4th Sunday of Easter 

🔥 🔥 🔥 🔥 🔥 🔥 🔥

08 May 2022

4th Sunday of Easter 

Liturgical Colour: White.

പ്രവേശകപ്രഭണിതം
cf. സങ്കീ 33:5-6

കര്‍ത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗീയ സന്തോഷത്തിന്റെ പങ്കാളിത്തത്തിലേക്ക് ഞങ്ങളെ നയിക്കണമേ.
അങ്ങനെ, ശക്തനായ ഇടയന്‍ മുമ്പേ പോയേടത്ത്
എളിയ അജഗണവും എത്തിച്ചേരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 13:14,43-52
ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.

പൗലോസും ബാര്‍ണബാസും പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോകായില്‍ വന്നെത്തി. സാബത്തു ദിവസം അവര്‍ സിനഗോഗില്‍ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.
സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോള്‍ പല യഹൂദരും യഹൂദമതത്തില്‍ പുതുതായി ചേര്‍ന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
അടുത്ത സാബത്തില്‍ ദൈവവചനം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു. ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട് പൗലോസ് പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു. പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതു കൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കി തീര്‍ത്തിരിക്കുന്നതു കൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷഭരിതരായി കര്‍ത്താവിന്റെ വചനത്തെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു. കര്‍ത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു. എന്നാല്‍, യഹൂദന്മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാര്‍ണബാസിനും എതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. ശിഷ്യന്മാര്‍ ആനന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 100:1-2,3,5

നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
or
അല്ലേലൂയാ!

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
or
അല്ലേലൂയാ!

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;
അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
or
അല്ലേലൂയാ!

കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.

നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
or
അല്ലേലൂയാ!

രണ്ടാം വായന

വെളി 7:9,14b-17
കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും.

ഞാന്‍, യോഹന്നാന്‍, നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. ശ്രേഷ്ഠന്മാരിലൊരുവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍ നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍. അതുകൊണ്ട് ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്‍കും. ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല.എന്തെന്നാല്‍, സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ തുടച്ചു നീക്കും.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

യോഹ. 10/14.

അല്ലേലൂയ!അല്ലേലൂയ!

ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 10:27-30
ഞാന്‍ എന്റെ ആടുകള്‍ക്ക് നിത്യജീവന്‍ നല്‍കുന്നു.

യേശു പറഞ്ഞു: എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍ നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍വഴി
ഞങ്ങളെന്നും കൃതജ്ഞതാ നിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര പ്രവര്‍ത്തനം
ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

തന്റെ ആടുകള്‍ക്കു വേണ്ടി സ്വജീവനര്‍പ്പിക്കുകയും
അജഗണത്തിനു വേണ്ടി മരിക്കാന്‍ തിരുമനസ്സാകുകയും ചെയ്ത
നല്ലിടയന്‍ ഉയിര്‍ത്തെഴുന്നേറ്റു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

നല്ലിടയാ, അങ്ങേ അജഗണത്തെ
കരുണയോടെ കടാക്ഷിക്കുകയും
അങ്ങേ പുത്രന്റെ വിലയേറിയ രക്തത്താല്‍
വീണ്ടെടുത്ത അജഗണത്തെ
നിത്യമായ മേച്ചില്‍സ്ഥലങ്ങളിലേക്ക് ഒരുമിച്ചുകൂട്ടാന്‍
തിരുവുള്ളമാവുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s