🔥 🔥 🔥 🔥 🔥 🔥 🔥
26 Feb 2022
Saturday of week 7 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 13:6
കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.
എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
യാക്കോ 5:13-20
നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.
പ്രിയ സഹോദരരേ, നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ളാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ. നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി പ്രാര്‍ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്. ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല. വീണ്ടും അവന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍ നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍ പാപിയെ തെറ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍ നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 141:1-2,3,8
കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ സന്നിധിയിലെ ധൂപാര്‍ച്ചനയായി സ്വീകരിക്കണമേ!
കര്‍ത്താവേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ!
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ!
എന്റെ പ്രാര്‍ഥന അങ്ങേ സന്നിധിയിലെ ധൂപാര്‍ച്ചനയായും
ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതു സായാഹ്നബലിയായും സ്വീകരിക്കണമേ!
കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ സന്നിധിയിലെ ധൂപാര്‍ച്ചനയായി സ്വീകരിക്കണമേ!
കര്‍ത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ!
എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ!
ദൈവമായ കര്‍ത്താവേ,
എന്റെ ദൃഷ്ടി അങ്ങേ നേരേ തിരിഞ്ഞിരിക്കുന്നു;
അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ സന്നിധിയിലെ ധൂപാര്‍ച്ചനയായി സ്വീകരിക്കണമേ!
സുവിശേഷ പ്രഘോഷണവാക്യം
മത്താ. 11/25.
അല്ലേലൂയ! അല്ലേലൂയ!
ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാധ നായ പിതാവ് വാഴ്‌ത്തപ്പെട്ടവനാകട്ടെ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 10:13-16
ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.
അക്കാലത്ത്, യേശു തൊട്ട് അനുഗ്രഹിക്കുന്നതിനു വേണ്ടി ശിശുക്കളെ അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോള്‍ യേശു കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. അവന്‍ ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു.
കർത്താവിന്റെ സുവിശേഷം.


Leave a comment