🔥 🔥 🔥 🔥 🔥 🔥 🔥
06 Apr 2022
Wednesday of the 5th week of Lent – Proper Readings
(see also Lazarus)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 18:48-49
കര്‍ത്താവേ, കോപാക്രാന്തരായ ജനതകളില്‍നിന്ന് എന്നെ രക്ഷിക്കുന്നവനേ,
എന്നെ എതിര്‍ക്കുന്നവര്‍ക്കു മേലേ അങ്ങ് എന്നെ ഉയര്‍ത്തും.
അക്രമിയില്‍നിന്ന് അങ്ങ് എന്നെ വിടുവിക്കും.
സമിതിപ്രാര്‍ത്ഥന
കരുണാമയനായ ദൈവമേ,
പ്രായശ്ചിത്തത്താല്‍ സംശുദ്ധമാക്കപ്പെട്ട
അങ്ങേ മക്കളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കുകയും
അങ്ങേ ഭക്തിചൈതന്യം വിളിച്ചപേക്ഷിക്കുന്നവരിലേക്ക്
അനുകമ്പാപൂര്‍വം ചെവിചായ്ക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 3:14-20,24-25,28
കര്‍ത്താവ് തന്റെ ദാസന്മാരെ സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചു
നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കുന്നില്ലെന്നും ഞാന്‍ സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ടതു സത്യമാണോ? കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയവയുടെ നാദം കേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്ഠിച്ച പ്രതിമയെ താണുവീണ് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു നന്ന്, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളെ എരിയുന്നതീച്ചൂളയില്‍ എറിഞ്ഞുകളയും; ഏതു ദേവന്‍ എന്റെ കരങ്ങളില്‍ നിന്നു നിങ്ങളെ രക്ഷിക്കും? ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല. രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍ നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയില്‍ നിന്നു മോചിപ്പിക്കും. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്മാരെയോ നീ നിര്‍മിച്ച സ്വര്‍ണ ബിംബത്തെയോ ആരാധിക്കുകയില്ല. ഷദ്രാക്കിനും മെഷാക്കിനും അബെദ്‌നെഗോയ്ക്കും നേരേ കോപംകൊണ്ടു നിറഞ്ഞ നബുക്കദ്‌നേസറിന്റെ മുഖഭാവം മാറി. ചൂള പതിവില്‍ ഏഴു മടങ്ങ് ജ്വലിപ്പിക്കാന്‍ അവന്‍ കല്‍പിച്ചു. ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബന്ധിച്ച് ആളിക്കത്തുന്ന ചൂളയിലേക്കു വലിച്ചെറിയാന്‍ തന്റെ ശക്തരായ ഭടന്മാരോട് ആജ്ഞാപിച്ചു.
നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്മാരോട് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്ധിച്ചു തീയിലെറിഞ്ഞത്? അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാല്‍, അഗ്‌നിയുടെ നടുവില്‍ ബന്ധനം കൂടാതെ നാലുപേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്ചയില്‍ ദേവകുമാരനെ പോലെയിരിക്കുന്നു.
നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകല്‍പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നില്‍ ആശ്രയിച്ച തന്റെ ദാസന്മാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദാനി 3:52-56
കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.
കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,
അങ്ങ് വാഴ്ത്തപ്പെട്ടവനാണ്;
അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്.
അങ്ങേ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ!
അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും
സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!
കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.
പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന
അങ്ങേ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!
കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.
കെരൂബുകളുടെമേല്‍ ഇരുന്ന്
അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും
അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ!
രാജകീയ സിംഹാസനത്തില്‍
ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!
കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
യോഹ 8:31-42
പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.
തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും. നിങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍ നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു. എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ – ദൈവം. യേശു അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍ നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്ത്വത്തിനായി സമര്‍പ്പിക്കാന്‍
അങ്ങു നല്കിയ യാഗദ്രവ്യങ്ങള്‍ സ്വീകരിക്കപ്പെടുമാറാകട്ടെ.
അങ്ങനെ, അവ ഞങ്ങള്‍ക്ക് ഔഷധമായിത്തീരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
കൊളോ 1:13-14
ദൈവം തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്ക് നമ്മെ കൊണ്ടു വന്നു.
അവനില്‍, അവന്റെ രക്തത്തിലൂടെയാണല്ലോ
നമുക്ക് രക്ഷയും പാപമോചനവും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ കൈക്കൊണ്ട രഹസ്യങ്ങള്‍
സ്വര്‍ഗീയ ഔഷധം ഞങ്ങള്‍ക്കു നല്കട്ടെ.
അങ്ങനെ, അവ ഞങ്ങളുടെ ഹൃദയത്തിലെ
തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യുകയും
നിത്യമായ സംരക്ഷണം ഞങ്ങള്‍ക്ക്
ഉറപ്പാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Readings