ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ

സുവിശേഷ ഭാഷ്യം
അത്മായ വീക്ഷണത്തിൽ

ഫെബ്രുവരി 27, 2022
നോമ്പ് ഒന്നാം ഞായർ

പുറ 24:12-18, പ്രഭാ 2:1-11
ഹെബ്രാ 2:10 – 18
വി. ലൂക്കാ 4 :1-13

ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ
🍁🍁🍁🍁🍁🍁🍁🍁🍁

സിസ്റ്റർ സോജാ മരിയ CMC
🌿🌿🌿🌿🌿🌿🌿🌿🌿

മനസ്സും ശരീരവും ആത്മാവും നോമ്പിന്റെ വിശുദ്ധ വഴികളിലേക്ക് പ്രവേശിക്കുകയാണിനി.

നാല്‍പ്പത് ദിവസം ഉപവസിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട് ഉപവാസത്തിന്റെയും പ്രയശ്ചിത്തത്തിന്റെയും ചാരം പൂശി ഒരു വീണ്ടുംജനനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ആഹ്വാനവുമായി വലിയ നോമ്പ്.!

പ്രലോഭനങ്ങള്‍ അതിജീവിക്കാനുള്ളവയാണ്

ക്രിസ്തുവിന്റെ പ്രലോഭനങ്ങള്‍ നല്‍കുന്ന പാഠം എന്താണ്? പ്രലോഭനങ്ങള്‍ എല്ലാം അതിജീവിക്കാനുള്ളവയാണ്, കീഴടങ്ങാന്‍ ഉള്ളവയല്ല എന്നുതന്നെ.
ദൈവത്തിന്റെ വഴികളില്‍ നിന്നും എന്നെ അകറ്റുന്ന എല്ലാറ്റിനേയും പ്രലോഭനത്തിന്റെ ഗണത്തില്‍ പെടുത്താമെന്ന് തോന്നുന്നു. ചെറുതായാലും വലുതായാലും അവയെ അതിജീവിക്കുക എന്നതാണു പ്രധാനം. ക്രിസ്തു പ്രലോഭനങ്ങളെ ജയിച്ചു മാതൃക ആയിരിക്കുന്നു. വിശക്കുന്നവന്റെ മുന്‍പില്‍ അപ്പം അടിയന്തിര ആവശ്യമാണ്/essential need. പക്ഷെ കല്ലുകളെ അപ്പമാക്കി ഭക്ഷിക്കുവാന്‍ തോന്നുന്നിടത്ത് അപകടമുണ്ട്. അടിസ്ഥാനപരമായി തോന്നുന്ന ആവശ്യങ്ങള്‍ പോലും പ്രലോഭനമായേക്കാം. അവയെ തിരിച്ചറിയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രലോഭനങ്ങളെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങളായി തെറ്റിദ്ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ആവശ്യങ്ങള്‍ മോഹങ്ങളിലേക്കും മോഹങ്ങള്‍ ദുര്‍മ്മോഹങ്ങളിലേക്കും നീണ്ടു പോയേക്കാം. ദുര്‍മ്മോഹങ്ങള്‍ ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. need satisfaction -ന് വേണ്ടി അസാധാരണമായ രീതിയില്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആത്മശോധന വളരെ അത്യാവശ്യം. അത് ആത്മീയ ആവശ്യങ്ങള്‍ ആണെങ്കില്‍ പോലും. പ്രലോഭനങ്ങളുടെ അപകടം അതില്‍ പതിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സദാ കരുതിയിരിക്കുക.

ഭൗതിക – മാനസിക – ആത്മീയ തലങ്ങളില്‍
പ്രലോഭനങ്ങള്‍ ഉണ്ട്

കല്ലുകളെ അപ്പം ആക്കി ഭക്ഷിക്കുവാന്‍ ഉള്ള പ്രലോഭനം മനുഷ്യന്‍ ഭൗതികതലത്തില്‍ നേരിടേണ്ടിവരുന്ന പ്രലോഭനങ്ങളെ സൂചിപ്പിക്കുന്നു. ആദ്യത്തെ പ്രലോഭനം ഭക്ഷണമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നാവിലെ രുചി നിയന്ത്രിക്കാനായാല്‍ നിങ്ങളെത്തന്നെ നിയന്ത്രിക്കുന്ന കലയില്‍ നിങ്ങള്‍ മുന്നേറിയിരിക്കുന്നു എന്ന് സാരം. ഭക്ഷണത്തെ/രുചിയെ നിയന്ത്രിക്കുന്നത് ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാനുള്ള എളുപ്പവഴിയാണ്. വിശുദ്ധാത്മാക്കളെല്ലാം തങ്ങളുടെ നാവിനെ നിയന്ത്രിച്ചിരുന്നതായി കാണാം. ചിലര്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചപ്പോള്‍ മറ്റു ചിലര്‍ വളരെ മിതമായി മാത്രം ഭക്ഷിച്ചു. വേറെ ചിലര്‍ രുചികരമായ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടുത്തി ഭക്ഷിച്ചതായും നാം വായിച്ചു മനസ്സിലാക്കുന്നു. അത്മീയവളര്‍ച്ചയില്‍ ഭക്ഷണത്തിന്റെ നിയന്ത്രണവും രുചിയുടെ ഉപേക്ഷയും പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതകള്‍ തന്നെ. ഇനിയും ‘ വേണ്ട ‘ എന്ന് വയ്ക്കാന്‍ മടിയുള്ള ഭക്ഷണമുണ്ടെങ്കില്‍ ഈ നോമ്പുകാലം അതിനെ അതിജീവിക്കാന്‍ ശ്രമിക്കാവുന്നതാണ്. കൊതി മൂലപാപങ്ങളില്‍ ഒന്നാണ് എന്നും ഓര്‍ക്കുക. കയ്പുള്ള പാവയ്ക്കയും കഴിക്കാന്‍ ബുദ്ധിമുട്ടുള്ള മുരിങ്ങക്കോലും ചവറുപോലെയുള്ള ഇലക്കറികളും ഈ നോമ്പ്കാലത്തെങ്കിലും ഇഷ്ട്ടപ്പെട്ട് ഭക്ഷിച്ചുതുടങ്ങുക. പരാതികള്‍ കൂടാതെ ഭക്ഷണം കഴിക്കാനും, ആസ്വദിച്ചു കൃതജ്ഞതയോടെ കഴിക്കാനും, ഒന്നും വെയ്സ്റ്റ് ആക്കി കളയാതിരിക്കാനുമുള്ള നല്ല ശീലങ്ങള്‍ നമ്മുടെ നോമ്പുകാലഅഭ്യസനങ്ങള്‍ ആക്കാം. ഒപ്പം, ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരുമായി പങ്കിടാനും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കാനും നാം പഠിക്കണം. നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.

ദേവാലയഗോപുരമുകളില്‍ നിന്നും ചാടി തന്റെ ശക്തി പ്രകടമാക്കാനുള്ള പ്രലോഭനം മാനസിക തലത്തില്‍ നമുക്കുണ്ടാകാവുന്ന പ്രലോഭനങ്ങളെ സൂചിപ്പിക്കുന്നു. ഇത് കൂടുതല്‍ സങ്കീര്‍ണമാണ്. മറ്റുള്ളവരെ ഞെട്ടിച്ചുകളയുന്ന ചില പ്രകടനങ്ങള്‍ ആരാണ് ഇഷ്ട്ടപ്പെടാത്തത്? എങ്ങനെയൊക്കെയാണ് ഞാന്‍ ശക്തി പ്രകടിപ്പിക്കുന്നത് എന്നൊന്ന് വിചിന്തനം ചെയ്യുന്നത് നമ്മെ സ്വബോധത്തിലേക്ക് നയിക്കും. അസാധാരണത്വങ്ങള്‍, അല്‍ഭുതങ്ങള്‍ തുടങ്ങിയവയോടുള്ള എന്റെ മനോഭാവം എന്താണ്? എടുക്കുന്ന തീരുമാനങ്ങളിലും പൂര്‍ത്തീകരിക്കുന്ന ഉത്തരവാദിത്വങ്ങളിലും ചെയ്യുന്ന സഹായങ്ങളിലും എല്ലാം മനസ്സിന്റെ ഉദ്ദേശ്യം വളരെ പ്രധാനമാണ്. നിയോഗ ശുദ്ധി എന്നൊരു പദം ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ച് കാണാറില്ല. ദൈവസന്നിധിയില്‍ പ്രവൃത്തികളുടെ സ്വീകാര്യതയ്ക്ക് ഏറ്റവും ആവശ്യം പക്ഷെ അതാണ്. ഞാന്‍ വലുതാണ്, ശക്തിയുള്ളവനാണ് എന്ന് എങ്ങനെയെങ്കിലും കാണിക്കണമെന്ന് തോന്നുന്നത് മനസ്സിന്റെ ഭയപ്പാടില്‍ നിന്നുമാണ്. വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും നാം മറ്റുള്ളവരേക്കാള്‍ വലിയവരാകാന്‍ ശ്രമിക്കുന്നത് അവരെ ചെറുതാക്കിയിട്ട് വേണോ? നന്മ നിറഞ്ഞ നിയോഗങ്ങള്‍ അകത്തും പുറത്തും നമ്മെ കൂടുതല്‍ ശുദ്ധരാക്കും.

ദൈവത്തിനു പകരം മറ്റൊന്നിനെ ആരാധിച്ചു തിന്‍മയ്ക്ക് അടിപ്പെട്ടുപോകുന്ന മനുഷ്യന്‍ ആത്മീയ തലത്തിലും പ്രലോഭനങ്ങള്‍ക്ക് വശംവദനാണ്. സത്യദൈവമല്ലാത്ത എന്തിനെയെങ്കിലും ആരാധനയ്ക്കായി പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ അത് ഒന്നാം പ്രമാണലംഘനവുമാണ്. സ്വയം ശൂന്യവല്‍ക്കരണത്തിന്റെ പാതയെ ക്രിസ്തു സ്വീകരിച്ചത് അവന്റെ ജീവിത പാതയില്‍ മറ്റൊരു distractions ഉം ഉണ്ടാകാതിരിക്കാനാണ്. ഏറ്റവും ശൂന്യനായാല്‍ പിന്നെ മറ്റെന്തിനാണ് അയാളെ തോല്‍പ്പിക്കാനാവുക? ആത്മീയ ജീവിതത്തിലെ പ്രലോഭനങ്ങളില്‍ മറുമരുന്ന് ഈ ശൂന്യവത്കരണം തന്നെ.

പ്രലോഭനങ്ങളെ നേരിടാനുള്ള ആയുധം ദൈവവചനം

ക്രിസ്തു തന്റെ പ്രലോഭനങ്ങളെ നേരിടുന്നതും പിശാചിനെ ദൂരേയ്ക്ക് ഓടിക്കുന്നതും ദൈവ വചനം ഉപയോഗിച്ച് കൊണ്ടാണ്. തിരുവചനം അതില്‍ തന്നെ ജീവനാകയാല്‍ വെറുതെയുള്ള പാരായണം പോലും ഫലവത്താണ്. അത് വിത്താണ്, അനുകൂലസാഹചര്യങ്ങളില്‍ ഫലം നല്‍കുക തന്നെ ചെയ്യും. അത് മഴപോലെയാണ് , ഫലശൂന്യമായി തിരിച്ചുവരില്ല. ദൈവവചനവായനയും പഠനവും മനനവും ബോധ- അബോധ മനസ്സുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടെയിരിക്കും. തക്കസമയത്ത് അത് വ്യക്തിയില്‍ ആക്റ്റീവ് ആകും. ക്രിസ്തു ശിഷ്യന്‍ തിരുവചനമാകുന്ന വാള്‍ എടുക്കണമെന്നു വി. പൗലോസും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നോമ്പുകാലം തിരുവചനത്തില്‍ അടയിരിക്കുനതിനുള്ള സമയം കൂടിയാകട്ടെ. വചനം കൊണ്ട് പ്രലോഭനങ്ങളെ നേരിട്ടാല്‍ ജയം നമ്മുടെ പക്ഷത്ത് തന്നെ. നമ്മള്‍ പെട്ടെന്ന് പ്രലോഭനങ്ങളില്‍ വീണുപോകുന്ന വളരെ ബലം കുറഞ്ഞവരാണെന്ന് മറ്റാരേക്കാളും മനസ്സിലാക്കിയിരിക്കുന്നത് ക്രിസ്തു തന്നെയാകണം. അതുകൊണ്ടാവാം അവന്‍ പഠിപ്പിച്ച ഒരേ ഒരു പ്രാര്‍ത്ഥനയിലും അവന്റെ വിടവാങ്ങല്‍ പ്രാര്‍ത്ഥനയിലും പ്രലോഭനത്തില്‍ നിന്നും രക്ഷിക്കണേ എന്ന് അവന്‍ പ്രാര്‍ത്ഥിക്കുന്നത്.
*****
ഇന്നത്തെ വചനവെളിച്ചത്തില്‍ ഈ നോമ്പില്‍ practise ചെയ്യാന്‍ പറ്റിയ ചില അഭ്യസനങ്ങള്‍:

– നാവിന്റെ രുചിയെ നിയന്ത്രിക്കുന്നതിനായി ചില ആശയടക്കങ്ങള്‍

– മനസ്സിന്റെ പരിശുദ്ധിയ്ക്കായി ശുദ്ധനിയോഗങ്ങള്‍

– ആത്മീയ ശക്തിയ്ക്കായി തിരുവചന പഠനവും മനനവും.

‘മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കാൻ വേണ്ട ശക്തി അവിടുന്ന് നിങ്ങൾക്കു നല്കും.’
(1 കോറിന്തോസ് 10 : 13)

അനുഗ്രഹപ്രദമായ നോമ്പുകാലം, ഏവര്‍ക്കും!
✝️ ✝️ ✝️ ✝️ ✝️

(എറണാകുളം സെ. ജോസഫ്സ് ട്രെയിനിംഗ് കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമാണ് ലേഖിക)
….……………………………………
Publisher
Fr. Paul Kottackal (Sr)
Email frpaulkottackal@gmail.com
homilieslaity.com

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment