Readings

Palm Sunday, Readings for the Latin Mass in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥

10 Apr 2022

Palm Sunday 

Liturgical Colour: Red.

This gospel is read at the procession with palms before Mass:

The following are the readings at the Mass itself:

Liturgical Colour: Red.
പ്രവേശകപ്രഭണിതം

cf. യോഹ 12:1,12-13; സങ്കീ 24:9-10

ഒലിവുശാഖയും വഹിച്ചെബ്രായ ബാലകര്‍
സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ
ഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ!
‘ഉയരെ സ്വര്‍ഗ്ഗമായതില്‍ ഹോസാന.’
ജനതതി കുതുകമായ് കരമുയര്‍ത്തവേ
വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍
മഹിതനീശസുതനു നിത്യം ഹോസാന, ഹോസാന.

ഭൂമിയും, അതിങ്കലുള്ള സര്‍വവസ്തുവും
ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വരും
ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു.
ആഴിമേല്‍ ഈ ഭൂതലത്തെയങ്ങു സ്ഥാപിച്ചു.
പുഴകള്‍ തന്നില്‍ ആയതിനെയങ്ങുറപ്പിച്ചു.

രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും?
തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും?
സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍,
വ്യര്‍ത്ഥമായി തന്‍മനസ്സു മാറ്റിടാത്തവന്‍
കള്ളസത്യമേതുമങ്ങു ചൊല്ലിടാത്തവന്‍.

അവന്, തന്നില്‍ നിന്നനുഗ്രഹം ലഭിക്കുമേ,
അവനു രക്ഷകങ്കല്‍നിന്നു കൂലി കിട്ടുമേ.
മഹിത യാക്കോബിന്റെ ശക്തനായ ദൈവമേ,
അങ്ങയെ തിരഞ്ഞിടുന്ന തലമുറയിതാ,
തവമുഖം തിരഞ്ഞിടുന്ന തലമുറയിതാ.

നല്ക്കമാനമേകുവിന്‍ പടിപ്പുരകളെ,
നിത്യമാം കവാടമേ, ഉയര്‍ന്നു നില്ക്കുവിന്‍;
മഹിതരാജനീശനു പ്രവേശമേകുവിന്‍.
ആരുതാന്‍ മഹോന്നതനീ രാജനെന്നോ?
ധീര, ശക്ത, യുദ്ധവീരനാം കര്‍ത്താവുതാന്‍.

നല്ക്കമാനമേകുവിന്‍ പടിപ്പുരകളേ,
നിത്യമാം കവാടമേ, ഉയര്‍ന്നു നില്ക്കുവിന്‍;
മഹിതരാജനീശനു പ്രവേശമേകുവിന്‍.
ആരുതാന്‍ മഹോന്നതനീ രാജനെന്നോ?
സൈന്യനാഥനും മഹത്ത്വപൂര്‍ണ്ണരാജനും.


സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
എളിമയുടെ മാതൃക അനുകരിക്കാന്‍
മനുഷ്യകുലത്തിനായി ഞങ്ങളുടെ രക്ഷകന്‍
മാംസം ധരിക്കുന്നതിനും കുരിശിലേറുന്നതിനും
അങ്ങ് തിരുമനസ്സായല്ലോ.
അവിടത്തെ സഹനത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും
ഉത്ഥാനത്തിന്റെ പങ്കുചേരലിന് അര്‍ഹരാകുകയും ചെയ്യാന്‍
ഞങ്ങളെ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 50:4-7
നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല.

പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 22:7-8ab,16-17a,18-19,22-23

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ രക്ഷിക്കട്ടെ;
അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ.

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു;
അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;
അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു;
എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി.

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു;
എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു.
കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ!
എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും,
സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
കര്‍ത്താവിന്റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിന്‍;
യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

രണ്ടാം വായന

ഫിലി 2:6-11
ക്രിസ്തു തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി.

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.


കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

ക്രിസ്തു മരണം വരെ, അതെ കുരിശുമരണം വരെ, അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു.


കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.


