 അവര്‍ തുടര്‍ന്നു: അല്‍പസമയം എന്നതുകൊണ്ട് അവന്‍ എന്താണ് അര്‍ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.19 ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്‌സി ലാക്കി യേശു പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ?20 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.21 സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല.22 അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തു കളയുകയുമില്ല.23 അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.24 ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും.

ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു

25 ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെ അറിയിക്കും.26 അന്ന് നിങ്ങള്‍ എന്റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ഥിക്കാം എന്നു പറയുന്നില്ല.27 കാരണം, പിതാവുതന്നെ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.28 ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.29 അവന്റെ ശിഷ്യന്‍മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.30 നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.31 യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?32 എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.33 നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Gospel of St. John Chapter 16 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation”

  1. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.

    Liked by 1 person

Leave a comment