🔥 🔥 🔥 🔥 🔥 🔥 🔥
26 Apr 2022
Tuesday of the 2nd week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
വെളി 19:7,6
നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.
ദൈവത്തിന് മഹത്ത്വം നല്കാം.
എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ
കര്‍ത്താവു വാഴുന്നു, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഉത്ഥിതനായ കര്‍ത്താവിന്റെ ശക്തി പ്രഖ്യാപിക്കാന്‍
ഞങ്ങള്‍ക്കിടയാക്കണമേ.
അങ്ങനെ, അവിടത്തെ അനുഗ്രഹത്തിന്റെ വാഗ്ദാനം
സ്വീകരിച്ച ഞങ്ങള്‍
ദൃശ്യമായ ദാനങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 4:32-37
വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു.
വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പോസ്തലന്മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടെയും മേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായി ഉണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പോസ്തലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. ബാര്‍ണബാസ് എന്ന അപരനാമത്താല്‍ അപ്പോസ്തലന്മാര്‍ വിളിച്ചിരുന്നവനും – ഈ വാക്കിന്റെ അര്‍ഥം ആശ്വാസപുത്രന്‍ എന്നാണ് – സൈപ്രസ് സ്വദേശിയും ലേവായനുമായ ജോസഫ് തന്റെ വയല്‍ വിറ്റുകിട്ടിയ പണം അപ്പോസ്തലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 93:1ab,1cd-2,5
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവു വാഴുന്നു;
അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു
അവിടുന്നു ശക്തികൊണ്ട്
അരമുറുക്കിയിരിക്കുന്നു.
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല.
അങ്ങേ സിംഹാസനം
പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
അങ്ങേ കല്‍പന
വിശ്വാസ്യവും അലംഘനീയവുമാണ്;
കര്‍ത്താവേ, പരിശുദ്ധി
അങ്ങേ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന്, മനുഷ്യപുത്രനും ഉയിർത്തപ്പെടേണ്ടിയിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
യോഹ 3:7-15
സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.
യേശു നിക്കൊദേമോസിനോട് പറഞ്ഞു: നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതു കൊണ്ടു നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍ നിന്നു ജനിക്കുന്ന ഏവനും. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ? സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല. ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍വഴി
ഞങ്ങളെന്നും കൃതജ്ഞതാ നിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര പ്രവര്‍ത്തനം
ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 24:46,26
ക്രിസ്തു സഹിക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും
അങ്ങനെ തന്റെ മഹത്ത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യേണ്ടിയിരുന്നു,
അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ.
ഞങ്ങളുടെ പരിത്രാണത്തിന്റെ ഈ പരമപരിശുദ്ധ വിനിമയം
ഞങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ സഹായം പ്രദാനംചെയ്യുകയും
നിത്യാനന്ദത്തിന് ഞങ്ങളെ അര്‍ഹരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️❤️❤️❤️❤️❤️