The Book of Genesis, Chapter 18 | ഉല്പത്തി, അദ്ധ്യായം 18 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 18

ദൈവം സന്ദര്‍ശിക്കുന്നു

1 മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു.2 അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെതാണ്, അവരെ വണങ്ങി.3 അവന്‍ പറഞ്ഞു:യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!4 കാലുകഴുകാന്‍ കുറച്ചുവെള്ളംകൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്ര മിക്കുക.5 നിങ്ങള്‍ ഈ ദാസന്റെ യടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേഅപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടുയാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു.6 അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.7 അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്‍പിച്ചു. ഉടനെ അവന്‍ അതു പാകംചെയ്യാന്‍ തുടങ്ങി.8 അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.9 അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു.10 കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു.11 അബ്രാഹവും സാറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു.12 അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?13 കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്?14 കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിത സമ യത്ത് വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.15 സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ഭയപ്പെട്ടു. അവിടുന്നുപറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്തു.

സോദോം-ഗൊമോറാ

16 അവര്‍ അവിടെനിന്നെഴുന്നേറ്റു സോദോമിനു നേരേ തിരിച്ചു. വഴിയിലെത്തുന്നതുവരെ അബ്രാഹം അവരെ അനുയാത്ര ചെയ്തു.17 കര്‍ത്താവ് ആലോചിച്ചു:18 അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായിത്തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവനില്‍നിന്നു മറച്ചുവയ്ക്കണമോ?19 ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയുംന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്‍മുറക്കാരോടും അവന്‍ കല്‍പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്.20 കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്.21 അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്.22 അവര്‍ അവിടെനിന്നു സോദോമിനുനേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു.23 അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും അങ്ങു നശിപ്പിക്കുമോ?24 നഗരത്തില്‍ അന്‍പതു നീതിമാന്‍മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ?25 ദുഷ്ടന്‍മാരോടൊപ്പം നീതിമാന്‍മാരെയും സംഹരിക്കുക-അത് അങ്ങില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്‍മാരുടെ ഗതിതന്നെ നീതിമാന്‍മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധികര്‍ത്താവു നീതിപ്രവര്‍ത്തിക്കാതിരിക്കുമോ?26 കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്‍മാരെ ഞാന്‍ കണ്ടെണ്ടത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും.27 അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ.28 നീതിമാന്‍മാര്‍ അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെണ്ടത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പ്പതുപേരേയുള്ളുവെങ്കിലോ?29 അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരെപ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല.30 അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്‌ഷേ, മുപ്പതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരെ കണ്ടെണ്ടത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല.31 അവന്‍ പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു നശിപ്പിക്കുകയില്ല.32 അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണകൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല.33 അബ്രാഹത്തോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെനിന്നുപോയി. അബ്രാഹവും സ്വന്തം സ്ഥലത്തേക്കു മടങ്ങി.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment