ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും
ലോക രക്ഷയ്ക്കായി ഈശോ കാൽവരിയിലെ മരക്കുരിശിൽ മരിക്കുമ്പോൾ കുരിശിൻ ചുവട്ടിൽ നിന്നവരിൽ പരിശുദ്ധ മറിയ മൊഴികെ മറ്റെല്ലാവരും ഈശോയുടെ കുരിശുമരണം അവന്റെ അവസാനമായാണു കണ്ടത്. വെള്ളം വീഞ്ഞാക്കിയവൻ മുടന്തനും ഊമനും ബധിരനും സൗഖ്യമേകിയവൻ, മരിച്ചവർക്കു ജീവൻ നൽകിയവൻ ഇതാ മരണത്തിനു കീഴടങ്ങിയിരിക്കുന്നു. അവൻ മർദ്ദനമേൽക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അവമാനിതനാവുകയും ചെയ്തു. അവനെ രക്ഷിക്കുവാനോ, മോചിപ്പിക്കുവാനോ ആരും വന്നില്ല. ലോകത്തിന്റെ ദൃഷ്ടിയിൽ ഈശോ ഒരു വലിയ പരാജയമായിരുന്നു. കുരിശിൽ തൂങ്ങി നിൽക്കുന്ന ഈ ദൈവപുത്രനെ മനുഷ്യനായി പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. യഹൂദർക്കു അവൻ വെറും പരാജിതനായ മിശിഹയാണ്. എന്നാൽ കാൽവരി മലമുകൾ എന്ന ദൈവസ്നേഹത്തിന്റെ അക്കാദമിയിൽ സവിശേഷകന്മാർ ഈശോയുടെ കുരിശുമരണത്തിതിലൂടെ പഠിപ്പിക്കുന്ന നാലു സത്യങ്ങൾ നമുക്കു തിരിച്ചറിയാം.
1) ഈശോ ദിവ്യ വൈദ്യൻ
മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.(യോഹന്നാന്‍ 3 : 14-15). ആഗ്നേയ സർപ്പങ്ങളുടെ ദംശനമേറ്റ് ഇസ്രായേൽ ജനത്തിൽ വളരെപ്പേർ മരുഭൂമിയിൽ മരിച്ചു വീണപ്പോൾ ജനം മോശയുടെ അടുക്കൽ വന്നു പറഞ്ഞു. അങ്ങേയ്ക്കും കർത്താവിനും എതിരായി സംസാരിച്ചു, ഞങ്ങൾ പാപം ചെയ്തു. ഈ സർപ്പങ്ങളോടു പിൻ വാങ്ങാൻ കർത്താവിനോടു പ്രാർത്ഥിക്കണമേ. മോശ ജനത്തിനു വേണ്ടി കർത്താവിനോടു പ്രാർത്ഥിച്ചു. കർത്താവ് മോശയോടു പറഞ്ഞു, ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. സർപ്പ ദംശനമേറ്റവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചള കൊണ്ടു സർപ്പത്തെ ഉണ്ടാക്കി ഒരു വടിയിൽ ഉയർത്തി നിർത്തി. ദംശനമേറ്റവർ അതിൽ നോക്കി അവർ ജീവിച്ചു. (സംഖ്യാ 21:6-9). യവനപാരമ്പര്യത്തിൽ വടിയിൽ ചുറ്റപ്പെട്ട പാമ്പ് (Road of Asclepius) വൈദ്യന്മാരെ സുചിപ്പിക്കുന്ന അടയാളമാണ്. യോഹന്നാന്റെ വീക്ഷണത്തിൽ മനുഷ്യവംശത്തിന്റെ മുറിവുകൾ ഉണക്കാൻ ദൈവ പിതാവയച്ച ദിവ്യ ഭിഷ്വശ്വരനാണ് (Divine Healer) ആണ് ഈശോ
2) സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്ന ബലിപീഠമാണ് കാൽവരിയിലെ കുരിശ്
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.(യോഹന്നാന്‍ 15 : 13 ).ദൈവപുത്രൻ എന്തിനു വേണ്ടി കുരിശിൽ മരിച്ചു? ഉത്തരം ഉന്നേയുള്ളു. മനുഷ്യവംശത്തെ അവൻ സ്നേഹിച്ചിരുന്നു. ദൈവസ്നേഹത്തിന്റെ അടയാളവും ആവിഷ്ക്കാരവുമാണ് ഈശോയുടെ കുരിശു മരണം. ആ സ്നേഹം മറ്റുള്ളവർക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ മനുഷ്യവംശത്തെ മെനയുന്നു.
