Tuesday of Holy Week 

🔥 🔥 🔥 🔥 🔥 🔥 🔥

12 Apr 2022

Tuesday of Holy Week 

Liturgical Colour: Violet

പ്രവേശകപ്രഭണിതം

cf. സങ്കീ 27:12

കര്‍ത്താവേ, വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ;
എന്തെന്നാല്‍, കള്ളസാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു;
അവര്‍ ക്രൂരത നിശ്വസിക്കുന്നു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍
ഞങ്ങളെ അങ്ങ് അനുഗ്രഹിക്കുന്നപോലെ,
പാപപ്പൊറുതി പ്രാപിക്കാനും ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 49:1a-6
എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും. കര്‍ത്തൃദാസന്റെ രണ്ടാം ഗാനം.

തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരികെ കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍ വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 71:1-2,3-4a,5-6ab,15ab,17

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
അങ്ങേ നീതിയില്‍ എന്നെമോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ!
എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും
ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന്
അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും
രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന് അപ്രാപ്യമാണ്.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങേ
അത്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു മഹത്വവും സ്തുതിയും.

ഞങ്ങളുടെ രാജാവേ, വാഴ്ക! പിതാവിനെ അനുസരിച്ച്, കൊല്ലാൻ കൊണ്ടു പോകുന്ന ശാന്തമായ കുഞ്ഞാടിനെ പോലെ, കുരിശുമരണത്തിന് അങ്ങ് ആനയിക്കപ്പെട്ടു.

കർത്താവായ യേശുവേ, അങ്ങേയ്ക്കു മഹത്വവും സ്തുതിയും.


സുവിശേഷം

യോഹ 13:21-33b,36-38
നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും; നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.

യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരിക്കവേ ആത്മാവില്‍ അസ്വസ്ഥനായി അരുളിചെയ്തു: ‘‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.’’ അവന്‍ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യന്മാര്‍ ആകുലചിത്തരായി പരസ്പരം നോക്കി. ശിഷ്യന്മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു. ശിമയോന്‍ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവന്‍ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക. യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്നു കിടന്നുകൊണ്ട് അവന്‍ ചോദിച്ചു: ‘‘കര്‍ത്താവേ, ആരാണത്?’’ അവന്‍ പ്രതിവചിച്ചു: ‘‘അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ.’’ അവന്‍ അപ്പക്കഷണം മുക്കി ശിമയോന്‍ സ്‌കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: ‘‘നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക.’’ എന്നാല്‍, ഭക്ഷണത്തിനിരുന്നവരില്‍ ആരും അവന്‍ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല. പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍ , നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തു പോയി. അപ്പോള്‍ രാത്രിയായിരുന്നു.
അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ‘‘ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്ക് വരാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.’’
ശിമയോന്‍ പത്രോസ് ചോദിച്ചു: ‘‘കര്‍ത്താവേ, നീ എവിടേക്കു പോകുന്നു?’’ യേശു പ്രതിവചിച്ചു: ‘‘ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും.’’ പത്രോസ് പറഞ്ഞു: ‘‘കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും.’’ യേശു പ്രതിവചിച്ചു: ‘‘നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.’’

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ തൃക്കണ്‍പാര്‍ക്കുകയും
ദിവ്യദാനങ്ങളില്‍ അവര്‍ പങ്കുകാരായി
അവയുടെ പൂര്‍ണതയില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

റോമാ 8:32

ദൈവം സ്വപുത്രനെപ്പോലും ഒഴിവാക്കാതെ
നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്പിച്ചുതന്നു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment