Latin Mass Readings Malayalam, Wednesday of week 7 in Ordinary Time / Saint Polycarp

🔥 🔥 🔥 🔥 🔥 🔥 🔥
23 Feb 2022
Saint Polycarp, Bishop, Martyr 
on Wednesday of week 7 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം
ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.


Or:
cf. ജ്ഞാനം 10:12

ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.

സമിതിപ്രാര്‍ത്ഥന

സമസ്തസൃഷ്ടികളുടെയും ദൈവമേ,
മെത്രാനായ വിശുദ്ധ പോളിക്കാര്‍പ്
രക്തസാക്ഷികളുടെ ഗണത്തില്‍ എണ്ണപ്പെടാന്‍
അങ്ങ് തിരുവുള്ളമായല്ലോ.
ഈ വിശുദ്ധന്റെ മാധ്യസ്ഥ്യംവഴി
ക്രിസ്തുവിന്റെ പാനപാത്രത്തില്‍
അദ്ദേഹത്തോടൊപ്പം പങ്കുചേര്‍ന്ന്,
പരിശുദ്ധാത്മാവു വഴി നിത്യജീവനിലേക്ക് ഞങ്ങള്‍
ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യാക്കോ 4:13-17
കര്‍ത്താവ് മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും.

സഹോദരരേ, ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ. നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍. നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: കര്‍ത്താവു മനസ്സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയും യഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളോ, ഇപ്പോള്‍ വ്യര്‍ഥ ഭാഷണത്താല്‍ ആത്മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്മയാണ്. ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 49:1-2,5-6,7-10

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

ജനതകളേ, ശ്രദ്ധിക്കുവിന്‍;
ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍.
എളിയവരും ഉന്നതരും ധനികരും ദരിദ്രരും
ഒന്നുപോലെ കേള്‍ക്കട്ടെ!

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത എന്നെ വലയം ചെയ്യുന്നു.
ക്‌ളേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും
സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില
ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
ജീവന്റെ വിടുതല്‍വില വളരെ വലുതാണ്;
എത്ര ആയാലും അതു തികയുകയുമില്ല.
എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ
കഴിയുന്നതെങ്ങനെ?

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

ജ്ഞാനിപോലും മരിക്കുന്നെന്നും
മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെ നശിക്കുമെന്നും
തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായി
ഉപേക്ഷിച്ചു പോകുമെന്നും അവര്‍ കാണും.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു; വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്ക് വരുന്നില്ല.

അല്ലേലൂയ!


സുവിശേഷം

മാര്‍ക്കോ 9:38-40
നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്.

അക്കാലത്ത്, യോഹന്നാന്‍ യേശുവിനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അദ്ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,
അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.


Or:
മത്താ 10:39

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ
വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment