നോമ്പുകാല വചനതീർത്ഥാടനം 31

നോമ്പുകാല
വചനതീർത്ഥാടനം-31

ഫിലിപ്പിയർ 4 : 6

” ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട . പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ.”

യേശുവിന്റെ സുവിശേഷത്തിനു സാക്ഷ്യംവഹിച്ചതിന്റെ പേരിൽ മാത്രം വിചാരണകൂടാതെ റോമൻ കാരാഗൃഹത്തിൽ കഴിഞ്ഞുകൂടിയവനാണ് പൗലോസ് ശ്ലീഹ . ആ ശ്ലീഹായാണ് ഫിലിപ്പിയിലെ തന്റെ വത്സല സഭാംഗങ്ങൾക്ക് ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട എന്ന സമാശ്വാസവചനം നൽകിയത്. നമ്മുടെ ജീവിതത്തിൽ ആഭ്യന്തരവും ബാഹ്യവുമായ പലേ കാരണങ്ങളാൽ ആകുലതകൾ വന്നുഭവിക്കാറുണ്ട്. നമ്മുടെ തെറ്റായ ചിന്തകളുടെയും ദൈവശക്തിയിലുള്ള വിശ്വാസക്കുറവിന്റെയും ഫലമായി ആകുലതകൾ
നമ്മെ അസ്വസ്ഥമാക്കാം. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാവുന്ന ഒന്നാണ് അന്ധവിശ്വാസത്തിലധിഷ്ഠിതമായ ആകുലതകൾ. ഇതിനു പരിഹാരമായി പൗലോസ് ശ്ലീഹ നിർദ്ദേശിക്കുന്നതു് പ്രാർത്ഥനയാണ്. തന്റെ കാരാഗൃഹവാസത്തിൽ അനുഭവപ്പെട്ട ആകുലതകളെ അതിജീവിക്കാൻ പ്രാർത്ഥനയിലാണ് അദ്ദേഹം അഭയംകണ്ടെത്തിയത്. അപ്രകാരം സ്വാനുഭവത്തിലൂടെ സ്വാംശീകരിക്കാൻ കഴിഞ്ഞ ആത്മീകചൈതന്യത്തിന്റെ ആത്മബലത്തിലാണ് ശ്ലീഹ ഫിലിപ്പിയിലെ വിശ്വാസികളെ ഉദ്ബോധിപ്പിക്കാൻ ശ്രമിച്ചത്. പ്രാർത്ഥനയെ ആകുലതകൾക്ക് പരിഹാരമായി നിർദ്ദേശിക്കുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണമെന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൃതജ്ഞതാ സ്തോത്രത്തോടെയാവണം നാം നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ സമർപ്പിക്കേണ്ടതു്. സാധാരണഗതിയിൽ നാം നമ്മുടെ പ്രാർത്ഥനയിൽ പരാതിയപേക്ഷകളാണ് അർപ്പിച്ചുപോരുന്നതു്. എന്നാൽ പ്രാർത്ഥനയിൽ കൃതജ്ഞതയ്ക്കും സ്തോത്രത്തിനും വലിയ സ്ഥാനമാണുളളത്. കാരണം, കൃതജ്ഞത ഉയരുമ്പോൾ ദൈവത്തിലുള്ള നമ്മുടെ ആശ്രയബോധം വർദ്ധിക്കും. മാത്രമല്ല, നമ്മുടെ നിരാശയെ മറികടക്കാനും അതുവഴി സാധിക്കുകയും ചെയ്യും. നമ്മുടെ പ്രാർത്ഥനയിൽ പല കാര്യങ്ങളും നേടിയെടുക്കുന്നതിനും നേടിയെടുക്കാനാവാത്തതിനും സ്തോത്രമർപ്പിക്കാൻ കഴിയും. രണ്ടാമത്, നാം നമ്മുടെ പ്രാർത്ഥനയിൽ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പ്രാർത്ഥിക്കുക എന്നതാണ്. അതായത്, ആവശ്യം വരുമ്പോഴൊക്കെ നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം. ദൈവത്തിലുള്ള നമ്മുടെ സമ്പൂർണ്ണമായ ആശ്രയവും വിശ്വാസവും വെളിപ്പെടുത്തുവാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. മാത്രമല്ല, അതുവഴി ദൈവത്തിന്റ സമാധാനം നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും യേശുക്രിസ്തുവിൽ ഭദ്രമായി കാത്തുകൊളളുകയും ചെയ്യും.

ഫാ. ആന്റണി പൂതവേലിൽ
01 .04 . 2022.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment