Friday of the 2nd week of Lent / St. Cyril of Jerusalem, Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥

18 Mar 2022

Friday of the 2nd week of Lent 
with a commemoration of Saint Cyril of Jerusalem, Bishop, Doctor

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 31:1,4

കര്‍ത്താവേ, അങ്ങില്‍ ഞാന്‍ പ്രത്യാശ വച്ചു.
ഒരുനാളും ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ.
അവര്‍ എനിക്കായി ഒളിപ്പിച്ചിരിക്കുന്ന കെണിയില്‍ നിന്ന്
എന്നെ രക്ഷിക്കണമേ.
എന്തെന്നാല്‍, അങ്ങാണല്ലോ എന്റെ സംരക്ഷകന്‍.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ വഴി,
രക്ഷാകരരഹസ്യങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള
അര്‍ഥതലങ്ങളിലേക്ക് അങ്ങേ സഭയെ
വിസ്മയകരമായി അങ്ങ് നയിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങള്‍ക്ക് സമൃദ്ധമായ ജീവന്‍ ഉണ്ടാകുന്നതിന്
അങ്ങേ പുത്രനെ ഏറ്റുപറയാനുള്ള
അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 37:3-4,12-13,17-28
സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊല്ലാം.

ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിനു വേണ്ടി ഉണ്ടാക്കി. പിതാവ് ജോസഫിനെ തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നു എന്നു കണ്ടപ്പോള്‍ സഹോദരന്മാര്‍ അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
അവന്റെ സഹോദരന്മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: നിന്റെ സഹോദരന്മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ മറുപടി പറഞ്ഞു. സഹോദരന്മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍ വച്ച് അവന്‍ അവരെ കണ്ടുമുട്ടി.
ദൂരെവച്ചു തന്നെ അവര്‍ അവനെ കണ്ടു. അവന്‍ അടുത്തെത്തും മുന്‍പേ, അവനെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി. അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ.
റൂബന്‍ ഇതു കേട്ടു. അവന്‍ ജോസഫിനെ അവരുടെ കൈയില്‍ നിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്. അവനെ നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്‌ഷേ, ദേഹോപദ്രവമേല്‍പിക്കരുത്. അവനെ അവരുടെ കൈയില്‍ നിന്നു രക്ഷിച്ച് പിതാവിനു തിരിച്ചേല്‍പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്. അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്മാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു. അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.
അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍ നിന്നു വരുന്ന ഇസ്മായേല്യരുടെ ഒരു യാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. അപ്പോള്‍ യൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക? വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.
അപ്പോള്‍ കുറെ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര്‍ അവനെ കുഴിയില്‍ നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:16-17,18-19,20-21

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

കര്‍ത്താവ് നാട്ടില്‍ ക്ഷാമം വരുത്തുകയും
അപ്പമാകുന്ന താങ്ങു തകര്‍ത്തു കളയുകയും ചെയ്തു.
അപ്പോള്‍, അവര്‍ക്കു മുന്‍പായി
അവിടുന്ന് ഒരുവനെ അയച്ചു;
അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

അവന്റെ കാലുകല്‍ വിലങ്ങുകൊണ്ടു മുറിഞ്ഞു;
അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.
അവന്‍ പ്രവചിച്ചതു സംഭവിക്കുവോളം
കര്‍ത്താവിന്റെ വചനം അവനെ പരീക്ഷിച്ചു.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

രാജാവ് അവനെ ആളയച്ചു വിടുവിച്ചു;
ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.
തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ
ഭരണാധിപനുമായി അവനെ നിയമിച്ചു.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി, തൻ്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു.

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

മത്താ 21:33-43,45-46
ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.

യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും പറഞ്ഞു: മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ പോയി. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു. പിന്നീട് അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നു പറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും. യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും.
പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി. അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ദിവ്യരഹസ്യങ്ങള്‍ പരികര്‍മംചെയ്യാന്‍,
അങ്ങേ കാരുണ്യം അങ്ങേ ദാസരെ
യഥായോഗ്യം ഒരുക്കുകയും
സുകൃത ജീവിതശൈലിയാല്‍
ഈ രഹസ്യങ്ങളിലേക്കു നയിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

1 യോഹ 4:10

ദൈവം നമ്മെ സ്‌നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യരക്ഷയുടെ അച്ചാരം സ്വീകരിച്ച്
അതിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്കു കഴിയുന്നതിനുവേണ്ടി
യഥോചിതം മുന്നേറാന്‍ ഞങ്ങളെ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s