🔥 🔥 🔥 🔥 🔥 🔥 🔥
16 May 2022
Monday of the 5th week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
തന്റെ ആടുകള്‍ക്കു വേണ്ടി ജീവാര്‍പ്പണം ചെയ്യുകയും
തന്റെ അജഗണത്തിനു വേണ്ടി മരിക്കാന്‍ തിരുമനസ്സാവുകയും ചെയ്ത
നല്ലിടയന്‍ ഉത്ഥാനം ചെയ്തിരിക്കുന്നു, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വലത്തുകരം നിരന്തരസഹായത്താല്‍
അങ്ങേ കുടുംബത്തെ വലയംചെയ്യണമേ.
അങ്ങേ ജാതനായ ഏകപുത്രന്റെ ഉത്ഥാനത്താല്‍,
സമസ്ത തിന്മകളിലും നിന്നു സംരക്ഷിക്കപ്പെട്ട്
സ്വര്‍ഗീയദാനങ്ങളാല്‍ അവര്‍ മുന്നേറുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 14:5-18
വ്യര്‍ഥമായ ഈ രീതികളില്‍ നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.
അപ്പോസ്തലന്മാരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി. ഇതറിഞ്ഞ് അവര്‍ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെര്‍ബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. അവിടെ അവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.
കാലുകള്‍ക്കു സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായില്‍ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പൗലോസ് പ്രസംഗിക്കുന്നത് അവന്‍ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാന്‍ തക്ക വിശ്വാസം അവനുണ്ടെന്നു കണ്ട് പൗലോസ് ഉച്ചത്തില്‍ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നില്‍ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു. പൗലോസ് ചെയ്ത ഈ പ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്മാര്‍ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാല്‍ അവനെ ഹെര്‍മസ് എന്നും വിളിച്ചു. നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്‌ഷേത്രത്തിലെ പുരോഹിതന്‍ കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍ വന്ന് ജനങ്ങളോടു ചേര്‍ന്നു ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതറിഞ്ഞ് അപ്പോസ്തലന്മാരായ ബാര്‍ണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെ തന്നെയുള്ള മനുഷ്യരാണ്. വ്യര്‍ഥമായ ഈ രീതികളില്‍ നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. കഴിഞ്ഞ തലമുറകളില്‍ എല്ലാ ജനതകളെയും സ്വന്തം മാര്‍ഗങ്ങളില്‍ സഞ്ചരിക്കാന്‍ അവിടുന്ന് അനുവദിച്ചു. എങ്കിലും, നന്മ പ്രവര്‍ത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നല്‍കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നല്‍കിക്കൊണ്ടിരുന്നു. അവര്‍ ഇപ്രകാരം പറഞ്ഞു തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍ നിന്നു ജനങ്ങളെ കഷ്ടിച്ചു പിന്‍തിരിപ്പിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 115:1-2, 3-4, 15-16
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങേ നാമത്തിനാണു മഹത്വമുണ്ടാകട്ടെ.
or
അല്ലേലൂയ!
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,
അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയുംപ്രതി
അങ്ങേ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്.
അവരുടെ ദൈവമെവിടെ എന്നു ജനതകള്‍
പറയാന്‍ ഇടയാക്കുന്നതെന്തിന്?
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങേ നാമത്തിനാണു മഹത്വമുണ്ടാകട്ടെ.
or
അല്ലേലൂയ!
നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്;
തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണവും വെള്ളിയുമാണ്;
മനുഷ്യരുടെ കരവേലകള്‍ മാത്രം!
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങേ നാമത്തിനാണു മഹത്വമുണ്ടാകട്ടെ.
or
അല്ലേലൂയ!
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു
നിങ്ങളെ അനുഗ്രഹിക്കട്ടെ!
ആകാശം കര്‍ത്താവിനു മാത്രമുള്ളത്;
എന്നാല്‍, ഭൂമി അവിടുന്നു മനുഷ്യമക്കള്‍ക്കു നല്‍കിയിരിക്കുന്നു.
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങേ നാമത്തിനാണു മഹത്വമുണ്ടാകട്ടെ.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് ഉത്ഥാനംചെയ്യുകയും തൻ്റെ രക്തത്താൽ വീണ്ടെടുത്ത നമ്മെ പ്രകാശിപ്പിക്കുകയും ചെയ്തു.
അല്ലേലൂയ!
സുവിശേഷം
യോഹ 14:21-26
പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും.
യേശു തന്റെ ശിഷ്യരോട് പറഞ്ഞു: എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും. യൂദാസ് – യൂദാസ്‌കറിയോത്തായല്ല – അവനോടു പറഞ്ഞു: കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്? യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റെതല്ല; എന്നെ അയച്ച പിതാവിന്റെതാണ്. നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ബലിവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
ഞങ്ങളുടെ പ്രാര്‍ഥനകളും അങ്ങേ പക്കലേക്ക് ഉയരട്ടെ.
അങ്ങനെ, അങ്ങേ മഹാമനസ്‌കതയാല്‍ ശുദ്ധീകരിക്കപ്പെട്ട്,
അങ്ങേ മഹാകാരുണ്യത്തിന്റെ രഹസ്യങ്ങള്‍ക്ക്
ഞങ്ങള്‍ യോഗ്യരായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 14:27
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നിങ്ങളെ സമാധാനം ഏല്പിച്ചിട്ടു പോകുന്നു,
എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു.
ലോകം നല്കുന്ന പോലെയല്ല ഞാന്‍ നല്കുന്നത്, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍
അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.
പെസഹാരഹസ്യത്തിന്റെ ഫലങ്ങള്‍ ഞങ്ങളില്‍ വര്‍ധമാനമാക്കുകയും
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് രക്ഷാകരമായ ഭോജ്യത്തിന്റെ ശക്തി
ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️