നോമ്പുകാല വചനതീർത്ഥാടനം -7

നോമ്പുകാല
വചനതീർത്ഥാടനം -7

വി. മർക്കോസ് 8 : 34
” ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. “

യേശുവിനെ അനുഗമിക്കുകയെന്നാൽ അവിടുത്തെ പ്രബോധനമനുസരിച്ച് നന്മപ്രവൃത്തികളിൽ വ്യാപരിച്ച് ജീവിക്കുകയെന്നതാണ്. എന്താണ് അല്ലെങ്കിൽ എന്തിനെയാണ് നമ്മൾ നന്മയെന്നു വിശേഷിപ്പിക്കേണ്ടതു്? തിന്മയുടെ അഭാവമാണോ നന്മ? അങ്ങനെയെങ്കിൽ കൊലപാതകം ചെയ്യാത്തവനെയും കള്ളം പറയാത്തവനെയും മോഷ്ടിക്കാത്തവനെയും കള്ളു കുടിക്കാത്തവനെയും നല്ലവനെന്നു വിളിക്കേണ്ടിവരും. പക്ഷേ, അയാൾ എന്തു ചെയ്യുന്നു എന്ന് ചിന്തിക്കാതെ ചില പ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞു നില്ക്കുന്നതുകൊണ്ടു മാത്രം നന്മയിൽ ജീവിക്കുന്നു എന്നു പറയുന്നത് ഭോഷത്തമാണ്. ജീവിതത്തിൽ നമ്മുടെ സ്വത്വത്തിന്റെ പ്രചോദനമനുസരിച്ച് നമ്മൾതന്നെയാകാൻ ചെയ്യുന്ന പ്രവൃത്തികളിൽ പ്രത്യക്ഷപ്പെടേണ്ടതാണ് നന്മ. അതായത്, ദൈവഹിതമനുസരിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിവേകത്തിന്റെയും ആത്മശോഭയോടെ കർമ്മനിരതമായി നയിക്കുന്ന ജീവിതംകൊണ്ട് പൂവണിയുന്നതാണ് യഥാർത്ഥത്തിൽ നന്മയെന്നു പറയുന്നത്.
നന്മതിന്മകളുടെ സംഘർഷവേദിയായ ജീവിതത്തിൽ തിന്മയോടു നിരന്തരം യുദ്ധം ചെയ്യാതെ കണ്ട് നന്മ നേടിയെടുക്കുക അസാദ്ധ്യമാണ്. ഈ യുദ്ധത്തിൽ നമ്മെ സഹായിക്കുന്ന ആയുധമാണ് പരിത്യാഗമെന്ന സുകൃതം. ആത്മനിഗ്രഹമാണ് ഏറ്റവും വലിയ പരിത്യാഗമെന്നു പറയാം. അവനവന്റെ ഹിതം വെടിഞ്ഞ് ദൈവഹിതം ചെയ്യുന്നതിനെക്കാൾ വലിയൊരു പരിത്യാഗമില്ലെന്നുതന്നെ പറയാം. അതുകൊണ്ടാണ് യേശു പരിത്യാഗത്തെപ്പറ്റി ഊന്നിപ്പറഞ്ഞതു്. ജ്ഞാനിയായ സെ. അഗസ്റ്റിൻ പറയുന്നതുപോലെ, നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ദുരാശകൾ എങ്ങനെ നമ്മെ കീഴടക്കേണ്ടൂ എന്നു വിചാരിച്ചു നില്ക്കുമ്പോൾ ശത്രുവിനെ ജാഗ്രതയോടെ ആക്രമിച്ചു കീഴ്പ്പെടുത്തേണ്ടി വരുമല്ലോ. അതിനു പറ്റിയ മൂർച്ചയേറിയ ആയുധം പരിത്യാഗമല്ലാതെ മറ്റൊന്നുമല്ല. അവനവനെത്തന്നെ ജയിക്കുന്നതിനെക്കാൾ വലിയ വിജയം മറ്റൊന്നുമില്ല. നനഞ്ഞ പക്ഷിക്കു പറന്നുപൊങ്ങാനാകുമോ? ജഡികവിചാരങ്ങളുടെ പ്രലോഭനങ്ങളിൽ മുഴുകിക്കഴിയുന്ന ഒരാൾക്ക് വിശുദ്ധിയുടെ ഗിരിശൃംഗത്തിലേക്ക് പറന്നുയരാനാകുമോ ? പരമപരിശുധനായ ദൈവത്തിന്റെ സന്നിധിയിലേക്ക് വരുന്നതിനു മുമ്പായി മോശയ്ക്ക് തന്റെ പാദരക്ഷകൾ അകലെ അഴിച്ചുവയ്ക്കേണ്ടിവന്ന കാര്യം ഓർമ്മിക്കുക. ആയതിനാൽ ആത്മനി ഗ്രഹം കൂടാതെ നമ്മുടെ ഒരു പ്രാർത്ഥനയും ഫലവത്താകില്ല. നമ്മുടെ ആദ്ധ്യാത്മികജീവിതത്തിന്റെ പൂർവ്വാർദ്ധം പ്രാർത്ഥനയാണെങ്കിൽ ഉത്തരാർദ്ധം പരിത്യാഗം അഥവാ ഇന്ദ്രിയനിഗ്രഹം തന്നെയെന്നു പറയാം. നോമ്പുകാലം ആത്മനിഗ്രഹമെന്ന സുകൃതം അഭ്യസിക്കാനുള്ള സുവർണ്ണാവസരമാണ്.

ഫാ. ആന്റണി പൂതവേലിൽ
08.03.2022

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment