March Devotion, March 06

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ആറാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു”
(മത്തായി 1:19).

പിതൃവാല്‍സല്യത്തിന്റെ പിതാവ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്ന മഹനീയ സ്ഥാനം വി. യൗസേപ്പ് അലങ്കരിക്കുന്നു. അക്കാരണത്താല്‍ മാര്‍ യൗസേപ്പ്, പിതാവായ ദൈവത്തോട് സദൃശനാണ്. ഈശോമിശിഹ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. പിതാവായ ദൈവം അവിടുത്തെ ദിവൃസുതന്‍റെ വളര്‍ത്തുപിതാവ് എന്ന മഹോന്നത സ്ഥാനത്തിനര്‍ഹനായി തെരഞ്ഞെടുത്തത് വി.യൗസേപ്പിനെയാണെന്നുള്ളത് എത്ര അത്ഭുതാവഹമാണ്.

വി. യൗസേപ്പ് ഈശോമിശിഹായുടെ ജനനദാതാവല്ല. എങ്കിലും പിതാവിനു തുല്യമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. ദൈവീക പദ്ധതിയനുസരിച്ച് തിരുകുമാരന്‍റെ ശാരീരികമായ സംരക്ഷണത്തിലും, ശിക്ഷണത്തിലും പരിലാളനയിലും വി. യൗസേപ്പിന് ഒരു പങ്കു വഹിക്കുവാനുണ്ടായിരുന്നു. ഉണ്ണീശോയുടെ ജീവന്‍ അപകടത്തിലായ അവസരങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പ് അതീവ തീക്ഷ്ണതയോടും ധൈര്യത്തോടും വിവേകത്തോടും കൂടി പ്രവര്‍ത്തിച്ച് തിരുകുമാരനെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നു.

ദിവ്യശിശുവിന്‍റെ ബാല്യകാല ശിക്ഷണത്തില്‍ സാധാരണ പിതാക്കന്‍മാരെപ്പോലെ വിശുദ്ധ യൗസേപ്പ് ശ്രദ്ധ പതിച്ചിരുന്നിരിക്കണം. ദിവ്യകുമാരനെ അനേകം പ്രാവശ്യം സ്വകരങ്ങളില്‍ എടുക്കുകയും സ്നേഹപൂര്‍വ്വം ചുംബിക്കുകയും പിതൃവാത്സല്യത്തോടെ അവിടുത്തെ ലാളിക്കുകയും ചെയ്തിരുന്നപ്പോഴെല്ലാം വിശുദ്ധ യൗസേപ്പിന് അപാരമായ സന്തോഷം ഉളവായി.

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കാരണത്താല്‍ ഈശോയുമായി അഗാഢമായ ഐകൃം സംസ്ഥാപിതമായി. ദൈവശാസ്ത്രപരമായി പറയുകയാണെല്‍ ഉപസ്ഥിതി ബന്ധത്തിന്‍റെ (hypostatic union) മണ്ഡലത്തിലാണ് ദൈവമാതാവിനോടും ദൈവകുമാരനോടും കൂടി വിശുദ്ധ യൗസേപ്പ് ജീവിച്ചത്. വി. യൗസേപ്പ് നിരന്തരം ഈശോയോടു കൂടിയും ഈശോയ്ക്കു വേണ്ടിയുമാണ് ജീവിച്ചത്.

തന്നിമിത്തം ദൈവകുമാരന്‍റെ അനന്തമായ വിശുദ്ധിയിലും വിശുദ്ധ യൗസേപ്പ് ഭാഗഭാക്കായി. അദ്ദേഹം തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദൈവകുമാരനെ പോറ്റിയത്. ഈശോ വിശുദ്ധ യൗസേപ്പിനെ അനുസരിച്ചിരുന്നു. കൂടാതെ നമ്മുടെ പ്രിയപ്പെട്ട യേശു മാര്‍ യൗസേപ്പിന്‍റെ തൊഴിലാണ് ചെയ്തിരുന്നത്. ആ തൊഴില്‍ അദ്ദേഹം ദിവ്യകുമാരനെയും അഭ്യസിപ്പിച്ചു എന്ന്‍ നിസംശയം അനുമാനിക്കാം.

“എന്‍റെ നാമത്തില്‍ ഒരു പാത്രം പച്ചവെള്ളം കുടിക്കാന്‍ കൊടുക്കുന്നവന് അവന്‍റെ പ്രതിഫലം നഷ്ടമാവുകയില്ല”എന്ന്‍ ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ വിശുദ്ധ യൗസേപ്പിന് ഈശോമിശിഹാ എത്രമാത്രം ദാനങ്ങളും വരങ്ങളും നല്‍കിയിട്ടുണ്ടാകുമെന്ന് ചിന്തിച്ചു നോക്കുക. വിശുദ്ധ യൗസേപ്പ് ഇപ്പോഴും പിതൃസഹജമായ അധികാരത്തോടു കൂടിത്തന്നെ ഈശോ മിശിഹായോട് നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിനെ നമ്മുടെ പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങുന്നതില്‍ ദൈവീകമായ ഒരര്‍ത്ഥമുണ്ട്.

സംഭവം
🔶🔶🔶

സാമാന്യം ധനസ്ഥിതിയുള്ള ഒരു സ്ത്രീ തന്‍റെ സമ്പാദ്യമെല്ലാം ചിലവഴിച്ചു ഏക മകനെ പഠിപ്പിച്ചു. മകന്‍ ഉന്നത ബിരുദം സമ്പാദിച്ചുവെങ്കിലും എന്തെങ്കിലും ഉദ്യോഗം ലഭിക്കാന്‍ കഴിയാതെ വന്നതില്‍ ആ കുടുംബം തീര്‍ത്തു നിരാശരായി. രണ്ടുമൂന്നു വര്‍ഷങ്ങള്‍ ഇങ്ങനെ കഴിഞ്ഞപ്പോഴേക്കും ആ കുടുംബം തികച്ചും നിര്‍ധനാവസ്ഥ പ്രാപിച്ചുകഴിഞ്ഞു. ഇനി താന്‍ ഒരിക്കലും വീട്ടിലേയ്ക്കും വരികയില്ല എന്നു പറഞ്ഞ് ആ യുവാവ് വീടു വിട്ടിറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞു. പുത്രനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ക്ലേശിച്ച അമ്മ വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള ഒരു ദേവാലയത്തില്‍ കയറി പുണൃവാനോട് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ജോലിയില്ലാതെ പട്ടിണി കിടന്ന യുവാവ് അതേസമയം ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഒരു ധനിക കുടുംബത്തില്‍ ചെന്ന്‍ യാചിച്ചു. എന്നാല്‍ അവര്‍ അയാള്‍ക്ക് യാതൊന്നും കൊടുത്തില്ല എന്നു മാത്രമല്ല, അയാളെ ആ വീട്ടുകാര്‍ ഉപദ്രവിച്ചു ഇറക്കിവിട്ടു.

യാതൊരു ആശ്രയവുമില്ലാതെ കണ്ണുനീരോടെ അയാള്‍ ഗെയിറ്റ് കടന്നിറങ്ങുമ്പോള്‍ നല്ലൊരു ബാഗും പിടിച്ച് ഒരു യുവാവ് കടന്നുവരുന്നു. അവന്‍ സൂക്ഷിച്ചുനോക്കി. കോളേജില്‍ തന്നോടൊപ്പം പഠിച്ച കൂട്ടുകാരന്‍. ആ ധനികകുടുംബത്തിലെ ഏക അവകാശിയാണ് അയാള്‍. ദൂരസ്ഥലത്ത് ഉദ്യോഗമുള്ള അയാള്‍ അവധിക്കു വീട്ടില്‍ വന്നതാണ്. നിരാലംബനായ തന്‍റെ സഹപാഠിയുടെ കഥ കേട്ടപ്പോള്‍ അയാള്‍ വ്യസനിച്ചു. തന്‍റെ വീട്ടുകാര്‍ അവനോടു ചെയ്ത ദ്രോഹത്തിന് മാപ്പു ചോദിച്ചു. എന്നുമാത്രമല്ല പിന്നീട് അഭ്യസ്ഥവിദ്യനും തൊഴില്‍ രഹിതനുമായ തന്‍റെ സഹപാഠിക്ക് ഒരു നല്ല ജോലി സമ്പാദിച്ചു കൊടുക്കുകയും ചെയ്തു.

