🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
🔵 ഞായർ, 1/5/2022
3rd Sunday of Easter
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 66:1-2
സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,
അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,
സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
ദൈവമേ, നവീകരണത്തിലൂടെ
മാനസികയുവത്വം പ്രാപിച്ച അങ്ങേ ജനം
എപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.
അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍
ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,
ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനം
കൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 5:27-32,40-41
ഈ സംഭവങ്ങള്‍ക്കു ഞങ്ങളും പരിശുദ്ധാത്മാവും സാക്ഷികളാണ്.
പ്രധാന പുരോഹിതന് അപ്പോസ്തലന്മാരോടു പറഞ്ഞു: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. പത്രോസും അപ്പോസ്തലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്കാന് ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി. ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.
അവര്‍ അപ്പോസ്തലന്മാരെ അകത്തു വിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്പിച്ച്, അവരെ വിട്ടയച്ചു. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 30:1,3-5a,10-12
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
or
അല്ലേലൂയ!
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും,
അവിടുന്ന് എന്നെ രക്ഷിച്ചു;
എന്റെ ശത്രു എന്റെമേല്‍
വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
കര്‍ത്താവേ, അവിടുന്ന് എന്നെ
പാതാളത്തില്‍ നിന്നു കരകയറ്റി;
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്
എന്നെ ജീവനിലേക്ക് ആനയിച്ചു.
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
or
അല്ലേലൂയ!
കര്‍ത്താവിന്റെ വിശുദ്ധരേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍;
അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ;
അവിടുത്തെ പ്രസാദം
ആജീവനാന്തം നിലനില്ക്കുന്നു.
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
or
അല്ലേലൂയ!
കര്‍ത്താവേ, എന്റെ യാചന കേട്ട്
എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ, അവിടുന്ന്
എന്നെ സഹായിക്കണമേ!
അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി;
ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
or
അല്ലേലൂയ!
രണ്ടാം വായന
വെളി 5:11-14
കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.
ഞാന്‍, യോഹന്നാന്, സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും ചുറ്റും അനേകം ദൂതന്മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും. നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്ഠന്മാര് സാഷ്ടാംഗംവീണ് ആരാധിച്ചു.
കർത്താവിന്റെ വചനം.
സുവിശേഷം
യോഹ 21:1-19
യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.
യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ശിമയോന് പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍ നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്മാര് എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന് പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ യേശു കടല്ക്കരയില് വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാര് അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന് പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യന് പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നു കേട്ടപ്പോള്‍ ശിമയോന് പത്രോസ് താന്‍ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാല്‍, മറ്റു ശിഷ്യന്മാര് മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍ നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള് തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. ഉടനെ ശിമയോന് പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും. യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.
അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന് പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന് പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവന് ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവന് പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന് പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവന് മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവന് ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന് പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന് നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. ഇത് അവന് പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന
സഭയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍
അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനം ചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 24:35
കര്‍ത്താവായ യേശുവിനെ
അപ്പം മുറിക്കലില്‍ ശിഷ്യന്മാര് തിരിച്ചറിഞ്ഞു,
അല്ലേലൂയാ.
Or:
cf. യോഹ 21:12-13
യേശു തന്റെ ശിഷ്യന്മാരോട് അരുള്‍ചെയ്തു:
വരുവിന്‍, പ്രാതല്‍ കഴിക്കുവിന്‍.
അവന് അപ്പമെടുക്കുകയും അവര്‍ക്കു കൊടുക്കുകയും ചെയ്തു,
അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ
അക്ഷയമായ ഉത്ഥാനത്തിലേക്ക് എത്തിച്ചേരാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