നോമ്പുകാല വചനതീർത്ഥാടനം 28

നോമ്പുകാല
വചനതീർത്ഥാടനം – 28

വി. മർക്കോസ് 10 :45

” മനുഷ്യപുത്രൻ വന്നിരിക്കുന്നതു, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രെ.”

ക്രിസ്തുശിഷ്യത്വത്തിന്റെ അടിസ്ഥാനസ്വഭാവം എന്തെന്നു ഗ്രഹിക്കാൻ ശ്രമിക്കാതെ ഏതോ ഒരു സ്വപ്നലോകത്തിലിരുന്നുകൊണ്ട് സ്വർഗ്ഗരാജ്യത്തിലെ പ്രമുഖസ്ഥാനങ്ങൾ മോഹിച്ചുകൊണ്ട് തന്റെ പിന്നാലെ നടന്ന ശിഷ്യന്മാർക്ക് യേശു നൽകുന്ന ശക്തമായ സന്ദേശമാണിത്. ഭാവിയിൽ തനിക്കു സംഭവിക്കാനിരിക്കുന്ന പീഡാസഹനങ്ങളും മരണവും സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരെ ബോധവാന്മാരാക്കാൻ ശ്രമിക്കുമ്പോൾ അവരാകട്ടെ അതിലൊന്നും ശ്രദ്ധിക്കാതെ തങ്ങൾക്ക് എന്തു ലാഭം ഉണ്ടാക്കാനാവും എന്ന ചിന്തയിലായിരുന്നു. കാരണം, യേശുവിന്റെ കാലത്ത് അധികാരമുളളവൻ വലിയവനും കൂടുതൽ അധികാരം കയ്യാളുന്നവൻ കൂടുതൽ വലിയവനുമായി പൊതുവെ പരിഗണിക്കപ്പെട്ടിരുന്നു. വിജാതീയരുടെയിടയിൽ നിലനിന്നിരുന്ന ഈ സമ്പ്രദായം ക്രിസ്തുശിഷ്യന്മാർക്കു നിഷിദ്ധമാണെന്നും മനുഷ്യ മാഹാത്മ്യത്തിന്റെ അളവുകോൽ അധികാരമില്ലെന്നും മറിച്ച്, സേവനവും എളിമയുമാണെന്ന് യേശു സ്വന്തം ജീവിതംകൊണ്ട് അവരെ ബോധ്യപ്പെടുത്തിക്കൊടുത്തു. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്ന ഒരു ശുശ്രൂഷകനായിരിക്കണം ക്രിസ്തുശിഷ്യനെന്നും ആ സേവനത്തിന്റെ ഭാഗമായി വേണ്ടിവന്നാൽ ജീവൻ ത്യജിക്കാനും സന്നദ്ധമാവണമെന്നും അവിടുന്നു പഠിപ്പിക്കുന്നു. അതിനാൽ, ദൈവരാജ്യത്തിൽ സ്ഥാനം നേടുന്നതിന് സഹനത്തിന്റെ പാനപാത്രം കുടിച്ചേ മതിയാകൂ എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധത്തിൽ ശിഷ്യന്മാരാട് യേശു ആവശ്യപ്പെടുന്നു. ശിഷ്യരെ സംബന്ധിച്ചിടത്തോളം ആ പാനപാത്രം രക്തസാക്ഷിത്വംതന്നെയായിരുന്നു. എന്നാൽ ഇന്നത്തെ സമൂഹത്തിൽ അത് ശുശ്രൂഷയുടെ പാനപാത്രമാണ്. സ്വന്തമായി അവകാശങ്ങളും അധികാരങ്ങളൊന്നുമല്ല, സ്വന്തം ഇഷ്ടംപോലുമില്ലാത്ത ഒരടിമയെപ്പോലെ മറ്റുള്ളവരെ തന്റെ യജമാനന്മാരായിക്കണ്ട് എല്ലാവർക്കും എല്ലാ സാഹചര്യങ്ങളിലും എല്ലാക്കാലത്തും ഏറ്റവുമധികം ശുശ്രൂഷ ചെയ്യുന്നവനാണ് യേശുവിന്റെ സങ്കൽപ്പത്തിലെ ഏറ്റവും വലിയവൻ മനുഷ്യരക്ഷയ്ക്കായി യേശു നഷ്ടപ്പെടുത്തിയതു് സ്വന്തം ഇഷ്ടാനിഷ്ടങ്ങളോ അവകാശാധികാരങ്ങളോ മാത്രമായിരുന്നില്ല, മോചനദ്രവ്യമായ തന്റെ ജീവൻതന്നെയായിരുന്നു. സകലർക്കുംവേണ്ടി കുരിശിൽ മരിച്ചുകൊണ്ട് തന്റെ ശുശ്രൂഷയുടെ പാരമ്യം അവിടുന്നു നമുക്കു കാണിച്ചു തന്നു. ഈ നോമ്പുകാലയളവിൽ അവിടുത്തെ മരണത്തെക്കുറിച്ച് നമ്മൾ നടത്തുന്ന ധ്യാനാത്മകമായ ചിന്ത നമ്മുടെ പാപങ്ങൾക്ക് മോചനമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

ഫാ.ആന്റണി പൂതവേലിൽ
29.03.2022.

Advertisements

Leave a comment