5th Sunday of Easter 

🔥 🔥 🔥 🔥 🔥 🔥 🔥

15 May 2022

5th Sunday of Easter 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 98:1-2

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍.
എന്തെന്നാല്‍, കര്‍ത്താവ് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടന്ന് തന്റെ നീതി ജനതകളുടെ മുമ്പില്‍ വെളിപ്പെടുത്തി,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.
അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍
അങ്ങ് ഇടയാക്കിയ ഇവര്‍,
അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍
സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനും
നിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 14:21-27
അവര്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നു വിശദീകരിച്ചു.

പൗലോസും ബാര്‍ണബാസും ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു. വിശ്വാസത്തില്‍ നിലനില്‍ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്സിനെ അവര്‍ ശക്തിപ്പെടുത്തി. അവര്‍ സഭകള്‍തോറും ശ്രേഷ്ഠന്മാരെ നിയമിച്ച് പ്രാര്‍ഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു. പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. പെര്‍ഗായില്‍ വചനം പ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. അവര്‍ അവിടെ എത്തിയപ്പോള്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചു എന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തു എന്നും വിശദീകരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:8-9,10-11,12-13

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.
or
അല്ലേലൂയ!

കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.
or
അല്ലേലൂയ!

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.
or
അല്ലേലൂയ!

അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു.

എന്റെ ദൈവവും രാജാവുമായ കര്‍ത്താവേ, അങ്ങേ നാമത്തെ ഞാന്‍ എന്നേക്കും വാഴ്ത്തും.
or
അല്ലേലൂയ!

രണ്ടാം വായന

വെളി 21:1a-5
വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.

ഞാന്‍, യോഹന്നാന്‍, ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാസനത്തില്‍ നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

യോഹ.13/34.

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു.ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

യോഹ 13:31-33a,34-35
ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍.

യൂദാസ് പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും.
എന്റെ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയം കൂടി മാത്രമേ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കൂ. ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെ തന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 15:1,5

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ,
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ,
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്ക്
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s