🔥 🔥 🔥 🔥 🔥 🔥 🔥
22 May 2022
6th Sunday of Easter
If the Ascension of the Lord is going to be celebrated next Sunday, the alternative Second Reading and Gospel shown here (which would otherwise have been read on that Sunday) may be used today.
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. ഏശ 48:20
സന്തോഷത്തിന്റെ സന്ദേശം പ്രഖ്യാപിക്കുക;
അത് കേള്‍ക്കപ്പെടട്ടെ.
കര്‍ത്താവ് തന്റെ ജനത്തെ രക്ഷിച്ചുവെന്ന്
ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക,
അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഉത്ഥിതനായ കര്‍ത്താവിന്റെ മഹിമയ്ക്കായി
ഞങ്ങള്‍ അനുഷ്ഠിക്കുന്ന സന്തോഷത്തിന്റെ ഈ ദിനങ്ങള്‍
ഭക്തിതീക്ഷ്ണതയോടെ ആഘോഷിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, അതിന്റെ സ്മരണയാല്‍ ഞങ്ങള്‍ ആചരിക്കുന്നത്
പ്രവൃത്തിയിലും എപ്പോഴും നിലനിര്‍ത്തുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 15:1-2,22-29
അത്യാവശ്യ കാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി.
യൂദയായില്‍ നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയുംചെയ്തു. തന്മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.
തങ്ങളില്‍ നിന്നു ചിലരെ തെരഞ്ഞെടുത്ത് ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പോസ്തലന്മാര്‍ക്കും ശ്രേഷ്ഠന്മാര്‍ക്കും സഭയ്ക്കു മുഴുവനും തോന്നി. സഹോദരന്മാരില്‍ നേതാക്കന്മാരായിരുന്ന ബാര്‍സബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവര്‍ അയച്ചു. എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍ നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു. ഞങ്ങളില്‍ ചിലര്‍ പ്രസംഗങ്ങള്‍ മുഖേന നിങ്ങള്‍ക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍കേട്ടു. ഞങ്ങള്‍ അവര്‍ക്കു യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല. അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ പ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ. അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍തന്നെ അവര്‍ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും. താഴെപ്പറയുന്ന അത്യാവശ്യ കാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍ നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍ നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 67:1-2,4,5,7
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
ദൈവം നമ്മോടു കൃപ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങേ വഴി ഭൂമിയിലും അങ്ങേ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
ജനതകളെല്ലാം ആഹ്‌ളാദിക്കുകയും
ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
രണ്ടാം വായന
വെളി 21:10-14,22-23
ദൂതന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
അനന്തരം, ദൂതന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു. അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായ രത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിര്‍മലം. അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു. കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍. നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകളും.
നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം. നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും.
അല്ലേലൂയ!
സുവിശേഷം
യോഹ 14:23-29
പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
യേശു തന്റെ ശിഷ്യരോട് പറഞ്ഞു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റെതല്ല; എന്നെ അയച്ച പിതാവിന്റെതാണ്. നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്. അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ബലിവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
ഞങ്ങളുടെ പ്രാര്‍ഥനകളും അങ്ങേ പക്കലേക്ക് ഉയരട്ടെ.
അങ്ങനെ, അങ്ങേ മഹാമനസ്‌കതയാല്‍ ശുദ്ധീകരിക്കപ്പെട്ട്,
അങ്ങേ മഹാകാരുണ്യത്തിന്റെ രഹസ്യങ്ങള്‍ക്ക്
ഞങ്ങള്‍ യോഗ്യരായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 14:15-16
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ എന്റെ കല്പന പാലിക്കും.
ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും
എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കാന്‍
മറ്റൊരു സഹായകനെ അവിടന്നു നിങ്ങള്‍ക്ക് തരുകയും ചെയ്യും,
അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍
അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക്
പുനരാനയിക്കുന്നുവല്ലോ.
പെസഹാരഹസ്യത്തിന്റെ ഫലങ്ങള്‍
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
രക്ഷാകരമായ ഭോജ്യത്തിന്റെ ശക്തി ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Readings