🔥 🔥 🔥 🔥 🔥 🔥 🔥
08 Mar 2022
Tuesday of the 1st week of Lent
with a commemoration of Saint John of God, Religious
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 90:1-2
കര്‍ത്താവേ, അങ്ങ് തലമുറ തലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു;
എന്നുമെന്നേക്കും അങ്ങ് നിലനില്ക്കുന്നു.
സമിതിപ്രാര്‍ത്ഥന
ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്
വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.
അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,
അങ്ങേ രാജ്യത്തില്‍
തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍
ഞങ്ങള്‍ അര്‍ഹരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 55:10-11
മഴയും മഞ്ഞും ഭൂമിയെ നനയ്ക്കുന്നു.
കര്‍ത്താവ് അരുള്‍ ചെയ്യുന്നു: മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 34:3-4a,5-6,16,15,17
കര്‍ത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി.
കര്‍ത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
കര്‍ത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
ദുഷ്‌കര്‍മികളുടെ ഓര്‍മ ഭൂമിയില്‍ നിന്നു വിച്‌ഛേദിക്കാന്‍
കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
കര്‍ത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
കര്‍ത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
മത്താ 6:7-15
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേ നാമം പൂജിതമാകണമേ. അങ്ങേ രാജ്യം വരണമേ. അങ്ങേ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
സര്‍വശക്തനും സ്രഷ്ടാവുമായ ദൈവമേ,
അങ്ങേ നന്മയുടെ സമൃദ്ധിയില്‍നിന്ന്
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്നവ അങ്ങ് സ്വീകരിക്കുകയും
ഞങ്ങള്‍ക്കായി സമാഹരിച്ച ഭൗതികസഹായം
നിത്യജീവിതത്തിലേക്ക് ദയാപൂര്‍വം
രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 4:2
എന്റെ നീതിയുടെ ദൈവമേ,
ഞാന്‍ അങ്ങയെ വിളിച്ചപ്പോള്‍ അങ്ങ് എന്നെ ശ്രവിച്ചു.
ക്ലേശങ്ങളില്‍ അങ്ങ് എന്നെ ആശ്വസിപ്പിച്ചു.
കര്‍ത്താവേ, എന്നില്‍ കനിയുകയും
എന്റെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്യണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ക്കു നല്കപ്പെടുന്ന ഈ ദിവ്യരഹസ്യങ്ങള്‍ വഴി,
ലൗകികാഭിലാഷങ്ങള്‍ നിയന്ത്രിച്ച്
സ്വര്‍ഗീയമായവ സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️