Gospel of St. John Chapter 17 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17

ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു.

1 ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!2 എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ.3 ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.4 അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി.5 ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.6 ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു.7 അവിടുന്ന് എനിക്കു നല്‍കിയതെല്ലാം അങ്ങില്‍നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു.8 എന്തെന്നാല്‍, അങ്ങ് എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.9 ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.10 അങ്ങേക്കുള്ളതെല്ലാം എന്‍േറതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു.11 ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!12 ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു. വിശുദ്ധലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരില്‍ ആരും നഷ്ടപ്പെട്ടിട്ടില്ല.13 എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂര്‍ണ തയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ്.14 അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്‍േറതല്ലാത്തതുപോലെ അവരും ലോകത്തിന്‍േറതല്ല.15 ലോകത്തില്‍നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്.16 ഞാന്‍ ലോകത്തിന്‍േറതല്ലാത്തതുപോലെ അവരും ലോകത്തിന്‍േറതല്ല.17 അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.18 അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.19 അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.20 അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്.21 അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.22 നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.23 അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ.24 പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ് എനിക്കു മഹത്വം നല്‍കി. അങ്ങ് എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.25 നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു.26 അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment