നോമ്പുകാല വചനതീർത്ഥാടനം 16

നോമ്പുകാല
വചനതീർത്ഥാടനം-16

1 സാമുവൽ 2 : 26
” ബാലനായ സാമുവലാകട്ടെ കർത്താവിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു.”

ഇസ്രായേലിന്റെ ചരിത്രത്തിൽ ഒരു കെടാവിളക്കുപോലെ പ്രകാശം ചൊരിഞ്ഞ വ്യക്തിത്വമാണ് സാമുവൽ പ്രവാചകൻ. ധാർമ്മികതയും നൈതികതയും കൈമോശംവന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. തമോമയമായ സാമൂഹ്യാന്തരീക്ഷത്തിലും ഒരു ശുഭ്രനക്ഷത്രംപോലെ അദ്ദേഹം തെളിഞ്ഞുനിന്നു. ഒരേസമയം പ്രവാചകനായും പുരോഹിതനായും ന്യായാധിപനായും അനുഗൃഹീതശുശ്രൂഷയാണ് അദ്ദേഹം നിർവ്വഹിച്ചുപോന്നത്. തിന്മയുടെ തിളച്ചുമറിയലിൽപ്പോലും അതിനെ അതിജീവിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. സാമുവലിന്റെ മാതാപിതാക്കളായ എൽക്കാനയുടെയും ഹന്നയുടെയും വിശ്വാസജീവിതത്തിന്റെ ശക്തമായ സ്വാധീനമാണ് ഇതിനൊക്കെ പ്രചോദനമായത്. വന്ധ്യയായിരുന്ന ഹന്നയുടെ മനോദു:ഖത്തിൽ എൽക്കാന എന്നും ഒരു സാന്ത്വനമായിരുന്നു.” ഞാൻ നിനക്ക് പത്തു പുത്രന്മാരിലും ഉപരിയല്ലേ?” എന്നിങ്ങനെയായിരുന്നു എൽക്കാനയുടെ ആശ്വാസവചനങ്ങൾ. ഹന്നയാകട്ടെ ഒരു സന്താന ലബ്ദിക്കുവേണ്ടി ആത്മനൊമ്പരങ്ങളുടെ ചൂടിൽ ഉരുകുന്ന ഹൃദയത്തോടെയും, വിശ്വാസത്തിന്റെ നെരിപ്പോടിൽ ജ്വലിക്കുന്ന ഹൃദയത്തോടെയും, സർവ്വശക്തനായ ദൈവത്തിന്റെ അപരിമേയമായ ശക്തിയിൽ ആശ്രയിച്ചു കൊണ്ടും വർഷങ്ങളോളം ക്ഷമാപൂർവ്വം പ്രാർത്ഥനയോടെ കാത്തിരുന്നു. വിശ്വാസത്തിലധിഷ്ഠിതമായ ഈ കാത്തിരിപ്പാണ് പ്രതിബന്ധങ്ങളെ അതി ജീവിക്കാൻ അവളെ പ്രാപ്തമാക്കിയത്. സന്താന സൗഭാഗ്യമില്ലായ്മയുടെ പേരിൽ സ്വന്തപ്പെട്ടവരും അല്ലാത്തവരുമായവരിൽ നിന്ന് നേരിടേണ്ടിവന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഹന്നയെ തന്റെ വിശ്വാസാദാർഢ്യത്തിൽനിന്ന് പിന്തിരിപ്പിക്കാനായില്ല. ദൈവത്തിലുള്ള അപ്രതിരോധ്യമായ വിശ്വാസം തന്റെ മുമ്പിൽ ഉയർന്നുവന്ന അസാധ്യതകളുടെ കൊടുമുടികളെ ഭേദിക്കാൻ പര്യാപ്തമായിരുന്നു. സാമുവലിന്റെ വ്യക്തിത്വരൂപീകരണത്തിൽ എൽക്കാന-ഹന്ന ദമ്പതികളുടെ വിശ്വാസദാർഢ്യവും ജീവിത ബോധ്യങ്ങളും നിർണ്ണായകസ്വാധീനമായത് എടുത്തു പറയേണ്ട വസ്തുതതന്നെയാണ്. ഈ നോമ്പുകാലം എൽക്കാന-ഹന്ന ദമ്പതികളുടെ ജീവിതം എല്ലാ മാതാപിതാക്കൾക്കും ഒരു വീണ്ടുവിചാരത്തിനുളള സന്ദർഭമാകട്ടെ.

ഫാ. ആന്റണി പൂതവേലിൽ
17.03.2022.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment