Easter Wednesday Readings

🔥 🔥 🔥 🔥 🔥 🔥 🔥

*20 Apr 2022*

*Easter Wednesday* 

*Liturgical Colour: White.**പ്രവേശകപ്രഭണിതം*

cf. മത്താ 25:34

എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍;
ലോകസംസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി
സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍, അല്ലേലൂയാ.

*സമിതിപ്രാര്‍ത്ഥന*

ദൈവമേ, കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ മഹോത്സവത്താല്‍
ആണ്ടുതോറും ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ.
ഇഹത്തില്‍ ഞങ്ങളാഘോഷിക്കുന്ന തിരുനാളുകള്‍ വഴി,
നിത്യാനന്ദത്തില്‍ എത്തിച്ചേരുന്നതിന്
ഞങ്ങള്‍ അര്‍ഹരാകാന്‍ കാരുണ്യപൂര്‍വം കനിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

അപ്പോ. പ്രവ. 3:1-10
എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.

ഒരു ദിവസം ഒമ്പതാം മണിക്കൂറിലെ പ്രാര്‍ഥനയ്ക്കു പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോവുകയായിരുന്നു. ജന്മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്ഷ യാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്‍ക്കല്‍ അവനെ കിടത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് അവന്‍ അവരോടു ഭിക്ഷയാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക. അവരുടെ പക്കല്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവന്‍ അവരെ നോക്കി. പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക. പത്രോസ് വലത്തുകൈയ്ക്കു പിടിച്ച് അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചും കൊണ്ട് അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു. അവന്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു. ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മനസ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവര്‍ അദ്ഭുതസ്തബ്ധരായി.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 105:1-2,3-4,6-7,8-9

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍;
അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;
സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അവിടുന്നു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും;
തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി,
ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനം തന്നെ.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!


അനുക്രമഗീതം


വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

*സുവിശേഷ പ്രഘോഷണവാക്യം*

സങ്കീ.118/24

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

അല്ലേലൂയ!

*സുവിശേഷം*

ലൂക്കാ 24:13-35
അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞു.

യേശു ഉയിര്‍ത്തെഴുന്നേറ്റ ആ ദിവസം തന്നെ അപ്പോസ്തലന്മാരില്‍ രണ്ടുപേര്‍ ജറുസലെമില്‍ നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. അവന്‍ അവരോടു ചോദിച്ചു: ‘‘എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്?’’ അവര്‍ മ്‌ളാനവദനരായിനിന്നു. അവരില്‍ ക്ലെയോപാസ് എന്നു പേരായവന്‍ അവനോടു ചോദിച്ചു: ‘‘ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?’’ അവന്‍ ചോദിച്ചു: ‘‘ഏതു കാര്യങ്ങള്‍?’’ അവര്‍ പറഞ്ഞു: ‘‘നസറായനായ യേശുവിനെക്കുറിച്ചു തന്നെ. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പുരോഹിതപ്രമുഖന്മാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്‍പിച്ചു കൊടുക്കുകയും ക്രൂശിക്കുകയും ചെയ്തു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു. അവന്റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല.’’ അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ‘‘ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?’’ മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ യാത്ര തുടരുകയാണെന്നു ഭാവിച്ചു. അവര്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടു പറഞ്ഞു: ‘‘ഞങ്ങളോടു കൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി.’’ അവന്‍ അവരോടു കൂടെ താമസിക്കുവാന്‍ കയറി. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി. അവര്‍ പരസ്പരം പറഞ്ഞു: ‘‘വഴിയില്‍വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?’’ അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പം ഉണ്ടായിരുന്നവരെയും കണ്ടു. കര്‍ത്താവു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, മനുഷ്യരക്ഷയുടെ ബലിവസ്തുക്കള്‍ സ്വീകരിക്കുകയും
മനസ്സിന്റെയും ശരീരത്തിന്റെയും രക്ഷ
ഞങ്ങളില്‍ പ്രീതിപൂര്‍വം പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

cf. ലൂക്കാ 24:35

കര്‍ത്താവായ യേശുവിനെ അപ്പം മുറിക്കലില്‍
ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു, അല്ലേലൂയാ.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, ഭക്ത്യാദരപൂര്‍വം ഞങ്ങള്‍ സ്വീകരിച്ച
അങ്ങേ പുത്രന്റെ കൂദാശ
ഞങ്ങളെ പഴയതില്‍ നിന്നെല്ലാം ശുദ്ധീകരിച്ച്,
നവസൃഷ്ടിയായി രൂപാന്തരപ്പെടുത്താന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s