🔥 🔥 🔥 🔥 🔥 🔥 🔥
25 Feb 2022
Friday of week 7 in * Ordinary Time
or Blessed Rani Maria, Virgin, Martyr*
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 13:6
കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.
എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
യാക്കോ 5:9a-12
ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു.
എന്റെ സഹോദരരേ, നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു. സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍. ഇതാ, പീഡ സഹിക്കുന്നവരെ ഭാഗ്യവാന്മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്റെ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടും അരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നുപറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 103:1-2,3-4,8-9,11-12
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ്
തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങയുടെ വചനമാണ് സത്യം; സത്യത്താൽ ഞങ്ങളെ വിശുദ്ധീകരിക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 10:1-12
ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
അക്കാലത്ത്, യേശു യൂദായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി വീണ്ടും പഠിപ്പിച്ചു. ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്? അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്. എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ച് വീണ്ടും അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 9:2-3
അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.
Or:
യോഹ 11:27
കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment