🔥 🔥 🔥 🔥 🔥 🔥 🔥
02 Apr 2022
Saturday of the 4th week of Lent
(optional commemoration of Saint Francis of Paola, hermit)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 18:5,7
മരണത്തിന്റെ രോദനം എന്നെ വലയം ചെയ്തു.
പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുകെട്ടി.
എന്റെ ദുരിതങ്ങളില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു,
അവിടന്ന് തന്റെ വിശുദ്ധ ആലയത്തില്‍ നിന്ന് എന്റെ ശബ്ദം കേട്ടു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയെക്കൂടാതെ
അങ്ങയെ പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ക്കു സാധ്യമല്ലാത്തതിനാല്‍,
അങ്ങേ കാരുണ്യത്തിന്റെ പ്രവര്‍ത്തനം ഞങ്ങളുടെ ഹൃദയങ്ങളെ നയിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 11:18-20
കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍.
കര്‍ത്താവ് ഇതെനിക്കു വെളിപ്പെടുത്തി. അങ്ങനെ ഞാന്‍ അറിയാനിടയായി. അവിടുന്ന് അവരുടെ ദുഷ്‌കൃത്യങ്ങള്‍ എനിക്കു കാണിച്ചുതന്നു. എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെ ആയിരുന്നു ഞാന്‍. ഫലത്തോടുകൂടെത്തന്നെ വൃക്ഷത്തെ നമുക്കു നശിപ്പിക്കാം; ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു നമുക്കവനെ പിഴുതെറിയാം; അവന്റെ പേര് ഇനിമേല്‍ ആരും ഓര്‍മിക്കരുത് എന്നുപറഞ്ഞ് അവര്‍ ഗൂഢാലോചന നടത്തിയത് എനിക്കെതിരേയാണെന്നു ഞാന്‍ അറിഞ്ഞില്ല.
നീതിയായി വിധിക്കുന്നവനും
ഹൃദയവും മനസ്സും പരിശോധിക്കുന്നവനുമായ
സൈന്യങ്ങളുടെ കര്‍ത്താവേ,
അവരുടെമേലുള്ള അങ്ങേ പ്രതികാരം കാണാന്‍
എന്നെ അനുവദിക്കണമേ;
അവിടുന്നാണല്ലോ എന്റെ ആശ്രയം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 7:1-2,8-9,10-11
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന്
എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!
അല്ലെങ്കില്‍, സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും;
ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.
കര്‍ത്താവു ജനതകളെ വിധിക്കുന്നു;
കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും
സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ!
നീതിമാനായ ദൈവമേ, മനസ്സുകളെയും
ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ,
ദുഷ്ടരുടെ തിന്മയ്ക്ക് അറുതിവരുത്തുകയും
നീതിമാന്മാര്‍ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.
ഹൃദയനിഷ്‌കളങ്കതയുള്ളവരെ
രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച.
ദൈവം നീതിമാനായ ന്യായാധിപനാണ്;
അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന ദൈവമാണ്.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
ദൈവമായ കർത്താവ് അരുൾ ചെയ്യുന്നു: ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ട മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം.
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
യോഹ 7:40-52
ക്രിസ്തു ഗലീലിയില്‍ നിന്നാണോ വരുക?
യേശുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, ഇവന്‍ യഥാര്‍ഥത്തില്‍ പ്രവാചകനാണ് എന്നു ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ പറഞ്ഞു: ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെ ചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍ നിന്നാണോ വരുക? ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍ നിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍ നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം പറയുന്നത്? അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, ആരും അവന്റെ മേല്‍ കൈവച്ചില്ല.
സേവകന്മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്? അവര്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. അപ്പോള്‍ ഫരിസേയര്‍ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ? അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്. മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു: ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍ നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍ നിന്നു വരുന്നില്ല എന്ന് അപ്പോള്‍ മനസ്സിലാകും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങു സ്വീകരിച്ച
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങളില്‍ സംപ്രീതനാകാനും
ഞങ്ങളുടെ കര്‍ക്കശമാനസങ്ങളെപ്പോലും
അങ്ങിലേക്കു ദയാപൂര്‍വം തിരിക്കാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. 1 പത്രോ 1:18-19
കളങ്കമോ കറയോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുളള
ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടാണ് നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ദിവ്യദാനങ്ങള്‍ ഞങ്ങളെ ശുദ്ധീകരിക്കുകയും
അവയുടെ പ്രവര്‍ത്തനത്താല്‍ ഞങ്ങളെ അങ്ങേക്ക്
പ്രിയങ്കരരാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️