ജപം
🔶🔶

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാക്കട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,

( മിശിഹായെ… )

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

( ഞങ്ങളെ അനുഗ്രഹിക്കണമേ )

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 0️⃣6️⃣⚜️⚜️⚜️⚜️
വിശുദ്ധ കോളെറ്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1381 ജനുവരി 13ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലുള്ള കാല്‍സിയിലെ ബോയിലെറ്റെ എന്ന മരപ്പണിക്കാരന്റെ മകളായിട്ടായിരുന്നു വിശുദ്ധ ജനിച്ചത്. കോളെറ്റ് വളരെയേറെ സുന്ദരിയായിരുന്നു. മിറായിലെ വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തിമൂലം വിശുദ്ധയുടെ മാതാപിതാക്കള്‍ അവള്‍ക്ക് നിക്കോളെറ്റ് എന്ന നാമമാണ് നല്‍കിയത്. അവള്‍ക്ക് 17 വയസ്സായപ്പോള്‍ ആശ്രമാധിപതിയുടെ സംരക്ഷണത്തില്‍ അവളെ ഏല്‍പ്പിച്ചുകൊണ്ട് വിശുദ്ധയുടെ മാതാപിതാക്കള്‍ മരണമടഞ്ഞു.

ബെഗൂയിന്‍സിന്റേയും, ബെനഡിക്ടന്‍ സഭയിലുമായി തന്റെ ആത്മീയ ജീവിതം ആരംഭിക്കുവാന്‍ വിശുദ്ധ ശ്രമിച്ചുവെങ്കിലും അവള്‍ അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന്‍ അവള്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തതിനു ശേഷം വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. അവള്‍ക്ക് 21 വയസ്സായപ്പോള്‍, ആശ്രമാധിപ കോള്‍ബെറ്റിന് കോര്‍ബി ദേവാലയത്തിനു സമീപത്തെ ഒരു ആശ്രമം നല്‍കി. അവള്‍ അവിടെ വളരെ അച്ചടക്കത്തോട് കൂടിയ ആശ്രമ ജീവിതമാരംഭിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും അവള്‍ വളരെയേറെ പ്രസിദ്ധയാര്‍ജിച്ചു കഴിഞ്ഞിരുന്നു.

ആളുകള്‍ നിരന്തരം വിശുദ്ധയുടെ ഉപദേശം തേടി വരുവാന്‍ തുടങ്ങി. ‘വിശുദ്ധ ക്ലാരയുടെ ഒന്നാം നിയമം’ അതിന്റെ പരിപൂര്‍ണ്ണമായ അച്ചടക്കത്തോട്കൂടി വീണ്ടെടുക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് അവളെ ചുമതലപ്പെടുത്തുന്നതായി വിശുദ്ധക്കു ദര്‍ശനം ലഭിച്ചു. എന്നാല്‍ ഇതത്ര കാര്യമാക്കാതിരുന്ന വിശുദ്ധ അതിനായി യാതൊന്നും ചെയ്തില്ല, അതേതുടര്‍ന്ന്‍ മൂന്ന്‍ ദിവസത്തോളം അന്ധയും, മൂന്ന് ദിവസത്തോളം ഊമയുമായി വിശുദ്ധക്ക് കഴിയേണ്ടി വന്നു. അവളുടെ ആദ്ധ്യാത്മികനിയന്താവായ ഫാ. ഹെന്രി ഡെ ബൗമയുടെ പ്രോത്സാഹനത്തോട്കൂടി, 1406-ല്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധ ആ ആശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വിശുദ്ധ നൈസിലേക്ക് പോയി, കീറി തുന്നിയ ഒരു പഴയ സഭാവസ്ത്രവും ധരിച്ചു നഗ്നപാദയായിട്ടാണ് വിശുദ്ധ പോയത്.

മതഭിന്നതയുടെ കാലത്ത് ഫ്രഞ്ച്കാര്‍ ബെനഡിക്ട് പതിമൂന്നാമന്‍ എന്നപേരില്‍ മാര്‍പാപ്പായേപോലെ കണ്ടിരുന്ന പീറ്റര്‍ ഡെ ലൂണായേ കാണുവാനായിട്ടായിരുന്നു വിശുദ്ധ പോയത്. അദ്ദേഹം വിശുദ്ധയെ സ്വാഗതം ചെയ്യുകയും ‘പാവപ്പെട്ടവരുടെ ക്ലാര’ എന്ന് പരസ്യമായി വിളിക്കുകയും ചെയ്തു. വിശുദ്ധയുടെ ആശയങ്ങളില്‍ വളരെയേറെ ആകൃഷ്ടനായ അദ്ദേഹം വിശുദ്ധയേ മിനോറെസെസ്സിലെ എല്ലാ മഠങ്ങളുടേയും അധിപയായി നിയമിച്ചു. തുടക്കത്തില്‍ വിശുദ്ധക്ക് വളരെ കഠിനമായ എതിര്‍പ്പ് നേരിടേണ്ടതായി വരികയും, മതഭ്രാന്തിയെന്നു വിളിക്കപ്പെടുകയും, മന്ത്രവാദിനിയെന്ന്‍ മുദ്രകുത്തുപ്പെടുകയും ചെയ്തു. എന്നാല്‍ അവള്‍ ആ ആരോപണങ്ങളേയും, ശാപങ്ങളേയും ക്ഷമയോട്കൂടി നേരിട്ടു. ക്രമേണ സാവോയിയില്‍ ചിലമാറ്റങ്ങള്‍ കണ്ടു തുടങ്ങി.

പ്രത്യേകിച്ച് അവിടെ വിശുദ്ധയുടെ നവീകരണങ്ങളോട് അനുഭാവമുള്ളവരേയും, പുതിയ അംഗങ്ങളേയും വിശുദ്ധക്ക് ലഭിച്ചു. വിശുദ്ധ കോളെറ്റിന്റെ നവീകരണങ്ങള്‍ ബുര്‍ഗുണ്ടി, ഫ്രാന്‍സ്, ഫ്ലാണ്ടേഴ്സ്, സ്പെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഹെന്രി ഡെ ബൗമയുടെ സഹായത്തോട് 1410-ല്‍ ‘പാവപ്പെട്ടവരുടെ ക്ലാര’സഭയുടെ ഭവനത്തില്‍ വിശുദ്ധയുടെ, പുതിയ നിയമങ്ങള്‍ സ്വീകരിച്ചു. ഇതിനിടയില്‍ മാര്‍പാപ്പാമാരുടെ ഭിന്നത നീക്കുവാനുള്ള വിശുദ്ധ വിന്‍സെന്റ്‌ ഫെറെറിന്റെ ശ്രമത്തില്‍ വിശുദ്ധ അദ്ദേഹത്തെ സഹായിച്ചു. വിശുദ്ധ കോളെറ്റ് 17-ഓളം പുതിയ സന്യാസിനീ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഇതിനു പുറമേ ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ഉള്‍പ്പെടെ നിരവധി ഭവനങ്ങള്‍ നവീകരിക്കുകയും ചെയ്തു.

വിശുദ്ധയുടെ ഏറ്റവും പ്രസിദ്ധമായ മഠമായിരുന്നു ലെ പുയി-എന്‍-വെലെ (ഹൌറ്റ്‌-ലോയിറെ), ഈ മഠത്തിന്റെ പ്രവര്‍ത്തനം ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് പോലും തടസ്സപ്പെട്ടിട്ടില്ലായിരുന്നുവെന്നത് ചരിത്രസത്യമാണ്. താന്‍ നിയോഗിക്കപ്പെട്ട ദൗത്യത്തിനായി വിശുദ്ധ കോളെറ്റിനു യാതൊരുവിധ പരിശീലനമോ, തയ്യാറെടുപ്പോ ലഭിച്ചിട്ടില്ലായിരുന്നു. തന്റെ വിശുദ്ധിയും വിശ്വാസവും വഴിയാണ് വിശുദ്ധക്ക് അതിനുള്ള ശക്തി ലഭിച്ചത്. കൂടാതെ ഒരു എതിര്‍പ്പിനും തകര്‍ക്കാന്‍ പറ്റാത്ത ദൃഡനിശ്ചയവും അവള്‍ക്കുണ്ടായിരിന്നു. അവളുടെ എളിമയും, നന്മയും വഴി ബൗര്‍ബോണിലെ ജെയിംസ്, ബുര്‍ഗുണ്ടിയിലെ ഫിലിപ്പ് തുടങ്ങിയ നിരവധി ഉന്നതരായ ആളുകള്‍ വരെ വിശുദ്ധയുടെ വാക്കുകള്‍ പിഞ്ചെല്ലാന്‍ തുടങ്ങി.

വിശുദ്ധ ഫ്രാന്‍സിസിനേപോലെ വിശുദ്ധ കോളെറ്റിനും യേശുവിന്റെ സഹനങ്ങളോട് അപാരമായ ഭക്തിയുണ്ടായിരുന്നു. മൃഗങ്ങളോടുപോലും വിശുദ്ധ ദയയും ശ്രദ്ധയും കാണിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഉപവസിക്കുകയും യേശുവിന്റെ പീഡനങ്ങളേക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക പതിവായിരുന്നു.

നിരവധി മഠങ്ങള്‍ സ്ഥാപിച്ച വിശുദ്ധ ഫ്ലാണ്ടേഴ്സില്‍ വെച്ച് രോഗത്തിന് അടിപ്പെട്ടു. തന്റെ മരണത്തെക്കുറിച്ച് അവള്‍ക്ക് ബോധ്യം ലഭിക്കുകയും തന്റെ അന്ത്യകൂദാശകള്‍ യഥാവിധി സ്വീകരിക്കുകയും ചെയ്തു. വിശുദ്ധക്ക് 67 വയസ്സായപ്പോള്‍ ഘെന്റിലെ മഠത്തില്‍ വെച്ച് വിശുദ്ധ മരണമടഞ്ഞു. ചക്രവര്‍ത്തിയായ ജോസഫ് രണ്ടാമന്‍ ആത്മീയ ഭവനങ്ങള്‍ നശിപ്പിച്ചു കൊണ്ടിരുന്ന കാലമായതിനാല്‍ വിശുദ്ധയുടെ മൃതശരീരം സന്യാസിനീമാര്‍ പോളിഗ്നി മഠത്തിലേക്ക് മാറ്റി. 1807-ല്‍ അവള്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

‘പാവങ്ങളുടെ ക്ലാര’ സഭയിലെ ഒരു ശാഖ ഇപ്പോഴും ‘കോളെറ്റിന്‍സ്’ എന്നാണ് അറിയപ്പെടുന്നത്. ചില ചിത്രങ്ങളില്‍ ഒരു ക്രൂശിതരൂപവും, ഒരു കൊളുത്തും പിടിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലും, ഒരു അരുവിയില്‍ കൂടി അത്ഭുതകരമായി നടന്നുപോകുന്ന രീതിയിലും വിശുദ്ധയെ ചിത്രീകരിച്ചിട്ടുണ്ട്. ഘെന്റ്, കോര്‍ബീ എന്നീ സ്ഥലങ്ങളില്‍ വിശുദ്ധയെ ഭക്തിപൂര്‍വ്വം വണങ്ങി വരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. സ്കോട്ട്ലന്‍റിലെബാള്‍ഡ്രെഞ്ച്

2. ബൊളോഞ്ഞോ ബിഷപ്പായ ബാസില്‍

3. വിക്ടര്‍, വിക്ടോറിനൂസ്, ക്ലൌഡിയന്‍, ബാസ്സോ

4.ലിന്‍റിസുഫാണിലെ ബില്‍ഫ്രിഡ്

5. സ്കോട്ടുലന്‍റിലെ കാഡ്രോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച്‌ ചിന്തിക്കൂ; അവിടുന്ന്‌ വളഞ്ഞതായി നിര്‍മിച്ചത്‌ നേരെയാക്കാന്‍ ആര്‍ക്കു സാധിക്കും?
സഭാപ്രസംഗകന്‍ 7 : 13

അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അവിടുന്നാണ്‌ എന്റെ ദൈവം!
അങ്ങയുടെ നല്ല ആത്‌മാവ്‌ എന്നെനിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!
കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതിഎന്റെ ജീവന്‍ പരിപാലിക്കണമേ!
അങ്ങയുടെ നീതിയാല്‍ എന്നെദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 143 : 10-11

മഹത്വവും ആനന്‌ദവും സന്തോഷവുംആഹ്ലാദത്തിന്റെ മകുടവുമാണ്‌കര്‍ത്താവിനോടുള്ള ഭക്‌തി.
പ്രഭാഷകന്‍ 1 : 11

അത്‌ ഹൃദയത്തെ ആനന്‌ദിപ്പിക്കുന്നു;
സന്തോഷവും ആനന്‌ദവും ദീര്‍ഘായുസ്‌സും പ്രദാനംചെയ്യുന്നു.
പ്രഭാഷകന്‍ 1 : 12

കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും;
മരണദിവസം അവന്‍ അനുഗൃഹീതനാകും.
പ്രഭാഷകന്‍ 1 : 13

കര്‍ത്താവിനോടുള്ള ഭക്‌തി
ജ്‌ഞാനത്തിന്റെ ആരംഭമാകുന്നു;
മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്‌ടിക്കപ്പെടുന്നു.
പ്രഭാഷകന്‍ 1 : 14

മനുഷ്യരുടെ ഇടയില്‍ അവള്‍നിത്യവാസം ഉറപ്പിച്ചു;
അവരുടെ സന്തതികളോട്‌ അവള്‍ വിശ്വസ്‌തത പുലര്‍ത്തും.
പ്രഭാഷകന്‍ 1 : 15

കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനത്തിന്റെ
പൂര്‍ണതയാണ്‌; അവള്‍ തന്റെ സത്‌ഫലങ്ങള്‍ കൊണ്ടു മനുഷ്യരെ തൃപ്‌തരാക്കുന്നു.
പ്രഭാഷകന്‍ 1 : 16

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s