Letter to the Romans Chapter 8 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8

ആത്മാവിലുള്ള ജീവിതം.

1 ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.2 എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.3 ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.4 ഇത് ശരീരത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മില്‍ നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്.5 എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്‌സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളില്‍ മനസ്‌സുവയ്ക്കുന്നു.6 ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.7 ജഡികതാത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്‌സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല.8 ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.9 ദൈവത്തിന്റെ ആത്മാവ്‌യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്ത വന്‍ ക്രിസ്തുവിനുള്ളവനല്ല.10 എന്നാല്‍, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുള്ള തായിരിക്കും.11 യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.12 ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജ ഡത്തിനു കടപ്പെട്ടവരല്ല.13 ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.14 ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്.15 നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്.16 നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു.17 നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

വെളിപ്പെടാനിരിക്കുന്ന മഹത്വം.

18 നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു.19 സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.20 അതു വ്യര്‍ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം.21 സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.22 സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം.23 സൃഷ്ടി മാത്രമല്ല, ആത്മാവിന്റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.24 ഈ പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാല്‍ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍ എന്തിനു പ്രത്യാശിക്കണം?25 എന്നാല്‍, കാണാത്തതിനെയാണു നാംപ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.26 നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.27 ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ്‌ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്.28 ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.29 അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്.30 താന്‍മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

ദൈവസ്‌നേഹപാരമ്യം.

31 ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?32 സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?33 ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക?34 മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.35 ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?36 ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.37 നമ്മെ സ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.38 എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ39 ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment