ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മ

ലെപ്പന്റോ യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ അല്ലെ ? ക്രിസ്ത്യാനികളുടെ സഹായമേ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്തത് ലെപ്പന്റോ വിജയത്തോടു കൂടെയാണ്.

ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലനാണ് അഞ്ചാം പീയൂസ് പാപ്പയായി , ലെപ്പന്റോ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ക്രിസ്തീയ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പാപ്പ ആയി മാറിയത്.

നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് വിളിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.

ക്രൈസ്തവലോകത്തെ മുഴുവൻ ശക്തിയും സമന്വയിപ്പിച്ച് ഈ ശത്രുക്കളുടെ മേൽ വിജയം നേടുക എന്നത് പീയൂസ് അഞ്ചാമൻ പാപ്പയുടെ സ്വപ്നമായിരുന്നു. അവർ ക്രൂരമായി സൈപ്രസ് പിടിച്ചെടുത്തപ്പോൾ അത് നിവൃത്തിയാക്കേണ്ട സമയമായി. തമ്മിൽ തമ്മിലുള്ള യുദ്ധം നിർത്തി തുർക്കികൾക്കെതിരെയുള്ള യുദ്ധത്തിന് ഒരുമിച്ചു നിൽക്കാൻ അഞ്ചാം പീയൂസ് പാപ്പ കണ്ണീരോടെ ക്രിസ്ത്യൻ ഭരണകർത്താക്കളോട് അഭ്യർത്ഥിച്ചു. 1571 ൽ അങ്ങനെയൊരു സേന ഓസ്ട്രിയയിലെ ഡോൺ ജുവാന്റെ നേതൃത്വത്തിൽ അണിനിരന്നു. ശക്തമായ കാറ്റിനു വേണ്ടി കാത്തിരിക്കുന്നതിനിടെ ഡോൺ ജുവാനും കൂട്ടരും മൂന്നു ദിവസം ഉപവസിച്ചു. ക്രിസ്ത്യൻ സേന ഗ്രീസിലെ കൊറിന്തിന് അടുത്ത് ലെപ്പന്റോയിൽ തുർക്കി സൈന്യവുമായി നേർക്കുനേർ ഏറ്റുമുട്ടി . അതിനു മുൻപ് ഓരോ ക്രിസ്ത്യാനികളും കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചിരുന്നു. പരിശുദ്ധ പിതാവ് ക്രിസ്തീയസൈന്യത്തെ ഗ്വാഡലുപ്പേ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിച്ച് തൻറെ അനുഗ്രഹങ്ങൾ വർഷിച്ചു.

രാവിലെ 6 മണിക്ക് തുടങ്ങിയ യുദ്ധം വൈകീട്ട് വരെ നീണ്ടു. തുർക്കിപ്പട എണ്ണത്തിൽ വളരെ മുന്നിട്ടു നിന്നെങ്കിലും തോൽവി സമ്മതിച്ചു. ആ സായാഹ്നത്തിൽ അഞ്ചാം പീയൂസ് പാപ്പ, ബുസ്സൊറ്റി പ്രഭുവുമായി ഭരണകാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ രഹസ്യസന്ദേശം ലഭിച്ചത് പോലെ പീയൂസ് പാപ്പ എണീറ്റ് ജനലിനരികിലേക്ക് പോയി കിഴക്കിനഭിമുഖമായി നിന്നിട്ടു പറഞ്ഞു, ” നമുക്ക് കർത്താവിനോട് നന്ദി പറയാം. പരിശുദ്ധ കന്യാമറിയം നമുക്ക് അത്ഭുതം നേടിത്തന്നിരിക്കുന്നു. ക്രിസ്റ്റ്യൻ സേന വിജയിച്ചിരിക്കുന്നു”.

അടുത്ത രണ്ടാഴ്ച എടുത്തു ലോകം ആ വാർത്ത അറിയാൻ. പാപ്പ സെന്റ് പീറ്റേഴ്‌സിലേക്ക് ദൈവസ്തുതി പാടി ഘോഷയാത്ര നടത്തി . എല്ലായിടത്തും സന്തോഷം അലയടിച്ചു. പരിശുദ്ധ അമ്മ നേടിത്തന്ന വിജയത്തിന്റെ സ്മരണക്കായി ഒക്ടോബർ 7 പരിശുദ്ധ ജപമാലയുടെ തിരുന്നാൾ ആയി പ്രഖ്യാപിച്ചു കൊണ്ടും മാതാവിന്റെ ലുത്തിനിയയിൽ ക്രിസ്ത്യാനികളുടെ സഹായമേ എന്ന് കൂട്ടിച്ചേർത്തു കൊണ്ടും അഞ്ചാം പീയൂസ് പാപ്പ ഉത്തരവിറക്കി.

ഇപ്പോഴും യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം യാചിക്കാം …യുദ്ധം ജയിക്കാനല്ല , അവസാനിപ്പിക്കാൻ

ജിൽസ ജോയ് ✍️

Advertisements
Mary Help of Christians
Advertisements
Advertisements

Leave a comment