സുവിശേഷം

ലൂക്കാ 22:14-23:56
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവചരിത്രം.

( ✠ യേശു, C വ്യാഖ്യാതാവ്, S ഒരു വ്യക്തി, G ഒന്നിലധികം പേര്‍ )

C അക്കാലത്ത് പെസഹാ വിരുന്നിന് സമയമായപ്പോള്‍ യേശു ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പോസ്തലന്മാരും. അവന്‍ അവരോടു പറഞ്ഞു:
✠ പീഡയനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല.
C അവന്‍ പാനപാത്രം എടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്തതിനുശേഷം പറഞ്ഞു:
✠ ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.
C പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു:
✠ ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍.
C അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു:
✠ ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേല്‍ത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു. എന്നാല്‍, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
C തങ്ങളില്‍ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി.
തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കം അവരുടെയിടയില്‍ ഉണ്ടായി. അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:
✠ വിജാതീയരുടെമേല്‍ അവരുടെ രാജാക്കന്മാര്‍ ആധിപത്യം അടിച്ചേല്‍പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ അങ്ങനെയായിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ആരാണു വലിയവന്‍, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്. എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങള്‍. എന്റെ പിതാവ് എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു. അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍ നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ.
C കര്‍ത്താവ് വീണ്ടും അരുള്‍ചെയ്തു:
✠ ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചു വന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.
C ശിമയോന്‍ പറഞ്ഞു:
S കര്‍ത്താവേ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാന്‍ തന്നെയും ഞാന്‍ തയ്യാറാണ്.
C അവന്‍ പറഞ്ഞു:
✠ പത്രോസേ, ഞാന്‍ നിന്നോടു പറയുന്നു, ‘നീ എന്നെ അറിയുകയില്ല’ എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല.
C അനന്തരം, അവന്‍ അവരോടു ചോദിച്ചു:
✠ ഞാന്‍ നിങ്ങളെ മടിശ്ശീലയോ ഭാണ്ഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തിനെങ്കിലും കുറവുണ്ടായോ?
C അവര്‍ പറഞ്ഞു:
G ഒന്നിനും കുറവുണ്ടായില്ല.
C അവന്‍ പറഞ്ഞു:
✠ എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്.
C അവര്‍ പറഞ്ഞു:
G കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്.
C അവന്‍ പറഞ്ഞു:
✠ അതുമതി.
C അവന്‍ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവനെ പിന്തുടര്‍ന്നു. അവിടെ എത്തിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:
✠ നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
C അവന്‍ അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്മേല്‍ വീണു പ്രാര്‍ഥിച്ചു:
✠ പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!
C അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു. അവന്‍ പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു. അവന്‍ അവരോടു ചോദിച്ചു:
✠ നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍.
C അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍ നടന്നിരുന്നത്. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുമ്പോട്ടുവന്നു. യേശു അവനോടു ചോദിച്ചു:
✠ യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?
C എന്താണു സംഭവിക്കാന്‍ പോകുന്നത് എന്നു കണ്ടപ്പോള്‍ യേശുവിനോടു കൂടെയുണ്ടായിരുന്നവര്‍ ചോദിച്ചു:
G കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ?
C അവരിലൊരുവന്‍ പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലത്തു ചെവി ഛേദിച്ചു. അതുകണ്ട് യേശു പറഞ്ഞു:
✠ നിര്‍ത്തൂ!
C അനന്തരം, യേശു അവന്റെ ചെവിതൊട്ട് അവനെ സുഖപ്പെടുത്തി. അപ്പോള്‍ യേശു തനിക്കെതിരായി വന്ന പുരോഹിതപ്രമുഖന്മാരോടും ദേവാലയ സേനാധിപന്മാരോടും ജനപ്രമാണികളോടും പറഞ്ഞു:
✠ കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ? ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.
C അവര്‍ അവനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്കു കൊണ്ടു പോയി. പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു. അവര്‍ നടുമുറ്റത്തു തീകൂട്ടി അതിനുചുറ്റും ഇരുന്നപ്പോള്‍ പത്രോസും അവരോടുകൂടെ ഇരുന്നു. അവന്‍ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു:
S ഇവനും അവനോടു കൂടെയായിരുന്നു.
C എന്നാല്‍, പത്രോസ് അതു നിഷേധിച്ചു പറഞ്ഞു:
S സ്ത്രീയേ, അവനെ ഞാന്‍ അറിയുകയില്ല
C അല്‍പം കഴിഞ്ഞ് വേറൊരാള്‍ പത്രോസിനെ കണ്ടിട്ടു പറഞ്ഞു:
S നീയും അവരില്‍ ഒരുവനാണ്.
C അപ്പോള്‍ അവന്‍ പറഞ്ഞു:
S മനുഷ്യാ, ഞാനല്ല.
C ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേറൊരാള്‍ ഉറപ്പിച്ചു പറഞ്ഞു:
S തീര്‍ച്ചയായും ഈ മനുഷ്യനും അവനോടു കൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ.
C പത്രോസ് പറഞ്ഞു:
S മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ.
C അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കോഴി കൂവി. കര്‍ത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴി കൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി മനം നൊന്തു കരഞ്ഞു.
യേശുവിനു കാവല്‍ നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട് പറഞ്ഞു:
G നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക.
C അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു.
പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു:
G നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക.
C അവന്‍ അവരോടു പറഞ്ഞു:
✠ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല. ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലത്തുവശത്ത് ഇരിക്കും.
C അവരെല്ലാവരുംകൂടെ ചോദിച്ചു:
G അങ്ങനെയെങ്കില്‍, നീ ദൈവപുത്രനാണോ?
C അവന്‍ പറഞ്ഞു:
✠ നിങ്ങള്‍ തന്നെ പറയുന്നല്ലോ, ഞാന്‍ ആണെന്ന്.
C അവര്‍ പറഞ്ഞു:
G ഇനി നമുക്കു വേറെ സാക്ഷ്യം എന്തിന്? അവന്റെ നാവില്‍ നിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.
C അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അവര്‍ അവന്റെ മേല്‍ കുറ്റംചുമത്താന്‍ തുടങ്ങി:
G ഈ മനുഷ്യന്‍ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു.
C പീലാത്തോസ് അവനോടു ചോദിച്ചു:
S നീ യഹൂദരുടെ രാജാവാണോ?
C അവന്‍ മറുപടി പറഞ്ഞു:
✠ നീ തന്നെ പറയുന്നുവല്ലോ.
C പീലാത്തോസ് പുരോഹിതപ്രമുഖന്മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു:
S ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല.
C അവരാകട്ടെ, നിര്‍ബന്ധപൂര്‍വം പറഞ്ഞു:
G ഇവന്‍ ഗലീലി മുതല്‍ ഇവിടം വരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.
C ഇതുകേട്ടു പീലാത്തോസ് ചോദിച്ചു:
S ഈ മനുഷ്യന്‍ ഗലീലിയക്കാരനാണോ?
C അവന്‍ ഹേറോദേസിന്റെ അധികാരത്തില്‍പ്പെട്ടവനാണെന്ന് അറിഞ്ഞപ്പോള്‍ പീലാത്തോസ് അവനെ അവന്റെ അടുത്തേക്ക് അയച്ചു. ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമില്‍ ഉണ്ടായിരുന്നു. ഹേറോദേസ് യേശുവിനെ കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട് അവനെ കാണാന്‍ ആഗ്രഹിച്ചിരുന്നു; അവന്‍ ചെയ്യുന്ന ഏതെങ്കിലും ഒരത്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അതിനാല്‍, അവന്‍ പലതും അവനോടു ചോദിച്ചു. പക്‌ഷേ, അവന്‍ ഒന്നിനും ഉത്തരം പറഞ്ഞില്ല. പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവന്റെ മേല്‍ ആവേശപൂര്‍വം കുറ്റം ചുമത്തിക്കൊണ്ട് ചുറ്റും നിന്നിരുന്നു. ഹേറോദേസ് പടയാളികളോടു ചേര്‍ന്ന് അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ അധിക്‌ഷേപിക്കുകയും ചെയ്തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്കു തിരിച്ചയച്ചു. അന്നുമുതല്‍ ഹേറോദേസും പീലാത്തോസും പരസ്പരം സ്‌നേഹിതന്മാരായി. മുമ്പ് അവര്‍ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.
പീലാത്തോസ് പുരോഹിത പ്രമുഖന്മാരെയും നേതാക്കന്മാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു:
S ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഇവനെ എന്റെ മുമ്പില്‍ കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഇവനെ ഞാന്‍ വിസ്തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ ഒന്നുപോലും ഇവനില്‍ ഞാന്‍ കണ്ടില്ല. ഹേറോദേസും കണ്ടില്ല. അവന്‍ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഇവന്‍ ചെയ്തിട്ടില്ല. അതിനാല്‍ ഞാന്‍ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.
C അപ്പോള്‍, അവര്‍ ഏകസ്വരത്തില്‍ ആക്രോശിച്ചു:
G ഇവനെ കൊണ്ടുപോവുക. ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക.
C പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു. അവരാകട്ടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:
G ക്രൂശിക്കുക, അവനെ ക്രൂശിക്കുക
C പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു:
S അവന്‍ എന്തു തിന്മ പ്രവര്‍ത്തിച്ചു? വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഞാന്‍ അവനില്‍ കണ്ടില്ല. അതുകൊണ്ട് ഞാന്‍ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.
C അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബന്ധപൂര്‍വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധം തന്നെ വിജയിച്ചു. അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ – കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ – അവന്‍ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.
അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍ വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു:
✠ ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും. അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും. പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?
C കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും – ക്രൂശിച്ചു. യേശു പറഞ്ഞു:
✠ പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.
C അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു:
S ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവന്‍ ആണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.
C പടയാളികള്‍ അടുത്തുവന്ന് വിനാഗിരി കൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:
G നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.
C ‘ഇവന്‍ യഹൂദരുടെ രാജാവ്’ എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു. കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു:
S നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
C അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു:
S നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.
C അവന്‍ തുടര്‍ന്നു:
S യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!
C യേശു അവനോട് അരുളിച്ചെയ്തു:
✠ സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
C അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു:
✠ പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.
(ഇവിടെ എല്ലാവരും അല്‍പസമയം മുട്ടുകുത്തുന്നു)
C ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു:
S ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.
C കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി. അവന്റെ പരിചയക്കാരും ഗലീലിയില്‍ നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.
യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍ നിന്നുള്ള ജോസഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോചനാസംഘത്തിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു. അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു. അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു. ഗലീലിയില്‍ നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പം പോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ്കരിച്ചു എന്നും കണ്ടു. അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ഏകപുത്രന്റെ പീഡാസഹനംവഴി
അങ്ങേ സംപ്രീതി ഞങ്ങള്‍ക്കു സമീപസ്ഥമാക്കിയല്ലോ.
അതേ സംപ്രീതി ഞങ്ങളുടെ പ്രവൃത്തികളുടെ
യോഗ്യതകളാലല്ലെങ്കിലും
അവിടത്തെ സനാതനമായ ഏകബലിവഴി
അങ്ങേ കാരുണ്യത്താല്‍
മുന്‍കൂട്ടി ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 26:42

പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം
കടന്നുപോകാന്‍ സാധ്യമല്ലെങ്കില്‍
നിന്റെ ഹിതം ഭവിക്കട്ടെ!


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ സംതൃപ്തരായി
അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ പുത്രന്റെ മരണംവഴി,
ഞങ്ങള്‍ വിശ്വസിക്കുന്നവ പ്രത്യാശിക്കാന്‍
ഞങ്ങളെ ഇടയാക്കിയ അങ്ങ്,
അവിടത്തെ ഉത്ഥാനത്തിലൂടെ
ഞങ്ങള്‍ ലക്ഷ്യംവയ്ക്കുന്നേടത്ത്
എത്തിച്ചേരാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Advertisements

Categories: Readings

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s