നോമ്പുകാല വചനതീർത്ഥാടനം – 24
വി.മത്തായി 15 : 11
” വായിലേക്ക് പ്രവേശിക്കുന്നതല്ല, വായിൽനിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. “
ഹൃദയത്തെ സ്പർശിക്കാത്ത മതാത്മകതയോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു യേശു തന്റെ പരസ്യജീവിത ശുശ്രൂഷ നിർവ്വഹിച്ചത്. ഭക്ഷണപദാർത്ഥങ്ങൾക്ക് മനുഷ്യനെ അശുദ്ധനാക്കാൻ കഴിയാത്തിടത്തോളം അവയെ ശുദ്ധമെന്നും അശുദ്ധമെന്നും തരംതിരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവിടുന്നു പഠിപ്പിച്ചു. വായിലേക്ക് വരുന്ന ഒരു ഭക്ഷണപദാർത്ഥവും ഒരു വന്റെ ആന്തരികതയ സ്പർശിക്കുന്നില്ലെന്നും യഥാർത്ഥത്തിൽ വായിൽനിന്നു പുറപ്പെടുന്നതാണ് അവനെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതെന്നും അവിടുന്നു ആധികാരികമായിത്തന്നെ പഠിപ്പിക്കുന്നു.പൗരസ്ത്യ ചിന്താഗതിയനുസരിച്ച് ഹൃദയമാണ് എല്ലാ വികാരങ്ങളുടെയും നന്മതിന്മകളുടെയും പ്രഭവസ്ഥാനം. തിന്മയും തിന്മയുടെ വാസനകളും ജന്മമെടുക്കുന്നതു മനസ്സിലും ഹൃദയത്തിലുമാണ്. ശരീരത്തിലൂടെ അവയ്ക്ക് ദൃശ്യശ്രാവ്യ രൂപം കൈവരുന്നെന്നേയുള്ളൂ. സുബോധവും ചിന്താശേഷിയുമുള്ളവരുടെ തെറ്റായ പ്രവൃത്തികളെ മാത്രമേ തിന്മയായി പരിഗണിക്കുകയുള്ളൂ. അതുകൊണ്ടാണു പക്ഷിമൃഗാദികളുടെ വ്യാപാരങ്ങൾ നമുക്കു ഹാനികരമായാലും അവ തിന്മയായി പരിഗണിക്കപ്പെടാത്തത്. മൃഗങ്ങളെയപേക്ഷിച്ച് മനുഷ്യരായ നമ്മുടെ പ്രത്യേകതയെന്തെന്ന് ചോദിച്ചാൽ ഏതു തിന്മയും മനസ്സിൽ ഒളിപ്പിച്ചുവച്ചുകൊണ്ട് പെരുമാറാൻ കഴിയും എന്നതാണ്.’ അകത്തു കത്തിയും പുറത്ത് പത്തിയും’ എന്ന പഴഞ്ചൊല്ല്തന്നെ അപ്രകാരമുണ്ടായതാണെന്ന് പറയേണ്ടിയിരിക്കുന്നു. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾ മാത്രം ശുദ്ധിയുടെയും അശുദ്ധിയുടെയും ഉറവിടമായി കരുതുന്നതു മതപരമായ അന്തരീക്ഷത്തിൽ ശരിയല്ലെന്നും ഹൃദയത്തിന്റെ ശുദ്ധിയും അശുദ്ധിയുമാണ് കറതീർന്ന മതജീവിതത്തിന്റെ മാനദണ്ഡവും അന്തസ്സത്തയുമാകേണ്ടതെന്നുമാണ് യേശുവിന്റെ സുചിന്തിതമായ പ്രഖ്യാപനം. പ്രത്യക്ഷപ്രവൃത്തികൾ കൊണ്ടുമാത്രം ഒരുവന് മറ്റുള്ളവരുടെ മുമ്പിൽ നല്ലവനാകാനാവില്ലെന്നും മനസ്സിനെയും ആന്തരികതയെയും സുശിക്ഷിതമാക്കിയെങ്കിലേ അവന്റെ ജീവിതം ധന്യമായിത്തീരുകയുള്ളുവെന്നും സാരം. നിർമ്മലഹൃദയരായി ജീവിക്കാനുള്ള സുവർണ്ണാവസരമാണ് ഈ നോമ്പുകാലം എന്നത് നമുക്ക് വിസ്മരിക്കാതിരിക്കാം.
ഫാ. ആന്റണി പൂതവേലിൽ
25.03.2022.

Leave a comment