3) ക്രൂശിതൻ പറുദീസയിലേക്കുള്ള ചൂണ്ടു പലകയാണ്
ഈശോ തന്റെ വലതു ഭാഗത്തുള്ള കള്ളനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.(ലൂക്കാ 23 : 43). ഇത്ര വേഗതയിൽ പറുദീസാ സ്വന്തമാക്കിയ ഒരുവൻ ഈ ഭൂമിയിൽ ഉണ്ടാവില്ല. ഈശോയെ നോക്കി “നീ നിന്‍െറ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! (ലൂക്കാ 23 : 42) എന്ന ഒറ്റ പ്രാർത്ഥന നല്ല കള്ളനെ പറുദീസയിൽ എത്തിക്കുന്നു. ക്രൂശിതനെ നോക്കുന്നവർ പറുദീസയുടെ വഴിയിലാണ്.
4) മരണം ഒരു സമർപ്പണമാണ്
വിശുദ്ധ കുരിശിന്റെ സുവിശേഷകനായ വി. ലൂക്കായുടെ ഭാഷ്യമനുസരിച്ച് ഈശോ കുരിശിൽ കിടന്നു മരിക്കുന്നതിനു തൊട്ടു മുമ്പ് യഹൂദരുടെ സായാഹ്ന സങ്കീർത്തനം 31 ചൊല്ലുന്നു. ഭക്തരായ യഹൂദർ ദൈവാലയത്തിൽ ഈ പ്രാർത്ഥന ചൊല്ലുന്ന സമയത്ത് കുരിശിൽ കിടന്ന് യേശുവും ഈ സങ്കീർത്തനം ഉരുവിടുന്നു. അതിൽ “പിതാവേ ” എന്ന ഒരു വാക്കു കൂട്ടിച്ചേർത്താണ് അവന്റെ പ്രാർത്ഥന “പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ” (ലൂക്കാ 23 : 46)കുരിശിലെ ബലി വഴി യേശു മരണത്തിന്റെ ആധിപത്യത്തിൽ നിന്നു നമ്മെ വിമോചിപ്പിച്ചു. മരണത്തിനു പുതിയ ഒരു മാനം അവൻ നൽകി. മരണത്തെ ഒരു പരിപൂർണ്ണ സമർപ്പണമായി ഉയർത്തി. അന്ധകാരത്തിന്റെ അഗാധമായ ചൂഴിയിലേക്കല്ല മറിച്ചു സ്നേഹപിതാവിന്റെ ഭവനത്തിലേക്കുള്ള മടക്കയാത്രയാക്കി മരണത്തെ കുരിശിലെ തന്റെ സമർപ്പണത്തിലൂടെ അവൻ പുനർ നിർവചിച്ചു.
കുരിശിൽ മരിക്കാൻ ഈശോ വിശദീകരണം അന്വോഷിച്ചില്ല. മനുഷ്യവംശത്തെ സ്നേഹിക്കാൻ ദൈവം വിശദീകരണങ്ങൾ നേടാത്ത കുരിശിൽ ചുവട്ടിൽ വിശുദ്ധ ആഗസ്തിനോസിന്റെ വാക്കുകൾ മറക്കാതെ നമുക്കു സൂക്ഷിക്കാം.”ദൈവത്തിനു പാപമില്ലാത്ത ഒരു മകൻ ഭൂമിയിൽ ഉണ്ടായിരുന്നു. എന്നാൽ സഹനങ്ങളില്ലാത്ത ആരും ഇല്ലായിരുന്നു.”
വിശുദ്ധ കുരിശിനെ സ്നേഹിക്കാനും ക്രൂശിതനെ ആശ്ലേഷിക്കാനും ക്രൂശിതൻ കരുത്തു പകരട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment