Monday of week 13 in Ordinary Time / Saint Cyril of Alexandria

🔥 🔥 🔥 🔥 🔥 🔥 🔥

27 Jun 2022

Monday of week 13 in Ordinary Time 
or Saint Cyril of Alexandria, Bishop, Doctor 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 47:1

സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,
ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ആമോ 2:6-10,13-16
പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്മാരെ വെള്ളിക്കു വില്‍ക്കുന്നു; ഒരു ജോടി ചെരുപ്പിനു സാധുക്കളെയും. പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍ നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമത്തിനു കളങ്കം വരുത്തുന്നു. പണയം കിട്ടിയ വസ്ത്രം വിരിച്ച് ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം അവര്‍ തങ്ങളുടെ ദേവന്റെ ആലയത്തില്‍ വച്ചു പാനം ചെയ്യുന്നു. ദേവദാരുപോലെ ഉയരവും കരുവേലകം പോലെ കരുത്തും ഉണ്ടായിരുന്ന അമോര്യരെ ഞാന്‍ അവരുടെ മുന്‍പില്‍വച്ചു തകര്‍ത്തു. മുകളില്‍ അവരുടെ ഫലവും താഴേ അവരുടെ വേരുകളും ഞാന്‍ നശിപ്പിച്ചു. ഈജിപ്തു ദേശത്തുനിന്നു നിങ്ങളെ മോചിപ്പിച്ച്, മരുഭൂമിയിലൂടെ നാല്‍പതു വര്‍ഷം നയിച്ച്, അമോര്യരുടെ ഭൂമി ഞാന്‍ നിങ്ങള്‍ക്കു സ്വന്തമായി നല്‍കി.
കറ്റകള്‍ നിറഞ്ഞ വണ്ടി കീഴോട്ടമരുന്നതുപോലെ ഞാന്‍ നിങ്ങളെ മണ്ണിനോടു ചേര്‍ത്തു ഞെരിക്കും. ഓടുന്നവനെ അവന്റെ ശീഘ്രത രക്ഷിക്കുകയില്ല. ശക്തന്മാരുടെ ശക്തി നിലനില്‍ക്കുകയില്ല. കരുത്തനു ജീവന്‍ രക്ഷിക്കാനാവില്ല. വില്ലാളികള്‍ ചെറുത്തു നില്‍ക്കുകയില്ല. ശീഘ്രഗാമികള്‍ ഓടി രക്ഷപെടുകയില്ല. അശ്വാരൂഢന് ജീവന്‍ രക്ഷിക്കാനാവില്ല. കരുത്തരില്‍ ചങ്കൂറ്റമുള്ളവര്‍ പോലും അന്നു നഗ്നരായി പലായനം ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 50:16bc-17,18-19,20-21,22-23

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ.

എന്റെ നിയമങ്ങള്‍ ഉരുവിടാനോ
എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ.

കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും.
വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു.
നിന്റെ വായ് നീ തിന്മയ്ക്കു തുറന്നിട്ടിരിക്കുന്നു.
നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്‍കുന്നു.

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ.

നീ നിന്റെ സഹോദരനെതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു;
സ്വന്തം സഹോദരനെതിരേ നീ അപവാദം പരത്തുന്നു.
നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു;
നിന്റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തിവയ്ക്കുന്നു.

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ.

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ!
അല്ലെങ്കില്‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും;
രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍
എന്നെ ബഹുമാനിക്കുന്നു;
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു
ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ.

സുവിശേഷ പ്രഘോഷണവാക്യം

യോഹ. 10/14.

അല്ലേലൂയ!അല്ലേലൂയ!

ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 8:18-22
നീ എന്നെ അനുഗമിക്കുക.

അക്കാലത്ത്, തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്ക്കു പോകാന്‍ യേശു കല്‍പിച്ചു. ഒരു നിയമജ്ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. ശിഷ്യന്മാരില്‍ മറ്റൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, പോയി എന്റെ പിതാവിനെ സംസ്‌കരിച്ചിട്ടുവരാന്‍ എന്നെ അനുവദിക്കണമേ. യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 103:1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.

Or:
യോഹ 17:20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s