Saints

പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ

പ്രാര്‍ത്ഥിക്കുന്ന അമ്മ: വാഴ്ത്തപ്പെട്ട എവുപ്രാസ്യ


സി. ക്ലിയോപാട്ര സി.എം.സി.

”തന്റെ ജീവിതം മുഴുവനും കര്‍ത്താവിന്റെ മുമ്പില്‍ നിരന്തരമായ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയും, അതിലൂടെ ദൈവത്തിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്‌നേഹവും സഹോദരനുമുമ്പില്‍ പ്രകാശിപ്പിക്കുയും ചെയ്ത കര്‍മ്മലമാതാവിന്റെ സഹോദരികളുടെ സന്യാസിനീസമൂഹത്തിലെ കന്യക, ധന്യയായ ദൈവദാസി, ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ (റോസ എലുവത്തിങ്കല്‍) — (മാര്‍ ബനഡിക്റ്റ് XVI)1

ഒളിക്കപ്പെട്ട ജീവിതം കഴിക്കാന്‍ അവള്‍ ആഗ്രഹിച്ചു. ‘പുണ്യപ്പെട്ട കന്യാസ്ത്രീ’യെന്ന് തന്നെ വിളിക്കുന്നവരുടെ ദൃഷ്ടിയില്‍ നിന്ന് മാറി നില്ക്കാന്‍ എവുപ്രാസ്യക്ക് കഴിഞ്ഞില്ല. ജപമാല കയ്യിലേന്തി പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്ന സിസ്റ്ററിനെ കാണുമ്പോള്‍ ജനം ‘പ്രാര്‍ത്ഥിക്കുന്ന അമ്മ’ എന്ന് വിളിച്ചിരുന്നു. ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം ചെലവഴിച്ചിരുന്ന എവുപ്രാസ്യക്ക് അവളുടെ സഹോദരങ്ങള്‍ ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊരു വിളിപ്പേരും നല്‍കി. 19-ാം നൂറ്റാണ്ടില്‍ ജനിച്ച് വളര്‍ന്ന്, 20-ാം നൂറ്റാണ്ടില്‍ മരിച്ച്, 21-ാം നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപനം ചെയ്യപ്പെട്ട എവുപ്രാസ്യയുടെ ജീവിതം നമുക്കേവര്‍ക്കും ഒരു പ്രചോദനവും വെല്ലുവിളിയും മാതൃകയുമാണ്.

ബാല്യം

1877 ജപമാലമാസം–ഒക്‌ടോബര്‍ 17-ാം തിയ്യതി അവിഭക്ത തൃശൂര്‍ രൂപതയിലെ കാട്ടൂര്‍ ദേശത്ത് ധനാഢ്യനും പ്രതാപവാനുമായിരുന്ന എലുവത്തിങ്കല്‍ കാക്കു അന്തോണിയുടെയും അരണാട്ടുകര ചാലിശ്ശേരി ഇട്ടിക്കുരു പൊറിഞ്ചു കുഞ്ഞേത്തിയുടെയും സീമന്തപുത്രിയായി റോസ ജനിച്ചു. ഒക്‌ടോബര്‍ 25-ാം തിയ്യതി എടത്തുരുത്തി പരിശുദ്ധ കര്‍മ്മലമാതാവിന്റെ ദേവാലയത്തില്‍ വെച്ച് മാമ്മോദീസ സ്വീകരിച്ചു. ആകെയുണ്ടായ 9 മക്കളില്‍ 4 പേര്‍ ജന്മനാ തന്നെ മരണമടഞ്ഞു. ബാക്കിയുള്ളത് 3 ആണ്‍മക്കളും 2 പെണ്‍കുട്ടികളും. സുന്ദരിയും സുശീലയുമായിരുന്ന അമ്മ, റോസകുഞ്ഞിന്റെ നല്ല വളര്‍ത്തലില്‍ പ്രത്യേകം ശ്രദ്ധിച്ചു. കുഞ്ഞിനെ മടിയില്‍ വെച്ച് സ്വര്‍ഗ്ഗരാജ്യത്തിന്റെ കഥകളും വിശുദ്ധരുടെ ജീവചരിത്രവും പറഞ്ഞു കേള്‍പ്പിച്ചു. കുരിശു വരക്കാനും കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍ ഉരുവിടാനും പഠിപ്പിച്ചു. ദേവാലയത്തിലേക്ക് അമ്മയുടെ കൈപിടിച്ച് കുഞ്ഞുറോസ വളരെ ചെറുപ്പത്തില്‍ തന്നെ പോയിരുന്ന കാഴ്ച അതിമനോഹരമായിരുന്നു.

ആശാന്റെ കീഴില്‍ നിലത്തെഴുത്തും വായനയും അവള്‍ അഭ്യസിച്ചു. അതീവഭക്തിയോടെ ഒരുങ്ങി ദിവ്യകാരുണ്യം സ്വീകരിച്ചു. അവള്‍ പ്രാര്‍ത്ഥിച്ചു: ”എന്റെ ഈശോ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാറ്റരുതെ, ഒരു നിമിഷത്തേക്ക് പോലും”. അവളുടെ നാമഹേതുക വിശുദ്ധയായ ലീമായിലെ റോസിന്റെ ചരിത്രം അമ്മ വിവരിച്ച് പറഞ്ഞത് റോസയെ വളരെയധികം സ്പര്‍ശിച്ചു. അതനുസരിച്ച് അവളുടെ മനസ്സില്‍ ശക്തമായ ആഗ്രഹങ്ങള്‍ ഉദിച്ചു: ”എനിക്ക് ഒരു കന്യാസ്ത്രീയാകണം. ഒരു പുണ്യവതിയാകണം. അറിയപ്പെടാത്ത ഒരു പുണ്യവതി”.

മാലാഖമാരുടെ രാജ്ഞി

ഒരു ദിവസം ജപമാല കഴിഞ്ഞ് അമ്മ റോസയെ ഉറങ്ങാന്‍ കിടത്തിയിട്ട് പോയി. പക്ഷെ അവള്‍ക്ക് ഉറക്കം വന്നില്ല. ജപമാല ലുത്തിനിയായിലെ ‘മാലാഖമാരുടെ രാജ്ഞി’ ആരാണെന്നായിരുന്നു അവളുടെ ചിന്ത. അവളുടെ അമ്മ പറഞ്ഞു കൊടുത്തെങ്കിലും പിന്നെയും ചിന്ത അടങ്ങിയില്ല. അപ്പോഴാണ് അതിസുന്ദരിയും മനോഹരിയുമായ ഒരു സ്ത്രീ അവളുടെ അടുക്കല്‍ വന്ന്, താന്‍ മാലാഖമാരുടെ രാജ്ഞിയാണെന്നും, അവളുടെ അമ്മയാണെന്നും, എല്ലാവരുടെയും അമ്മയാണെന്നും പറഞ്ഞത്. മാലാഖമാരോടുകൂടി ദൈവത്തെ സ്തുതിക്കാന്‍ അവളെ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. ഒരു കന്യാസ്ത്രീയാകാന്‍ പോകയാണെന്ന് അപ്പനോടും അമ്മയോടും പറയണം എന്നും അവളോട് നിര്‍ദ്ദേശിച്ചു പോയി.2 മാലാഖമാരൊന്നിച്ചുള്ള സ്തുതിപ്പ് റോസ പെട്ടെന്ന് പഠിക്കുകയും ഒമ്പത് വൃന്ദം മാലാഖമാരോടൊപ്പം പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുകയും ചെയ്തിരുന്നു.

റോസ നെയ്തുണ്ടാക്കിയ സ്വപ്നങ്ങള്‍ കുടുംബത്തിലുള്ളവരുടെ പ്രത്യേകിച്ച് അവളുടെ അപ്പന്റെ സ്വപ്നങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു. പട്ടിലും പൊന്നിലും പൊതിഞ്ഞ് മണവാട്ടിയായി അവളെ നടയിറക്കുന്ന രംഗം മനസ്സില്‍ സൂക്ഷിച്ചിരുന്ന അന്തോണിയുടെ കോപത്തോടെയുള്ള ശകാരം അവള്‍ ഏറ്റുവാങ്ങേണ്ടി വന്നു. റോസയെ കെട്ടിച്ചയച്ച്, വളരെ നിര്‍ബന്ധമാണെങ്കില്‍ കുഞ്ഞുമോള് കൊച്ചുത്രേസ്യയെ മഠത്തില്‍ വിടാം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ദൈവത്തിന്റെ പദ്ധതികള്‍ നടന്നു. കൊച്ചുത്രേസ്യ പെട്ടൊന്നൊരു രോഗം ബാധിച്ച് മരിച്ചു. ഇത് എലുവത്തിങ്കല്‍ അന്തോണിയെ വല്ലാതെ തളര്‍ത്തി. ഇനിയും ശേഷിച്ച മകളേയും ദൈവം എടുക്കാതിരിക്കട്ടെ എന്ന് കരുതി അവളെ കന്യാസ്ത്രീയാകാന്‍ കൂനമ്മാവ് മഠത്തിന്റെ ബോര്‍ഡിംഗില്‍ കൊണ്ടു ചെന്നാക്കി.

കന്യകാമഠത്തിന്റെ ബോര്‍ഡിങ്ങില്‍

1866-ലാണ് വാഴ്ത്തപ്പെട്ട ചാവറകുര്യാക്കോസ് ഏലിയാസച്ചന്‍ വന്ദ്യനായ ലെയോപോള്‍ദ് മിഷനറിയുടെ സഹായത്തോടെ കേരളത്തിലെ ആദ്യത്തെ ഏതദ്ദേശിയ സന്യാസിനീ സമൂഹത്തിന്–കേരള കര്‍മ്മലീത്താ സഭയ്ക്ക്–കൂനമ്മാവില്‍ ആരംഭം കുറിച്ചത്. അതോടൊപ്പം തന്നെ പെണ്‍പൈതങ്ങളുടെ പരിശീലനത്തിനായി ഒരു ബോര്‍ഡിങ്ങും സ്ഥാപിച്ചിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പെണ്‍കുട്ടികള്‍ ഇവിടെ വന്ന് മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളും കൊന്തകെട്ട്, പൂക്കളുണ്ടാക്കല്‍, ലെയ്‌സ് തയ്ക്കല്‍ എന്നീ കരകൗശലവേലകളും കൈവശമാക്കിയിരുന്നു. ഇവിടെയാണ് 1888 ജൂലായ് 3-ാം തിയതി റോസയെ അപ്പന്‍ അന്തോണി കൊണ്ടു ചെന്നാക്കിയത്.


കൂനമ്മാവിലെ ലളിത ജീവിതവും ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയും പഠനവും ഒത്തൊരുമിച്ചുള്ള പ്രവ്രര്‍ത്തനവും റോസക്ക് ഏറെ ഇഷ്ടപ്പെട്ടു. എന്നാല്‍ ആരോഗ്യനില വളരെ മോശമായിരുന്നു. അതുകൊണ്ട് രണ്ട് പ്രാവശ്യം വീട്ടില്‍ പോയി ചികിത്സിച്ച് തിരിച്ചു വന്നു. എങ്കിലും വീണ്ടും മാരകമായ വിധത്തില്‍ വാതരോഗം പിടിപ്പെട്ടു. അവളെ വീട്ടില്‍ വിടാനും ഇനി തിരിച്ചു വരേണ്ടെന്നും കന്യാസ്ത്രീകള്‍ തീരുമാനിച്ചു. 1889 സെപ്തംബര്‍ 17-ാം തിയതി രോഗനില വളരെ മോശമായി. സിസ്റ്റേഴ്‌സെല്ലാം ചുറ്റും കൂടി; അന്ത്യകൂദാശകള്‍ നല്‍കപ്പെട്ടു. പെട്ടെന്ന് എല്ലാവരും നോക്കി നില്‍ക്കെ അവളുടെ മുഖഭാവം പ്രസന്നമായി. അത്ഭുതകരമായി അവള്‍ പൂര്‍ണ്ണസുഖം പ്രാപിച്ചു. തിരുക്കുടുംബദര്‍ശനം വഴി, ഉണ്ണീശോയുടെ അനുഗ്രഹം വഴി!

അമ്പഴക്കാട് മഠത്തില്‍

1896ലെ രൂപതാ പുനര്‍വിഭജനത്തോടെ തൃശുര്‍ വികാരി അപ്പസ്‌തോലിക്കാ മാര്‍ ജോണ്‍ മേനാച്ചേരി തൃശൂര്‍ രൂപതയിലെ സിസ്റ്റേഴ്‌സിനേയും നവസന്യാസിനികളേയും അമ്പഴക്കാട് പുതിയ മഠത്തിലേക്ക് കൊണ്ടു വരാന്‍ ആജ്ഞ നല്കി. അപ്പോള്‍ കൂനമ്മാവ് മഠം ശ്രേഷ്ഠത്തി ഈശോയുടെ സി. ആഞ്ഞസ് ഒരു കത്തെഴുതി മേനാച്ചേരി മെത്രാനച്ചന് കൊടുത്തയച്ചു. ”. . . ഈ പുതുമ ധതിരുക്കുടുംബ ദര്‍ശനവും അത്ഭുതകരമായ സൗഖ്യവുംപ ഉണ്ടാകുന്നതിന് മുമ്പ് ഈ കുട്ടിയെ മഠത്തില്‍ ചേര്‍ക്കാതെ വിട്ടുകളയുന്നതിന് നിശ്ചയിച്ചിരുന്നതാണ്. ടി സംഭവംകൊണ്ടും, കുട്ടിയുടെ അടക്കവും ഭക്തിയും ക്രമവും മറ്റും കൊണ്ടുമാണ് പിന്നീട് മഠത്തില്‍ കൈക്കൊള്ളുവാന്‍ സമ്മതിച്ചത്” (ലിഖിതങ്ങള്‍, pp. 392).

അമ്പഴക്കാട് വി. യൗസേപ്പിതാവിന്റെ മഠം–അവിഭക്ത തൃശൂര്‍ രൂപതയിലെ ആദ്യത്തെ കന്യകാമഠ സ്ഥാപനം 1897 മെയ് 9-ന് നടന്നു. പിറ്റെ ദിവസം 10-ാം തിയ്യതി റോസ എലുവത്തിങ്കല്‍ ശിരോവസ്ത്രവും ‘ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ’ എന്ന നാമധേയവും സ്വീകരിച്ചു. അവള്‍ തന്നെത്തന്നെ ദിവ്യനാഥന് ആത്മസമര്‍പ്പണം നടത്തി. തിരുഹിതം നിറവേറ്റാന്‍ മനസ്സില്‍ ഉറച്ചു. എന്നാല്‍ വീണ്ടും മരണകരമായ രോഗത്താല്‍ അവള്‍ കഷ്ടപ്പെട്ടു. അന്ത്യകൂദാശകള്‍ നല്‍കി. ”പെട്ടെന്ന് പ്രത്യക്ഷത്താല്‍ സുഖപ്പെടുകയും ചെയ്തു.”3 സുഖം പ്രാപിച്ചതോടെ പൂര്‍വ്വാധികം തീക്ഷ്ണതയോടെ പ്രാര്‍ത്ഥനയും പരിത്യാഗപ്രവര്‍ത്തികളുമായി മുന്നോട്ട് പോയി. 1899 ജനുവരി 10! അവള്‍ അതിയായി ആഗ്രഹിച്ചിരുന്ന പരിശുദ്ധ കര്‍മ്മല സഭാവസ്ത്രം അഭിവന്ദ്യ മേനാച്ചേരി പിതാവില്‍ നിന്ന് എവുപ്രാസ്യ സ്വീകരിച്ചു. അവള്‍ ആത്മാവില്‍ ആനന്ദിച്ചു. പരിശുദ്ധ അമ്മയോടൊപ്പം എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. രോഗക്ലേശത്തോടൊപ്പം, പിശാചുക്കളില്‍ നിന്നുള്ള പ്രലോഭനങ്ങളും ദേഹോപദ്രവും അവള്‍ക്ക് സഹിക്കേണ്ടി വന്നു. ഇത്തരുണത്തില്‍ മേനാച്ചേരി മെത്രാന്‍ എവുപ്രാസ്യയുടെ എല്ലാ ആത്മീയ കാര്യങ്ങളും തന്നോട് തുറന്നു പറയണമെന്നും സാധിക്കാത്തപ്പോള്‍ എഴുതി അറിയിക്കണമെന്നും കല്‍പിച്ചു.

ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍

1900 മെയ് 24–ഒല്ലൂര്‍ മഠസ്ഥാപനം! തൃശൂര്‍ അതിരൂപതയിലെ ആദ്യത്തെ കന്യകാമഠം! നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ട്, പിതാവിന് ഇഷ്ടപ്പെട്ട് ഉണ്ടാക്കിയ മഠം. മഠസ്ഥാപനദിവസം തന്നെ വ്രതാര്‍പ്പണം ചെയ്യുന്ന നവസന്യാസിനികളില്‍ ഒരാളാണ് സി. എവുപ്രാസ്യ. അഭിവന്ദ്യ മേനാച്ചേരി പിതാവിന്റെ മുമ്പില്‍ ദൈവത്തിനുള്ള സന്യാസവ്രതാര്‍പ്പണം–ദാരിദ്ര്യം, അനുസരണം, കന്യാത്വം–തന്നെ മുഴുവനും അമലോത്ഭവ കന്യക വഴി നാഥന്റെ കൈകളില്‍ വെച്ചുകൊടുത്തു. അവള്‍ പുണ്യത്തിലും പ്രാര്‍ത്ഥനയിലും തപക്രിയകളിലും ആഴപ്പെട്ടു. ദിവ്യകാരുണ്യസന്നിധിയില്‍ ഏറെ നേരം പ്രാര്‍ത്ഥിച്ചിരുന്നു. പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം നോക്കി ജപമാല ചൊല്ലുന്നതും അവള്‍ക്ക് വളരെ സന്തോഷമായിരുന്നു.
ജീവിതത്തിലെ ഏറിയ പങ്കും, ഏകദേശം 47 വര്‍ഷത്തോളം എവുപ്രാസ്യമ്മ ചെലവഴിച്ചത് ഒല്ലൂര്‍ പരി. അമലോത്ഭവമാതാവിന്റെ മഠത്തില്‍ തന്നെയാണ്. അമ്പഴക്കാട് മഠത്തില്‍ ഏകദേശം രണ്ടു വര്‍ഷത്തോളം ദീനക്കാരെ ശുശ്രൂഷിച്ചും സുപ്രിയോരിത്തി (അസിസ്റ്റന്റ് മദര്‍) യെ സഹായിച്ചും കഴിഞ്ഞു. അതിനുശേഷം ഒല്ലൂര്‍ മഠത്തില്‍ അസിസ്റ്റന്റ് മദറായി (1904-1910). ഒപ്പം നവസന്യാസിനികളുടെ മേല്‍നോട്ടവും വഹിച്ചു. പിന്നീട് ആദ്യത്തെ ഔദ്യോഗിക നോവിസ് മിസ്ട്രസ്സായി (1910 -1913). അത് കഴിഞ്ഞപ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് ഒല്ലൂര്‍ മഠാധിപയുമായി. അതിനുശേഷം മണലൂര്‍ മഠത്തിലേക്ക് മാറിയെങ്കിലും സുഖമില്ലാതെ ആറു മാസത്തിനു ശേഷം ഒല്ലൂര്‍ക്ക് തന്നെ തിരിച്ചെത്തി. രണ്ടാം ആലോചനക്കാരിയുടെ ചുമതലയും വഹിച്ചു. പിന്നീട് 1928-31 വരെ രണ്ടര വര്‍ഷം അമ്പഴക്കാട് മഠത്തില്‍ ഒന്നാം ആലോചനക്കാരിയായിരുന്നു. അതുകഴിഞ്ഞ് ഒല്ലൂര്‍ മഠത്തില്‍ വന്ന് 21മ്മ വര്‍ഷം താമസിച്ചു. അതില്‍ രണ്ടാം ആലോചനയായി ആദ്യത്തെ 5 വര്‍ഷത്തോളം ജോലി ചെയ്തു. 1950ല്‍ ഒല്ലൂര്‍ മഠത്തിന്റെയും എവുപ്രാസ്യമ്മയുടെ വ്രതവാഗ്ദാനത്തിന്റെയും സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നു. ഇതിനുശേഷം 2 കൊല്ലം കൂടി അമ്മ ജീവിച്ചു.
പ്രാര്‍ത്ഥന
”നിങ്ങള്‍ അഭ്യര്‍ത്ഥനകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍” (എഫേ 6:18) എന്നുള്ള അപ്പസ്‌തോല വചനം ജീവിതത്തില്‍ നിവര്‍ത്തിച്ച ഒരു കന്യകയാണ് വാഴ്ത്തപ്പെട്ട എവുപ്രാസ്യ. അവള്‍ക്ക് ഒരേ ഒരു ലക്ഷ്യം–കര്‍ത്താവുമായി ഐക്യപ്പെടുക. അവിഭക്തഹൃദയത്താല്‍ അവള്‍ കര്‍ത്താവിനെ സ്‌നേഹിച്ചു. നിശ്ശബ്ദമായ, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ശുശ്രൂഷയുടേയും ജീവിതം. കര്‍മ്മലമാതാവിന്റെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറപിതാവിന്റെ ധ്യാനനിര്‍ലീനതയും സ്‌നേഹശുശ്രൂഷയും അവളില്‍ ജ്വലിച്ചുകൊണ്ടിരുന്നു. ഈ ചൈതന്യ തീക്ഷ്ണത 75-ാം വയസ്സില്‍ മരിക്കുന്നതുവരെ നീണ്ടു നിന്നു. ”ഓരോ വിശുദ്ധനും വിശുദ്ധയും ദൈവിക വിശുദ്ധിയുടെ ഓരോ മുഖം നമുക്ക് കാണിച്ചു തരികയാണ്. എവുപ്രാസ്യമ്മയില്‍ പ്രത്യേകമായി വിളങ്ങിയിരുന്ന വിശുദ്ധി എവുപ്രാസ്യമ്മയുടെ മടുപ്പു കൂടാതെയുള്ള പ്രാര്‍ത്ഥനയാണ്.”4

ദൈവൈക്യം ആഗ്രഹിച്ച സി. എവുപ്രാസ്യ അതിനുവേണ്ടി സദാ പ്രാര്‍ത്ഥിക്കുകയും എന്തു ത്യാഗം ചെയ്യാനും ഭാരം വഹിക്കാനും ഒരുങ്ങിയിരിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട ചാവറപിതാവ് പറയുന്നതുപോലെ, ”ഞാഡി ഞരമ്പുകളുടെ എളക്കങ്ങളും, കണ്ണ് ചിമ്മുക, ശ്വാസം വിടുക, മുതലായതും പക്ഷിപറവകളുടെ സ്വരവും”,5 എല്ലാമെല്ലാം സി. എവുപ്രാസ്യയെ ദൈവസാന്നിദ്ധ്യ സ്മരണയിലേക്കുയര്‍ത്തി. സഹനത്തിന്റെ കാസയും അവള്‍ കുടിക്കേണ്ടി വന്നു–കുടുംബത്തിന്റെ സാമ്പത്തിക തകര്‍ച്ച, ആങ്ങളമാരുടെ മാര്‍ഗ്ഗഭ്രംശം, ഭയങ്കരവേദനയുള്ള രോഗങ്ങള്‍, പിശാചുക്കളില്‍ നിന്നുള്ള പീഢനങ്ങള്‍, അവമാനങ്ങള്‍, തെറ്റിദ്ധാരണകള്‍, എല്ലാമെല്ലാം യാതൊരു ആവലാതിയും കൂടാതെ സഹിച്ച്, കര്‍ത്താവിന്റെ പീഢാനുഭവത്തോട് ചേര്‍ത്ത് കാഴ്ചവെച്ചിരുന്നു. മറുവശത്ത് സ്വര്‍ഗ്ഗീയ ദര്‍ശനങ്ങളും വെളിപാടുകളും ആത്മീയ സന്തോഷങ്ങളും അവള്‍ക്ക് നല്‍കപ്പെട്ടു.

ദൈവസാന്നിദ്ധ്യം

1902 ജനുവരി 6-നു സി. എവുപ്രാസ്യ തനിക്ക് ദൈവസാന്നിദ്ധ്യസ്മരണക്ക് വിഷമമില്ലെന്ന് ആത്മപിതാവിനെഴുതി: ”മിണ്ടടക്കം കാക്കുന്നതിനും ദൈവോര്‍മ്മ കാക്കുന്നതിനും എത്ര തന്നെ വേല ഉണ്ടായാലും എനിക്ക് ദൈവാനുഗ്രഹത്താല്‍ യാതൊരു പ്രയാസവും ഇല്ല” (കത്ത് 17, ലിഖിതങ്ങള്‍, p. 85). 1912 ജൂണ്‍ 1-ന് എവുപ്രാസ്യമ്മ തനിക്ക് എപ്പോഴുമുള്ള ദൈവസാന്നിദ്ധ്യാനുഭവത്തെക്കുറിച്ച്, അല്ല, ദൈവം തന്നില്‍, തന്റെ കൂടെ ആയിരിക്കുന്നതിനെക്കുറിച്ച്, ആത്മപിതാവിനെ അറിയിക്കുന്നു: ”ഒരു നാലുമാസമായിട്ട് ഒരു കൂട്ടം എന്നില്‍തന്നെ കാണുന്നു. . . . ആയത് ഞാന്‍ എന്തു ജോലിയിലും വര്‍ത്തമാനത്തിലും അകപ്പെട്ടിരുന്നാലും ഒരിക്കലും വിട്ടുമാറാതെ എന്റെ ഹൃദയത്തോട് വലിയ സ്‌നേഹപക്ഷത്തോടെ സംസാരിക്കുന്ന ഒരാളെ എന്റെ ബോധത്തില്‍ തെളിവായി കാണുന്നുണ്ട്. . . . എന്റെ പിതാവെ ചിലപ്പോള്‍ വലിയ ഭോഷി ഞാനായി പോകുന്നു. അതെന്ത്യെ, വല്ലതും പ്രവൃത്തിക്കുകയോ പറയുകയോ ചെയ്യുന്ന സമയത്തില്‍ ഞാന്‍ അറിയാതെ എന്റെ ബോധത്തെ ഹൃദയത്തിന്റെ ആ വലിയ പക്ഷത്തിലോട്ടു പെട്ടെന്ന് വലിച്ചു കളയുന്നു. ഇതിനാല്‍ പറയുന്നതോ പ്രവൃത്തിക്കുന്നതൊ ആയ കൂട്ടങ്ങള്‍ മറന്നുപോകുന്നു ചിലപ്പോള്‍. സ്‌നേ. പിതാവിന്റെ അടുക്കല്‍ വെച്ചും സംഭവിച്ചിട്ടുണ്ട് (കത്ത് 65, ലിഖിതങ്ങള്‍, പേജ് 326).

ദൈവവുമായി ഒന്നായിത്തീരാനുള്ള അവളുടെ അദമ്യമായ ആഗ്രഹം അവളെ ഉന്നതമായ പ്രാര്‍ത്ഥനയിലേക്കും തീക്ഷ്ണതയേറിയ സ്‌നേഹശുശ്രൂഷയിലേക്കും അതികഠിനമായ സഹനങ്ങളിലേക്കും ആനയിച്ചു. എന്നാലും അവള്‍ ലക്ഷ്യത്തിലേക്ക് തന്നെ കുതിച്ചു. അവള്‍ സദാ ഉരുവിട്ടു: ”എന്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാന്‍ നിന്നില്‍ നിന്ന് വേര്‍പിരിയുകയില്ല”. ”ഓ, ദിവ്യരക്ഷിതാവെ! നിന്റെ ഇഷ്ടം എനിക്ക് മതി”.6

അന്ന്, മഠത്തിലെ ധ്യാനസമയം കുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. അപ്പോള്‍ എവുപ്രാസ്യമ്മ ധ്യാനത്തിന്റെ സമയം കുറച്ചുകളയല്ലേ എന്ന് പിതാവിനോട് പറയുന്നു, കാരണം–”എനിക്ക് ധ്യാനത്തില്‍ വെച്ചാകുന്നു ഏറിയതും ആശാപാശങ്ങളെ അടക്കുന്നതിനും അവകളോട് എതിര്‍ക്കുന്നതിനുമുള്ള പോംവഴികളെ കുറെയെങ്കിലും കണ്ടു പഠിച്ചിരിക്കുന്നത്. ശക്തിയായ നല്ല വിചാരങ്ങളും പ്രതിജ്ഞകളും ഇതില്‍ വെച്ച് ഈ ഭാഗ്യപ്പെട്ട ഏകാന്തനേരത്താകുന്നു കിട്ടിയിരിക്കുന്നത്” (കത്ത് 29, 16 ഫെബ്രുവരി 1904, ലിഖിതങ്ങള്‍, പേജ് 137). എന്നിരുന്നാലും, ധ്യാനദിവസങ്ങളില്‍ ക്ഷീണത്തേയും അലസതയേയും അവള്‍ നേരിട്ട വിധം ആത്മപിതാവിന് എഴുതുന്നത് രസകരമാണ്: ”ചിലപ്പോള്‍ ക്ഷീണവും തളര്‍ച്ചയും മടിയും തോന്നിയിരുന്നു. അപ്പോള്‍ തന്നത്താന്‍, എവുപ്രാസ്യ ഇത് നിന്റെ ഒടുക്കത്തെ ധ്യാനമായിരിക്കുന്നു. ക്ഷണത്തില്‍ എഴുന്നേറ്റ് എരിവോടെ ചെയ്യുക. ഇനി ഈ അനുഗ്രഹത്തിന്റേയും യോഗ്യതകളുടെയും കാലം കിട്ടുമോ എന്നറിഞ്ഞുകൂടാ. എന്ത്യേ? നീ ലോകത്തെ ഉപേക്ഷിച്ച് ഇവിടെ വന്നു. പുണ്യം ചെയ്യുവാനോ? ഹെ! സുഖം അന്വേഷിച്ചിട്ടോ? എന്ത്യേ വന്നു എന്ന് പറയുക, എന്ന് ചോദിച്ച് ചാടി എഴുന്നേറ്റ് തൂങ്ങപ്പെട്ട രൂപത്തെ പിടിച്ച് തഴുകി മുത്തിക്കൊണ്ട് ആയതിനെ വന്നപ്പോള്‍ ഒക്കെയും ദൈവസഹായത്താല്‍ ജയിച്ചു. അല്‍പസുഖക്കേടുകള്‍ ഉള്ളതുകൊണ്ട് ഈ ധ്യാനത്തില്‍വെച്ച് കുറെയധികം യുദ്ധം തന്നത്താന്‍ ചെയ്യേണ്ടി വന്നു. ദൈവതൃക്കയ്യ് എന്നെ വളരെ സഹായിച്ചു” (കത്ത് 27, 4 ജൂലൈ 1903, ലിഖിതങ്ങള്‍, pp. 121 f.)

വി. കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടും ഉള്ള ഭക്തിതീക്ഷ്ണത, ഈശോയുടെ തിരുഹൃദയഭക്തി, ദൈവമാതൃ ഭക്തി, എന്നിവ പ്രത്യേക വിധത്തില്‍ അമ്മയുടെ പ്രാര്‍ത്ഥനാജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു.

ദിവ്യബലിയും, ദിവ്യകാരുണ്യവും

ദിവ്യബലിക്കായുള്ള എവുപ്രാസ്യമ്മയുടെ ആഗ്രഹം അതിതീവ്രമായിരുന്നു. അതുകൊണ്ട് അമ്പഴക്കാട് മഠത്തില്‍ വെച്ച് ദിവ്യബലി ഇല്ലാത്ത ദിവസങ്ങളില്‍ വളരെ സങ്കടവും വേദനയും അനുഭവിച്ചിരുന്നു. ഇതെക്കുറിച്ച് ആത്മപിതാവിനെഴുതുന്നത് ഇപ്രകാരമാണ്: ”കുര്‍ബ്ബാന എന്ന ഈ പരമ ഭാഗ്യം ഇവിടെ വളരെ കുറവുള്ളതുകൊണ്ട് ഉള്ളില്‍ വളരെ സങ്കടവും ഈ കുറവ് തീര്‍ക്കുന്നതിന് എന്ത് പ്രവൃത്തിയെങ്കിലും ചെയ്യുന്നതിന്നു വലിയതായ വിശപ്പും ആഗ്രഹവും എല്ലായ്‌പ്പോഴും ഈ അയോഗ്യ മകളുടെ ഹൃദയത്തില്‍ അധികരിച്ച് വരുന്നുണ്ട്. സ്‌നേ. പി. കുര്‍ബ്ബാനയില്‍ പ്രത്യേകം ഈ അയോഗ്യമകളെ ഓര്‍ത്ത് പ്രാര്‍ത്ഥിപ്പാറാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു” (കത്ത് 22, 3 ജൂലൈ 1902, ലിഖിതങ്ങള്‍, p. 100).
ഒരിക്കല്‍ ഈശോ എവുപ്രാസ്യയോട് പറഞ്ഞു: ”എന്റെ മകളെ! നീ മുടങ്ങാതെ നിത്യവും ദിവ്യകാരുണ്യം ഉള്‍ക്കൊണ്ട് നന്ദികെട്ട മനുഷ്യര്‍ എന്നോട് ചെയ്യുന്ന കഠിന ഉപദ്രവങ്ങള്‍ക്ക് പരിഹാരമായി എന്റെ പിതാവിന് എന്നെതന്നെയും എന്റെ രക്തത്തേയും ബലിയായി നിത്യവും നീ കാഴ്ചവെയ്ക്കണം. നീ വഴിയായി എന്റെ ഹൃദയത്തിന് ഒരു ആശ്വാസം വരുത്തിതരേണം. ഇത് ഞാന്‍ ഏറ്റമായി നിന്നില്‍നിന്ന് ആഗ്രഹിക്കുന്നു” (കത്ത് 25, 26 നവംബര്‍ 1902, ലിഖിതങ്ങള്‍, p. 117.). ‘ശു. കു. കൈക്കൊള്ളുന്നത് എന്റെ ഹൃദയത്തിന് വളരെ ആശ്വാസവും സന്തോഷവുമാകുന്നു. എന്തെങ്കിലും സഹിക്കുന്നതിനും പാടുപെടുന്നതിനും ഈ ശു. കു. കൈക്കൊള്ളപ്പാട് വഴിയായി നല്ല ശക്തി തോന്നുന്നുണ്ട്” (കത്ത് 9, 15 സെപ്തമ്പര്‍ 1901, ലിഖിതങ്ങള്‍, p.52). വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ സാധിക്കാത്ത ദിവസം മരണകരമായ ദു:ഖമാണ് എവുപ്രാസ്യമ്മ അനുഭവിച്ചിരുന്നത്. തന്റെ മോക്ഷമണവാളന്‍ തന്റെ ഹൃദയത്തില്‍ എഴുന്നെള്ളിവരാന്‍ അതീവതീക്ഷ്ണതയോടെ അമ്മ കാത്തിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാത്ത ദിവസം വിലമതിക്കാന്‍ സാധിക്കാത്ത എന്തൊ ഒന്ന് നഷ്ടപ്പെട്ടതുപോലെയാണ്. ഈ ആഗ്രഹം കണക്കിലെടുത്തുകൊണ്ട് ഈശോ തന്നെ എവുപ്രാസ്യമ്മയുടെ മുറിയില്‍ വന്ന് വി. കുര്‍ബ്ബാനയര്‍പ്പിക്കുകയും എവുപ്രാസ്യക്ക് ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് കൊടുക്കുകയും ചെയ്യാറുണ്ട്. തദവസരത്തില്‍ പരിശുദ്ധ അമ്മയും മാലാഖമാരും സന്നിഹിതരായിരുന്നു (കത്ത് 33, 26 മാര്‍ച്ച് 1904, ലിഖിതങ്ങള്‍, p. 168-170).
എവുപ്രാസ്യമ്മയ്ക്ക് ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പലപ്പോഴും ക്രൂശിതനായ യേശുവിന്റെ ദര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്. അവള്‍ പറയുന്നു: ”പെട്ടെന്ന് കണ്ണ് മഞ്ഞളിക്കയും ബോധക്കേട് വരുന്ന പ്രകാരം തോന്നി. . . . ആ വലിയ സങ്കടത്തിന്റെ ഭാഷയില്‍ ഒരു ആള്‍ എന്റെ മുമ്പാകെ വന്നു നിന്നു. . . . ഞാന്‍ മുന്‍ അറിയിച്ചതുപോലെ തന്നെ മുഖ്യമക്കളുടെ ധപ്രതിഷ്ഠിതരായ സന്യസ്തരുടേയും വൈദികരുടേയുംപ നന്ദികേടുകളെകുറിച്ച് അളവറ്റപ്രകാരം ദു:ഖിക്കുന്ന ഈ എന്റെ ഹൃദയത്തെ നിന്റെ മരണപര്യന്തം ഓര്‍ത്ത് ആശ്വസിപ്പിക്കണം. പാപികള്‍ക്കുവേണ്ടി പ്രത്യേകം എന്റെ പിതാവിനോട് നീ പ്രാര്‍ത്ഥിക്കണം (കത്ത് 10, 20 സെപ്തംബര്‍ 1901, ലിഖിതങ്ങള്‍, pp. 57-58).

ജോണ്‍ പോള്‍ മാര്‍പ്പാപ്പ ‘സമര്‍പ്പിതജീവിതം’ എന്ന തന്റെ ശ്ലൈഹികാഹ്വാനത്തില്‍ ആത്മാവിന്റെ വധൂസഹജമായ സ്‌നേഹത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നു: ”സമര്‍പ്പിതജീവിതത്തില്‍ വധൂപരമായ (spousal) അര്‍ത്ഥത്തിന് പ്രത്യേകം പ്രാധാന്യം നല്കപ്പെടുന്നു. സഭ നന്മയായിട്ടുള്ളതെല്ലാം സ്വീകരിക്കുന്ന അവളുടെ മണവാളനോട് സമ്പൂര്‍ണ്ണവും (total) നിവാരകവുമായ (exclusive) വിധത്തില്‍ ഭക്തിയുള്ളവളായിരിക്കണമെന്ന കടമയെ ഓര്‍പ്പിക്കുന്നതാണ് ആ അര്‍ത്ഥം. ഈ മാനം സമര്‍പ്പിത ജീവിതത്തിന്റെയെല്ലാം ആകത്തുകയാണ്. അതിന് സ്ത്രീകളെ സംബന്ധിച്ച് പ്രത്യേകമായ ഒരര്‍ത്ഥമുണ്ട്. അവര്‍ അതില്‍ തങ്ങളുടെ തനിമ കണ്ടെത്തുന്നു. തങ്ങളുടെ മണവാളനായ കര്‍ത്താവിനോടുള്ള അവരുടെ സവിശേഷമായ പ്രഭാവവും കണ്ടെത്തുന്നു” (no. 34). ദിവ്യകാരുണ്യനാഥനെ കൂടുതലായി ആരാധിക്കാനും ആശ്വസിപ്പിക്കാനും എവപ്രാസ്യമ്മ വഴികള്‍ ആരാഞ്ഞു. ആത്മപിതാവായ മേനാച്ചേരി മെത്രാനച്ചന് അവള്‍ എഴുതി: ”എന്റെ സ്‌നേഹപിതാവെ! എനിക്ക് ഒരു ആഗ്രഹം തോന്നുന്നുണ്ട്. ഞാന്‍ പറയട്ടെ! ഞങ്ങള്‍ക്ക് മാസത്തില്‍ ഒരു ദിവസം മുഴുവന്‍ ധ്യാനം കഴിക്കണം എന്നുണ്ട്. ആ ധ്യാനം മാസാദ്യവെള്ളിയാഴ്ച കഴിക്കുന്നതിന്നും അന്നേദിവസം ശു. കുര്‍ബ്ബാന എഴുന്നെള്ളിച്ച് വയ്ക്കുന്നതിനും സ്‌നേഹപിതാവിന്ന് ഇഷ്ടമാകുന്നുവെങ്കില്‍ അനുഗ്രഹമായി അനുവദിപ്പാറാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. ഈ ദിവസം ധ്യാനമായിരുന്നാല്‍ എല്ലാവരും നമ്മുടെ രക്ഷിതാവിനെ അധികം ആശ്വസിപ്പിക്കുന്നതിന്ന് ഇടവരുമെന്ന ഈ ആഗ്രഹത്തെ സ്‌നേഹപിതാവിനെ അറിയിക്കുന്നതാകുന്നു. . . . ആരു വഴിയായിട്ടെങ്കിലും ഈ സ്‌നേഹം നിറഞ്ഞ തിരുഹൃദയത്തെ ആശ്വസിപ്പിക്കണമെന്നുള്ള ഒരു വലിയ ആഗ്രഹം എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടായിരിക്കുന്നു. (കത്ത് 11, 1 ഒക്‌ടോബര്‍ 1901, ലിഖിതങ്ങള്‍, p.61 f.).

”പ്രാര്‍ത്ഥനാധ്യാനങ്ങളിലൂടെയും ദിവ്യകാരുണ്യകാവലിലൂടെയും വളര്‍ന്ന ദൈവസാന്നിദ്ധ്യസാന്ദ്രത അതികഠിനമായ സഹനങ്ങളിലൂടെ തിരുമുറിവിന്റെ ശോഭയായൊഴുക്കി അനേകരെ സൗഖ്യപ്പെടുത്തിക്കൊണ്ടിരുന്ന കാലങ്ങളിലാണ് ഈ ആദ്ധ്യാത്മിക വിവാഹത്തിന്റെ നിര്‍വൃതിയിലേക്ക് എവുപ്രാസ്യ ഉയര്‍ത്തപ്പെട്ടത്. ദൈവത്തിന്റെ ഹിതം മാത്രം അന്വേഷിക്കുന്നതിലൂടെയുള്ള യേശുവിനോടുള്ള യോജിപ്പും അവിടുത്തെ സഹനങ്ങള്‍ സ്വന്തമാക്കുക വഴിയുള്ള താദാത്മ്യപ്പെടലും ഇതിനകം എവുപ്രാസ്യയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ വധൂസഹജമായ സ്‌നേഹത്തിന്റെ ഉന്നതങ്ങളിലേക്ക് അവളുടെ ആത്മമണവാളനായ യേശു അവളെ കൂട്ടികൊണ്ടുപോയതില്‍ എന്തിന് വിസ്മയിക്കണം”7

ഈശോയുടെ മണവാട്ടി

ആത്മപിതാവിന് എഴുതിയ കത്തില്‍, കര്‍ത്താവ് ഓശാന ഞായറാഴ്ച എവുപ്രാസ്യമ്മയെ തന്റെ മണവാട്ടിയെന്ന് വിളിച്ച് കയ്യില്‍ മോതിരമണിയിച്ചതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. (ഏകദേശം 28 വയസ്സ് കാണും എവു്രപ്രാസ്യമ്മയ്ക്ക്.)
”വന്ദ്യപിതാവെ!. . . . കസേര ഞാന്‍ ഇട്ടില്ല, വങ്കായിരുന്നു ഇട്ടിരുന്നത്. ആത്മശോധനയ്ക്ക് അല്‍പം മുന്‍പേ ഒരു നീണ്ട ഉടുപ്പ് ഇട്ടിരുന്ന 33 വയസ്സ് പ്രായം എനിക്ക് തോന്നി, മുഴുവനും വിയര്‍ത്ത ആ ഓമന തിരുമുഖത്തില്‍ തുള്ളികള്‍ നിറഞ്ഞിരുന്നു. . . . എന്റെ സ്‌നേഹ രക്ഷിതാവ് വന്നയുടന്‍ നല്ല സന്തോഷത്തോടെ പാവപ്പെട്ട എന്റെ കൈയ്ക്ക് പിടിച്ച് ഒരു സ്‌നേഹപക്ഷം കാണിച്ചു. എന്തോ ഒരു യാത്രകഴിച്ച് താന്‍ മുഴുവന്‍ വിയര്‍ത്തും ക്ഷീണിച്ചും ഇരുന്നിരുന്നു. എന്റെ രക്ഷിതാവെ! എന്ത്യേ നീ ഇത്രെ വിയര്‍ത്തും ക്ഷീണിച്ചും ഇരിക്കുന്നു എന്നു ഞാന്‍ ചോദിച്ച് ഒരു തൂവാല എടുത്തു കൊടുത്തു. താന്‍ സ്‌നേഹത്തോടെ വാങ്ങി അങ്ങേ തിരുമുഖത്തെ തുടച്ച് കസേരമേല്‍ ഇരുന്നു. എവുപ്രാസ്യ, ഇതാ ഞാന്‍ നിന്റെ മേശയ്ക്കായിട്ടും നിന്റെ ക്ഷണിപ്പിനെ കൈക്കൊള്ളുന്നതിനും വന്നിരിക്കുന്നു. നമുക്ക് ഇരുവര്‍ക്കും ഇരുന്ന് ഭക്ഷിക്കാം എന്ന് പറഞ്ഞ് താന്‍ ഇരുന്നു. എന്നേയും ഇരുത്തി. താന്‍ മേശയെ വാഴ്ത്തി അല്പം വെള്ളം കുടിച്ച ശേഷം ഇത് കുടിക്ക എന്നു പറഞ്ഞ് എനിക്ക് തന്നു. ഞാന്‍ കുടിച്ചു. എവുപ്രാസ്യ, ഒരു മണവാട്ടിയുടെ മേശ ആ മണവാളന്ന് എത്ര സന്തോഷം വരുത്തുമെന്ന് തിരിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു. നല്ല പോലെ തിരിഞ്ഞിട്ടില്ല എന്ന് ഉത്തരിച്ചു. അതോടെ വേറെ പല വാക്കുകള്‍ പറഞ്ഞിരുന്നു, ഓര്‍ക്കുന്നില്ല ഞാന്‍. . . . കടശി പോകുന്ന സമയം, എന്നെ 12 വയസ്സില്‍ കൂനമ്മാവ് മഠത്തില്‍വെച്ച് കരേറ്റമാതാവിന്റെ തിരുനാളില്‍ ഞാന്‍ ശു. കുര്‍ബാന കൈക്കൊണ്ട ക്ഷണം ബോധംകെട്ടു. താന്‍ അനേകമാലാഖമാരോടും കന്യാസ്ത്രികളോടും കൂടെ പരിശുദ്ധ അമ്മയും ഈശോമിശിഹായും അവരുടെ നടുവില്‍ എഴുന്നെള്ളി വന്ന്, ഞാന്‍ ഇന്ന് എന്റെ മണവാട്ടിയായിട്ട് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അരുളിചെയ്തു താന്‍ തന്നെ ഒരു മോതിരം എന്റെ കൈമേല്‍ ഇടുവിച്ച് മറഞ്ഞുപോയി. പിന്നെ എന്റെ പറഞ്ഞൊപ്പിന്നും. മോതിരം കൈമേല്‍ എനിക്ക് കാണാന്‍ പാടില്ല. പറഞ്ഞൊപ്പ് ദിവസം മോതിരം ഊരി വീണ്ടും വളരെ സ്‌നേഹപക്ഷത്തോടെ പെ. പെ. ബ. പിതാവിന്റെ അടുക്കല്‍ ധവെച്ച്പ ഇടുവിച്ചു. ഈ ഓശാന ഞായറാഴ്ചയും താന്‍ പോകുന്ന സമയം, എന്റെ സ്‌നേഹത്തിന്റെ മണവാട്ടിയെ എന്ന് വിളിച്ചു. ഉടന്‍ ഞാന്‍ മുട്ടുകുത്തി താന്‍ എന്റെ പാവപ്പെട്ട കൈയ്ക്ക് പിടിച്ച് മോതിരത്തെ കാണിച്ച് മുറുക്കി ഇട്ടു. മണവാട്ടിക്കടുത്ത നിന്റെ ഈ ക്ഷണിപ്പിനെ നിന്റെ ആത്മമണവാളനായ ഞാന്‍ എന്റെ ഹൃദയത്തിന്റെ വലിയ സന്തോഷത്തോടെ കൈക്കൊണ്ടിരിക്കുന്നു. ഞാന്‍ ഇതാ പിരിയുന്നു. കൈമേല്‍ കുറച്ചുദിവസം വേദനയും അടയാളവും ഉണ്ടാകും. പിന്നെ ആയത് മാറുകയും ചെയ്യും. വ്യസനിക്കണ്ടാ. ആശീര്‍വ്വാദവും തന്ന് താന്‍ പോയി. അന്ന് തുടങ്ങി എന്റെ മോതിരവിരലിന്മേല്‍ നീരും വേദനയും മാറാതെ നിന്നിരുന്നു. ഈ കഴിഞ്ഞ ഞായറാഴ്ച സ്‌നേഹപിതാവിനോട് കാര്യം പറഞ്ഞ് കൈ കാണിക്കയും ചെയ്തു. 44 ദിവസത്തോളം കൈമേല്‍ നീരു ഉണ്ടായിരുന്നു. അതില്‍ പിന്നെ കുറഞ്ഞു. (കത്ത് 37, 1st ജൂണ്‍ 1905, ലിഖിതങ്ങള്‍, pp.194 f.).

മറ്റൊരിക്കല്‍ കഠിനമായ പൈശാചിക ദേഹോപദ്രവങ്ങള്‍ക്ക് ശേഷം ഭയങ്കരവേദനയില്‍ കര്‍ത്താവും പരി. അമ്മയും വന്ന് ആശ്വസിപ്പിച്ചു. ”പിന്നെ എന്റെ പിതാവെ! അമ്മ എന്റെ കൈയ്ക്ക് പിടിച്ച് ഈ മോതിരത്തിന്മേല്‍ കൊത്തിയിരിക്കുന്ന അക്ഷരത്തിന്റെ അര്‍ത്ഥം തിരിഞ്ഞൊ അമ്മ പറഞ്ഞുതരാം എന്നു പറഞ്ഞ് വായിപ്പിച്ചു എന്നെക്കൊണ്ട്. ആയത്–ഈശോയുടെ മണവാട്ടിയായ ഈ കന്യാസ്ത്രിയുടെമേല്‍ മരണത്തിന്നടുത്ത അന്ത്യദിനംവരെ സാത്താന്‍ നരകത്തിന്നടുത്ത യാതൊരു അധികാര പരീക്ഷകള്‍ പ്രവൃത്തിച്ചുകൂടാ എന്നു കഠിനമായ് കല്പിക്കുന്നു. അതില്‍ 3 അക്ഷരത്തിന്റെ അര്‍ത്ഥം എനിക്ക് പറഞ്ഞുതന്നില്ല. പിന്നെ നടുവില്‍ ഒരു നല്ല മുദ്ര പതിച്ചിട്ടുമുണ്ട്. ഇത് മകളെ നിന്റെ മോക്ഷമണവാളന്റെ മുദ്രയാകുന്നു. ഇത് എന്റെ വലത്തു കൈയുടെ മോതിരവിരലിന്മേല്‍ ആണ് ഇട്ടിരിക്കുന്നത്. മകളെ! നിന്റെ പരീക്ഷയുടെ അവസാനദിവസം ഈ മോതിരം ഊരി ഈ അക്ഷരം കുത്തി മുദ്രയും പതിച്ചു നിന്റെ മോക്ഷമണവാളന്‍” (കത്ത് 55, 26~ഒക്‌ടോബര്‍ 1906, ലിഖിതങ്ങള്‍, p.282).

ഇതേ കത്തില്‍, ഇതിനു തൊട്ടു മുമ്പ് എവുപ്രാസ്യമ്മ എഴുതിയിരുന്നു: ”എന്തോ എന്റെ ബോധത്തിനും ഹൃദയത്തിനും വളരെ സന്തോഷവും ആശ്വാസവും ഉണ്ടാകുന്നുണ്ട്. ദൈവത്തിന്റേയും തന്റെ അമ്മയുടെയും നേരെ ഒരു നല്ല ഒന്നിപ്പും ചേര്‍മയും ഉണ്ട്. ഞാന്‍ അറിയാതെ എന്റെ ബോധവും ഹൃദയവും അവരില്‍ ആയി പോകുന്നു. ഈ മഹാഭാഗ്യം എനിക്ക് പോകാതിരിപ്പാന്‍ സ്‌നേഹപിതാവ് അപേക്ഷിക്കണമെ.”

ദൈവൈക്യം

ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം ഒരു ആനന്ദപാരവശ്യത്തില്‍ നാഥന്‍ അവളെ സ്വന്തമാക്കി. ഹൃദയം ഹൃദയത്തോട് ചേര്‍ന്ന് ഒന്നായി. അരൂപി അരൂപിയോടും, മണവാട്ടി മണവാളനോടും. ദൈവമനുഷ്യസമാഗവും ഒന്നിപ്പും. മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കാത്ത ദൈവിക രഹസ്യങ്ങള്‍! തിരുസ്സഭ യേശുവിന്റെ മണവാട്ടിയാണ് എന്ന് വി. പൗലോസ് സാക്ഷിക്കുന്നു (എഫെ. 5:27). അതുപോലെ തന്നെ ഓരോ വിശ്വാസിയും. എന്നാല്‍ അവിടുത്തെ അത്യധികം സ്‌നേഹിക്കുകയും തനിക്കായി മാത്രം ജീവിക്കുകയും കര്‍ത്താവിന്റെ കാര്യങ്ങളില്‍ മാത്രം നിഷ്ഠവെച്ച് തന്നെതന്നെ വിശുദ്ധീകരിച്ച്, മനസ്സും ഹൃദയവും ആത്മാവും ശരീരവും തന്റേതായി തീര്‍ക്കുന്ന ചില വിശുദ്ധരെ വിശുദ്ധിയുടെ ഉന്നതതലത്തില്‍, വി. അമ്മത്രേസ്യയുടെ ഭാഷയില്‍, പ്രാര്‍ത്ഥനാ സൗധത്തിന്റെ ഏഴാം സദനത്തില്‍, കര്‍ത്താവ് തന്നോട് ഒന്നിപ്പിക്കുന്നു. ഹാ! ഈ മഹത്തായ ദൈവിക രഹസ്യങ്ങളുടെ മുമ്പില്‍ നമുക്ക് തലക്കുനിക്കാം! ഈ അത്യഗാധമായ ദൈവൈക്യത്തെക്കുറിച്ച് ദൈവസായൂജ്യത്തെക്കുറിച്ച് എവുപ്രാസ്യമ്മ 1917 ജൂണ്‍ 17-ാം തിയതി പിതാവിന് എഴുതിയ കത്തില്‍ വിവരിക്കുന്നുണ്ട്:

ഈ അശുദ്ധ പാപി ശുദ്ധമാന കുര്‍ബാന കൈക്കൊണ്ട ക്ഷണം സ്‌നേഹത്താല്‍ നിറഞ്ഞും അനുഗ്രഹത്താല്‍ അലഞ്ഞും എന്റെ ഹൃദയത്തില്‍ എഴുന്നെള്ളിവന്ന ധഈശോപ മകളെ! നിന്റെ കണ്ണുനീരുകള്‍ നിറുത്തുക, എന്ന് അരുളിച്ചെയ്ത് അങ്ങെ തൃക്കൈ കൊണ്ട് തന്നെ എന്റെ മുഖത്ത് തുടച്ച് വലിയ സ്‌നേഹ പക്ഷത്തോടെ ഈ നന്ദികെട്ട കന്നത്തില്‍ മുത്തി തിരുഹൃദയത്തിലോട്ട് ചേര്‍ത്ത് പിടിച്ചു. . . . സ്‌നേഹത്താല്‍ മുഴുവനും തിളങ്ങി പകരുന്ന പ്രകാരം തോന്നി. ആ നേരത്തില്‍ എന്തൊ എന്നില്‍ ആസകലം ഒരു പകര്‍ച്ചയും ഇളക്കവും ഉണ്ടായി. അതോടെ എങ്ങിനെയോ എന്റെ സ്‌നേഹ ഈശോ എന്നില്‍ ഒന്നിച്ചുചേര്‍ന്നു എന്ന് എനിക്ക് തെളിവായി തിരിഞ്ഞു. ഞാന്‍ ആ നേരത്തില്‍ എന്റെ ഇല്ലായ്മയും നന്ദികേടും മുഴുവനായിട്ട് അറിഞ്ഞു. തനിക്ക് എളിമ, സ്‌തോത്രം, സ്‌നേഹകാഴ്ച എന്ന പ്രകരണങ്ങള്‍ ചെയ്തിരുന്നു. ആ നേരത്തില്‍ തന്നില്‍ എന്റെ അരൂപിയില്‍ പരിശുദ്ധ അമ്മയെയും ശുദ്ധമാകപ്പെട്ടവരെയും കണ്ടു. എങ്ങനെ എന്ന് എനിക്ക് തിരിയുന്നില്ല. ആ നേരത്തില്‍ ഉണ്ടായ എന്റെ ശരീരത്തിന്റെ ഇളക്കവും സന്തോഷവും ഒന്നിപ്പും എങ്ങനെ എന്ന് പറഞ്ഞ് അറിയിപ്പാന്‍ എന്നാല്‍ സാധിക്കുന്നില്ല. ആ നേരത്തില്‍ എന്റെ ചങ്കില്‍ ശക്തിയായ ഇടി ഉണ്ടായിരുന്നു. ആ സ്ഥലത്തില്‍ തീയ്യുടെ ആളല്‍പോലെ തോന്നിയിരുന്നു. ഇത് രണ്ടും അന്ന് ഉച്ചതിരിഞ്ഞ് 3 മണി കഴിയുന്നതുവരെ ഉണ്ടായിരുന്നു. ഈ വലിയ ഭാഗ്യം എനിക്ക് ഒരിക്കലും കിട്ടുമെന്ന് തോന്നിയിരുന്നില്ല. എങ്കിലും തന്റെ അനുഗ്രഹത്തിന്മേല്‍ ശരണപ്പെട്ടിരുന്നു. സ്‌നേഹപിതാവെ ദൈവത്തിന്നു ഒരു പാപിയുടെ മേലുള്ള അതിരറ്റ കരുണയും സ്‌നേഹവും കണ്ട് ഞാന്‍ അതിശയിക്കുന്നു (ലിഖിതങ്ങള്‍, pp.339 f).

ദൈവൈക്യത്തെകുറിച്ച് പറയുമ്പോള്‍ എവുപ്രാസ്യമ്മ കൃത്യമായി കാഴ്ചപ്പാടുകളും ദൈവൈക്യവും തമ്മിലുള്ള വ്യത്യാസം എടുത്തുപറുന്നു: ”എന്നാല്‍ ഇതൊന്നും കാഴ്ചപ്പാടുകള്‍ അല്ല. ഇത് രണ്ടും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഇതാകുന്നു എന്റെ ഹൃദയത്തിന്ന് ഏറ്റം സന്തോഷവും ഫലവും വരുത്തുന്നത്. ആ നേരത്തില്‍ എന്റെ ഹൃദയത്തില്‍ കഴിയുന്ന ആനന്ദവും സന്തോഷവും എന്നാല്‍ ഒരിക്കലും പറഞ്ഞറിയിപ്പാന്‍ സാധിക്കുന്നതല്ല” (കത്ത് 69, ലിഖിതങ്ങള്‍, p.333).

തിരുഹൃദയഭക്തി

എവുപ്രാസ്യമ്മയുടെ ഈശോയോടുള്ള വധൂസഹജമായ സ്‌നേഹവും സമര്‍പ്പണവും ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിലൂടെ പ്രകാശിതമായി. ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന തന്റെ പേരില്‍ താന്‍ സന്തോഷിക്കയും അഭിമാനിക്കയും ചെയ്തിരുന്നു. ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തിന്റെ മദര്‍ സുപ്പീരിയറായി നിയമിക്കപ്പെട്ടപ്പോള്‍ വളരെ വിസമ്മതം പറഞ്ഞെങ്കിലും നടപ്പായില്ല. നിനക്ക് പറ്റാത്തത് ഞാന്‍ ചെയ്യില്ലേ എന്ന് പറയുന്നതുപോലെ അനുഭവപ്പെട്ടു. തല്‍ക്ഷണം എവുപ്രാസ്യമ്മ മഠത്തിന്റെ പ്രധാനപ്പെട്ട സ്ഥലത്ത് ഈശോയുടെ തിരുഹൃദയസ്വരൂപം പ്രതിഷ്ഠിച്ചു. രാവിലെ പള്ളിവാതില്‍ തുറക്കുന്നതിന് മുമ്പും, രാത്രി പള്ളിവാതില്‍ അടച്ചതിനുശേഷവും ഈശോയുടെ തിരുഹൃദയസ്വരൂപത്തിന് മുമ്പിലാണ് പ്രാര്‍ത്ഥന. ഒരിക്കല്‍ രോഗീമുറിയില്‍ അമ്മയുടെ കൂടെ കിടന്നിരുന്ന ആശ്രമശുശ്രൂഷി സാക്ഷിക്കുന്നു: ”ഒരു ദിവസം ഉല്ലാസസ്ഥലത്തുള്ള തിരുഹൃദയരൂപം സമാന്യം വലിയൊരു അരുളിക്കായുടെയത്ര വലിപ്പത്തില്‍ തിളങ്ങി പ്രകാശിക്കുന്നത് അമ്മ എനിക്ക് കാണിച്ചുതന്നു. അതിനെതിരെ വച്ചിരുന്ന മാതാവിന്റെ രൂപത്തിലും ഇതുപോലുള്ള വ്യത്യാസം കണ്ടിരുന്നു. കുറെ നേരം ഈ കാഴ്ച ഉണ്ടായിരുന്നു.”8

ഈശോയുടെ വണക്കമാസദിനങ്ങളിലും, തിരുഹൃദയതിരുനാള്‍ നൊവേന ദിനങ്ങളും ഈശോയുടെ തിരുഹൃദയത്തെ അനുസ്മരിക്കുന്ന വെള്ളിയാഴ്ച ദിവസങ്ങളും എവുപ്രാസ്യമ്മ പ്രത്യേക പ്രാര്‍ത്ഥനകളാലും തപോനിഷ്ഠകളാലും കൊണ്ടാടിയിരുന്നു. ”ഈശോയെപ്പോലെ അതിരുവെയ്ക്കാതെ, മുറിവുകള്‍ കണക്കാക്കാതെ ഹൃദയകാരുണ്യത്തോടെ എല്ലാവരേയും നോക്കിക്കാണുവാനും, സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും പഠിച്ചു. സഹോദരങ്ങളുടെ ഹൃദയങ്ങളെ തെളിവോടെ വായിച്ചറിയുവാന്‍ പരിശീലനം ലഭിച്ചതും അവരുടെ വികാരങ്ങളെ പഠിച്ചറിഞ്ഞതും പ്രവാചകശക്തിയോടെ അനുകമ്പാര്‍ദ്രമായി സഹോദരങ്ങളോട് വര്‍ത്തിക്കാനായതും തിരുഹൃദയഭക്തിയിലൂടെയാണ്.”9
എവുപ്രാസ്യമ്മയോട് ഒരിക്കല്‍ ഈശോ പറഞ്ഞു: ”ഞാന്‍ മുന്‍ അറിയിച്ചതുപോലെ തന്നെ മുഖ്യമക്കളുടെ നന്ദികേടുകളെകുറിച്ച് അളവറ്റപ്രകാരം ദു:ഖിക്കുന്ന ഈ എന്റെ ഹൃദയത്തെ നിന്റെ മരണപര്യന്തം ഓര്‍ത്ത് ആശ്വസിപ്പിക്കണം. പാപികള്‍ക്കുവേണ്ടി പ്രത്യേകം എന്റെ പിതാവിനോട് നീ പ്രാര്‍ത്ഥിക്കണം” (കത്ത് 10, 20 സെപ്തംബര്‍ 1901, ലിഖിതങ്ങള്‍, p.58).

എവുപ്രാസ്യമ്മ ഒരു തിരുഹൃദയപ്രേഷിതയായിരുന്നു. ഈശോയുടെ തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നതിനായി ശ്രദ്ധ വെച്ചിരുന്നു. പ്രലോഭനങ്ങളും പീഢനങ്ങളും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി തിരുഹൃദയകൊന്ത ഉപദേശിച്ചുകൊടുത്തിരുന്നു. തന്നെ മഠത്തില്‍ നിന്ന് പറഞ്ഞയയ്ക്കാന്‍ പോകുകയാണെന്ന് മനസ്സിലായി കരഞ്ഞു കൊണ്ടിരുന്ന ഒരു സിസ്റ്ററിനോട് തിരുഹൃദയകൊന്ത ദിവസവും മുടക്കം കൂടാതെ ചൊല്ലുവാന്‍ നിര്‍ദ്ദേശിച്ചു. കുറെ നാളുകള്‍ക്കുശേഷം (എവുപ്രാസ്യമ്മയുടെ മരണത്തിനുശേഷം) വീണ്ടും ഈ സിസ്റ്ററിനെ മഠത്തില്‍ നിന്ന് പറഞ്ഞയ്ക്കുവാന്‍ തന്നെ തീരുമാനിച്ചു. കരഞ്ഞുകൊണ്ടു ഈ സിസ്റ്റര്‍ എവുപ്രാസ്യമ്മയോട് പ്രാര്‍ത്ഥിച്ചു. അന്ന് രാത്രി എവുപ്രാസ്യമ്മ ഈ സിസ്റ്ററിന് സ്വപ്നത്തില്‍ കാണപ്പെട്ട് തിരുഹൃദയകൊന്ത എന്തുകൊണ്ട് മുടക്കി എന്ന് ചോദിച്ചു. മനസ്താപപ്പെട്ട് പൊറുതി അപേക്ഷിച്ച് ആ സിസ്റ്റര്‍ വീണ്ടും തിരുഹൃദയകൊന്ത ചൊല്ലി തുടങ്ങി. ഇന്നും ആ സിസ്റ്റര്‍ മഠത്തില്‍ ജീവിക്കുന്നു! കത്ത് 40-ല്‍ എവുപ്രാസ്യമ്മ ആത്മ പിതാവിന് എഴുതി: ”എനിക്ക് ഒരു ആശ്വാസമുളളത് ഈശോയുടെ തിരുഹൃദയത്തിന്റെ പക്കലും പരിശുദ്ധ അമ്മയുടെ അടുക്കലും ചെന്ന് സഹായം അപേക്ഷിക്കുന്നതും അവര്‍ക്ക് എന്നെ മുഴുവനും ഏല്പിക്കുന്നതുമാകുന്നു” (കത്ത് 24, 1 നവംബര്‍ 1902, ലിഖിതങ്ങള്‍, p.107).

പരിശുദ്ധ അമ്മയ്ക്കരികെ

എവുപ്രാസ്യമ്മ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു. അവര്‍ തമ്മില്‍ ഒരു മാതൃപുത്രീബന്ധം ഉണ്ടായിരുന്നു. എവുപ്രാസ്യമ്മയുടെ എല്ലാ ആവശ്യങ്ങളിലും പരി. അമ്മ സഹായിച്ചിരുന്നു. കൈകളില്‍ നിന്ന് ജപമാല മാറിയിരുന്ന സമയമില്ല. മരണനിമിഷത്തിലും കൈവിരലുകള്‍ക്കിടയിലൂടെ ജപമാല മണികള്‍ നീങ്ങിയിരുന്നു. പാപികളുടെ മാനസാന്തരത്തിനും, ശുദ്ധീകരാത്മാക്കളുടെ മോചനത്തിനും തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കും ജപമാലതന്നെ പ്രാര്‍ത്ഥന. ജപമാലയുടെ പ്രേഷിതയായിരുന്ന അവള്‍ മറ്റുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുത്ത പ്രാര്‍ത്ഥനയും ജപമാല. അസാധ്യകാര്യങ്ങള്‍ സാധിക്കാനായി 9 കൊന്ത വീതം 9 ദിവസം ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പറയും. സി. ഗാസ്പറിന്റെ അന്നനാളം ചുങ്ങി ഒരു ഭക്ഷണവും കഴിക്കാന്‍ സാധിക്കാത്ത നിലയില്‍ വീട്ടില്‍ വിടാന്‍ തീരുമാനമായി. ധരിക്കുവാന്‍ കയ്യില്‍ കൊടുത്ത അല്‍മായ വസ്ത്രവുമായി സി. ഗാസ്പര്‍ കരഞ്ഞുകൊണ്ട് പള്ളിയിലേക്ക് ഓടി. എവുപ്രാസ്യമ്മ ചോദിച്ചു. എന്തിനാണ് കരയുന്നത്? തന്റെ രോഗത്താലാണെന്നും, തനിക്ക് കര്‍മ്മലമഠം വിട്ട് പോകേണ്ടെന്നും പറഞ്ഞപ്പോള്‍ എവുപ്രാസ്യമ്മ പറഞ്ഞു: 9 ദിവസത്തേക്ക് അവധി ചോദിച്ച്, 9 കൊന്ത വീതം 9 ദിവസം ചൊല്ലുക. അതില്‍ ഒരു കൊന്ത എന്റെ കൂടെ ചൊല്ലുക. ദിവസങ്ങള്‍ക്കകം സി. ഗാസ്പറിന്റെ രോഗം പൂര്‍ണ്ണമായി മാറി. അപ്പനും ഡോക്ടറും 9-ാം ദിനം വന്നെങ്കിലും, രോഗം ഇല്ലെന്ന് കണ്ട് തിരിച്ചു പോയി. അത്ഭുതകരമായ സുഖപ്രാപ്തി! സി. ഗാസ്പര്‍ ദീര്‍ഘനാള്‍ ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തി.
പലപ്പോഴും മാതാവു തന്നെ വന്ന് എവുപ്രാസ്യമ്മയുടെ കൂടെ ശീശ്മക്കാരുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. പരിശുദ്ധ അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ വി. യോഹന്നാന്‍ ശ്ലീഹാ പഠിപ്പിച്ചു കൊടുത്ത സുകൃത ജപം അമ്മ നോവിസിസിനും, മറ്റു പലര്‍ക്കും എഴുതികൊടുത്തിട്ടുണ്ട്.: ”ദൈവജനിയായ അമലോത്ഭവ കന്യാസ്ത്രീമറിയത്തെ ത്രിലോകരാജസ്ത്രീയായി വാഴ്ത്തിസ്തുതിക്കുന്നു.” പരി. അമ്മയുമായുള്ള വലിയ സ്‌നേഹ ബന്ധത്തെക്കുറിച്ച് പിതാവിന് എഴുതുന്നത് കാണുക: ഭീകരമായ പൈശചിക പീഢനങ്ങള്‍ക്കു ശേഷം, എവുപ്രാസ്യമ്മ ”വേദനകൊണ്ടും വ്യസനം കൊണ്ടും കിടന്നു ഞെടുങ്ങുകയും വിറയ്ക്കുകുയം ചെയ്തിരുന്നു. . . . പിന്നെ പലപ്രാവശ്യം പരിശുദ്ധ അമ്മ എന്റെ അടുക്കല്‍ വന്ന് ഉഴിഞ്ഞു തരുകയും പിടിച്ചു നടത്തുകയും കൂടെ നമസ്‌ക്കരിക്കയും ചെയ്തിരുന്നു. എന്റെ അമ്മ എന്നെ സഹായിച്ചിട്ടുള്ളത് ഞാന്‍ പറഞ്ഞാല്‍ വളരെയുണ്ട്. അമ്മയൊന്നുള്ളത് നമുക്ക് എത്രയോ ഭാഗ്യം എന്നു മാത്രം ഞാന്‍ പറഞ്ഞ് അടങ്ങുന്നു. ഈ അമ്മയില്ലെങ്കില്‍ നമ്മള്‍, എന്തായിപോയേനെ, പിതാവേ” (കത്ത് 35, 1 ഫെബ്രുവരി 1905, ലിഖിതങ്ങള്‍, p.184, 186).

ഫാറ്റിമാദര്‍ശനത്തില്‍ പരി. അമ്മ പറഞ്ഞകാര്യങ്ങള്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മകളായ എവുപ്രാസ്യയെ അറിയിച്ചിട്ടുള്ളതായി കാണാം. തന്റെ 37-ാമത്തെ കത്തില്‍ ഇപ്രകാരം ആത്മപിതാവിന് എഴുതുന്നു: ”ഒരിക്കല്‍ പരിശുദ്ധ അമ്മ, എന്റെ തിരുക്കുമാരന്‍ പാപികളില്‍ നിന്നു അനുഭവിക്കുന്ന സങ്കടത്തെ കണ്ട് എന്റെ ഹൃദയം വളരെ ദു:ഖിക്കുന്നു എന്നും മറ്റും പറഞ്ഞു. മാസത്തിന്റെ 1-ാം ശനിയാഴ്ചയും കൂട്ടമായിട്ട് ശു. കു. കൈ. എന്റെ തിരുഹൃദയത്തിന്ന് പരിഹാരമായി കാഴ്ചവെയ്ക്കുന്നത് എനിക്ക് വളരെ ആശ്വാസമാകുന്നു. മകളെ, നീ അതിനായി താല്‍പര്യപ്പെടണം എന്നു പറഞ്ഞു” (1 ജൂണ്‍ 1905, ലിഖിതങ്ങള്‍, p.202). അതിനുശേഷം 12-ാം പീയുസ് മാര്‍പ്പാപ്പ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചപ്പോള്‍, റേഡിയോയില്‍ കൂടി അത് കേട്ടു കൊണ്ടിരുന്ന എവുപ്രാസ്യമ്മ തന്റെ അടുത്തിരുന്ന സി. ജൊവാക്കിമിനോട് പറഞ്ഞു, ”ഇത് മാതാവ് എന്നോട് മുമ്പ് പറഞ്ഞിരുന്നതാണ്. ഇപ്പോഴെങ്കിലും ഇത് നടന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.”

മദ്ധ്യസ്ഥപ്രാര്‍ത്ഥനയും കൗണ്‍സിലിങ്ങ് ശുശ്രൂഷയും.

എവുപ്രാസ്യമ്മയുടെ പ്രാര്‍ത്ഥനയുടെ ഫലം അനുഭവിക്കാത്തവരായി ചുരുക്കം പേരെ അന്ന് കാണുകയുള്ളൂ. അടുത്തുള്ളവരും അകലെയുള്ളവരും അമ്മയുടെ പ്രാര്‍ത്ഥന യാചിച്ച് വന്നിരുന്നു. രോഗസൗഖ്യത്തിനും, കുടുംബസമാധാനത്തിനും, ഭര്‍ത്താവിന്റേയോ മക്കളുടെയോ തിരിച്ചുവരവിനും പരീക്ഷയില്‍ വിജയിക്കാനും, ജോലി ലഭിക്കാനും, സാമ്പത്തിക പ്രശ്‌നപരിഹാരത്തിനും, വിവാഹം നടക്കാനും മക്കളുണ്ടാകാനും, സുഖപ്രസവത്തിനും എന്നിങ്ങനെ എല്ലാ മാനുഷിക ആവശ്യങ്ങല്‍ക്കും, കുടുംബപ്രശ്‌നങ്ങള്‍ക്കും അമ്മയെ സമീപിച്ചിരുന്നു. അമ്മ അവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ച് അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുമായിരുന്നു. ഇത് സ്വന്തം കുടുംബത്തിലുളളവര്‍ക്കും ചെയ്തിരുന്നു. അന്ന് കാലത്തു കര്‍മ്മലീത്താസഭാംഗങ്ങള്‍ക്ക് വീടുകളില്‍ പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരും മഠത്തില്‍ വന്ന് ‘പ്രാര്‍ത്ഥിക്കുന്ന അമ്മയെ കാണണം’ എന്ന് പറഞ്ഞ് പാര്‍ലറില്‍ അമ്മയെ സമീപിക്കുകയാണ് പതിവ്. സ്വന്തം മഠത്തിലുള്ളവര്‍ക്ക്–സിസ്റ്റേഴ്‌സിനും, ജോലിക്കാര്‍ക്കും, വേലക്കാര്‍ക്കുമെല്ലാം അമ്മ, അവര്‍ ചോദിക്കാതെ തന്നെ, പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ മരണകിടക്കയിലായിരുന്ന ഒരു സഹോദരി മരിക്കാതെ കിടന്നു വിഷമിക്കുന്നതു കണ്ടപ്പോള്‍ അമ്മ പള്ളിയില്‍ പോയി കൈ കുരിശുഭാഷ പിടിച്ച് 10 മിനിട്ട് പ്രാര്‍ത്ഥിച്ചതിനുശേഷം തിരിച്ചു വന്ന്, മറ്റു സിസ്‌റ്റേഴ്‌സിനെ മുറിയില്‍ നിന്ന് മാറ്റി, രോഗിയോട് ആരോടെങ്കിലും വിഷമമുണ്ടോ എന്ന് ചോദിച്ചു. രോഗി പറഞ്ഞു, മുന്‍ മദര്‍ സുപ്പിരീയറിനെ താന്‍ വളരെ വേദനിപ്പിച്ചിട്ടുണ്ട് എന്ന്. എവുപ്രാസ്യമ്മ മാപ്പ് ചോദിക്കണ്ടെ എന്ന് ചോദിച്ചു. രോഗി പറഞ്ഞതനുസരിച്ച് മാപ്പ് ചോദിക്കുന്ന ഒരു എഴുത്ത് എഴുതി കൊടുത്തയച്ചു. ഉടന്‍ തന്നെ രോഗി സമാധാനമായി സന്തോഷത്തോടെ മരിച്ചു. സ്‌കൂളിലെ കുട്ടികള്‍ എവുപ്രാസ്യമ്മയോട് പ്രാര്‍ത്ഥിക്കാന്‍ പറയാറുണ്ട്. അമ്മ പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞ് അനുഗ്രഹിക്കും. അവരെല്ലാവരും ജയിച്ചതുതന്നെ. കുട്ടികള്‍ക്കറിയാം എവുപ്രാസ്യമ്മ പ്രാര്‍ത്ഥിച്ചാല്‍ ദൈവം ഉത്തരം അരുളും എന്ന്. ഇന്നും അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനവരങ്ങളാല്‍ സമ്പന്നയായിരുന്ന എവുപ്രാസ്യമ്മ പരിശുദ്ധാത്മാവു കൊടുത്ത വരങ്ങളുപയോഗിച്ച് കൗണ്‍സിലിങ്ങ് ചെയ്തിരുന്നു. അമ്മ ഈശോയെക്കുറിച്ചും മാതാവിനെക്കുറിച്ചും അവരോട് പറഞ്ഞിരുന്നു. കൂദാശകള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിക്കും. നോമ്പും ഉപവാസവും ജപമാലയും വേണം. അമ്മയ്‌ക്കെല്ലാം അറിയാം; പരഹൃദയജ്ഞാനം ഉണ്ട്; പ്രവചനവരവും രോഗസൗഖ്യവരവും മറ്റും ഉണ്ടെന്നുള്ളത് ജനത്തിന് അറിയാമായിരുന്നു. അതുകൊണ്ട് അമ്മയുടെ ശുശ്രൂഷ ഫലദായകവുമായിരുന്നു.

ശുദ്ധീകരാത്മാക്കള്‍ക്ക് വേണ്ടി

വേറൊരു കൂട്ടര്‍ അമ്മയുടെ അടുത്തു വന്ന് മാദ്ധ്യസ്ഥം യാചിച്ചിരുന്നത് ശുദ്ധീകരണാത്മാക്കളാണ്. അമ്മ അവര്‍ക്ക് വേണ്ടി ദിവ്യബലി അര്‍പ്പിച്ച് കാഴ്ചവെച്ചും പരിത്യാഗപ്രവര്‍ത്തികള്‍ ചെയ്തും ജപമാല ചൊല്ലിയും പ്രാര്‍ത്ഥിക്കാറുണ്ട്. പരി. അമ്മ തന്നെ എവുപ്രാസ്യമ്മയോട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുന്നു: ”എനിക്ക് ഏറ്റം പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകര ആത്മാക്കളുടെ മേല്‍ നീ കുറെ ഉപവിയുള്ളവളായിരിക്കണം എന്ന് പറഞ്ഞു” (കത്ത് 25, 26 നവംബര്‍ 1902, ലിഖിതങ്ങള്‍, p.114). ശുദ്ധീകരാത്മാക്കള്‍ തനിച്ചും കൂട്ടമായും വന്ന് പ്രാര്‍ത്ഥന യാചിക്കാറുണ്ട്. അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രകാശപൂരിതരായി സ്വര്‍ഗ്ഗത്തിലേക്ക് പോകുമ്പോള്‍ അടുക്കല്‍ വന്ന് നന്ദി പറയാറുമുണ്ട്.
ശുദ്ധീകരണാത്മാക്കളെക്കുറിച്ചും അവര്‍ നമ്മുടെ പ്രാര്‍ത്ഥനയാചിക്കുന്നതിനെക്കുറിച്ചും എവുപ്രാസ്യമ്മ പിതാവിനെഴുതുന്നതിപ്രകാരമാണ്:
വൃശ്ചികം ധനവംബര്‍പ 2-ാംധതിയ്യതിയിപലും 3-ാംധതിയ്യതിയിപലും രാത്രി എന്റെ മുറിയുടെ വാതുക്കലും കൊറിദോറിലും ജനാലക്കലും നിന്ന് വളരെ കൊട്ടുകയും വളരെ ദുഃഖം തോന്നിക്കതക്ക സ്വരത്തില്‍ നിലവിളിക്കയും ചെയ്തിരുന്നു. പലര്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ചങ്ങല കിടക്കവും ധകിലുക്കവുംപ ഉണ്ടായിരുന്നു. ഇവര്‍ ആരാകുന്നുവെന്ന് അറിയുന്നതിന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അപേക്ഷിക്കയും ചെയ്തിരുന്നു. ഞാന്‍ ചോദിച്ചില്ല, കടശി അവര്‍ തന്നെ പറഞ്ഞു നിലവിളിച്ചു. ഞങ്ങള്‍ ശുദ്ധീകര ആത്മാവുകള്‍ ആകുന്നു. എവുപ്രാസ്യ അമ്മെ ഈ ഞങ്ങളുടെ മേല്‍ പ്രത്യേക അലിവായിരിക്കണമെ. ഞങ്ങളെ ദൈവനീതിയുടെ കഠിനപാറാവില്‍ നിന്ന് വേഗത്തില്‍ കരേറ്റി തരെണമെ. ഞങ്ങളുടെ വേദന കഠിനമാകുന്നുവെങ്കിലും ഞങ്ങള്‍ക്ക് ദൈവത്തെ കാണ്മാന്‍ പാടില്ലാത്ത സങ്കടം എല്ലാറ്റിലും വലിയതും സഹിച്ചുകൂടാത്തതുമാകുന്നു. ആയതിനാല്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കയും അപേക്ഷിപ്പിക്കയും ചെയ്യേണമെ. വേഗത്തില്‍ ഞങ്ങളെ കരേറ്റി തരെണമെ എന്നും മറ്റും. എന്റെ പിതാവെ! എന്തൊരു ദുഃഖസ്വരത്തിലുള്ള നിലവിളിയാകുന്നു. കേട്ടാല്‍ സഹിച്ചു നില്‍ക്കുവാന്‍ പ്രയാസമാകുന്നു. ഇപ്പോഴും ആ സ്വരം എന്റെ ബോധത്തില്‍ സദാ നില്‍ക്കുന്നു. ഞാന്‍ എന്ത് ചെയ്ത് അവര്‍ക്ക് കാഴ്ചവെയ്ക്കണ്ടത്. എന്നാല്‍ പാടുള്ളത് സകലതും ചെയ്യുന്നുണ്ട്. പുതു. ക്കന്യാസ്ത്രികള്‍ ഏവരെകൊണ്ടും ഞാന്‍ ചെയ്യിക്കുന്നുണ്ട്. അപ്പോഴത്തെ എന്റെ വ്യസനം കൊണ്ട് എന്റെ കൂടപ്പിറപ്പുകളെ എന്നാല്‍ പാടുള്ളതെല്ലാം ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ട് എന്ന് പെട്ടെന്ന് പറഞ്ഞുപോയി പിതാവെ. (കത്ത് 56, 4 നവംബര്‍ 1906, ലിഖിതങ്ങള്‍, pp.285 f.).

തിരുസ്സഭയ്ക്കുവേണ്ടി

അമ്മയുടെ പ്രാര്‍ത്ഥനയില്‍ ഒരു പ്രധാന പങ്ക് തിരുസ്സഭയ്ക്കും തിരുസ്സഭാധികാരികള്‍ക്കും മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ക്കും, ശീശ്മക്കാര്‍ക്കും, പള്ളിക്കേസുകള്‍ക്കും വേണ്ടിയായിരുന്നു. രൂപതാ ചാന്‍സലര്‍ ആയിരുന്ന ബ. ഡോ. പോള്‍ ആലപ്പാട്ടച്ചന്‍ ഇപ്രകാരം എഴുതുന്നു:
”കുടുംബങ്ങളുടെ വിശുദ്ധിയും കെട്ടുറപ്പും ഐശ്വര്യവും ലക്ഷ്യം വയ്ക്കാത്ത ഒരു സമര്‍പ്പിത ജീവിതവും ശരിയായ ദിശാബോധമുള്ള സമര്‍പ്പിത ജീവിതമെന്ന് പറയാന്‍ കഴിയുകയില്ല. അതുകൊണ്ട് വൈദിക-സന്യാസ ജീവിതത്തിന് അര്‍ത്ഥവും ധന്യതയും കൈവരുന്നത് അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പ്രാദേശിക സഭയുടെ ഐക്യത്തിന്റെ പ്രതീകമായ മെത്രാനിലൂടെ കുടുംബങ്ങളിലും ഇടവകകളിലും രൂപതയിലും ഇഴുകിച്ചേരുമ്പോഴാണ്. സന്യാസത്തിന്റെ ആവൃതിയില്‍ ഒതുങ്ങിയ ജീവിതത്തിലുടെ ലോകത്തിനും തിരുസ്സഭയ്ക്കും ഇത്തരമൊരു ദര്‍ശനം നല്കാന്‍ കഴിഞ്ഞുവെന്നതാണ് ഏവുപ്രാസ്യമ്മയുടെ നേട്ടമായി ഞാന്‍ കാണുന്നത്. വേദനിച്ചുപിടയുന്ന പാവപ്പെട്ട മനുഷ്യന്റെ വേദന ഒപ്പിയെടുത്ത യേശുവിന്റെ ജീവിക്കുന്ന ആള്‍രൂപങ്ങളായിരുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയ്ക്കും മറിയം ത്രേസ്യായ്ക്കും മുമ്പുതന്നെ തന്റെ പ്രാര്‍ത്ഥനയും ഉപദേശവും വഴി സഭയിലും സഭയ്ക്ക് പുറത്തും സമാധാനവും ഐക്യവും ഐശ്വര്യവും കാണാന്‍ കൊതിച്ച ആത്മാര്‍ത്ഥതയുള്ള സഭാപുത്രിയായിരുന്നു എവുപ്രാസ്യമ്മ.”10

പ്രാദേശിക സഭയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചവളാണ് എവുപ്രാസ്യമ്മ. രൂപതയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. തിരുസ്സഭയുടേയും, രൂപതയുടേയും, മെത്രാന്റേയും വൈദീകരുടെയും സ്വന്തം പ്രശ്‌നങ്ങളായി കണ്ട് മനസ്സ് വേദനിച്ച് പ്രാര്‍ത്ഥിച്ചു ഈ കന്യകാരത്‌നം. പലപ്പോഴും ശീശ്മക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും, വൈദികര്‍ക്കുവേണ്ടിയും തന്റെതായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മെത്രാനച്ചന്‍ ഒല്ലൂര്‍ മഠത്തില്‍ വന്ന് പറയാറുണ്ട്. എവുപ്രാസ്യമ്മ എല്ലാം സ്വന്തം ചുമതലയായി ഏറ്റെടുത്ത് ത്യാഗം ചെയ്തും, നോമ്പും ഉപവാസവുമെടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട്. ആത്മപിതാവിനെഴുതിയ കത്തില്‍ മദ്ധ്യസ്ഥം നടത്താന്‍ എവുപ്രാസ്യമ്മയോട് ആവശ്യപ്പെടുന്നതു കാണാം.
” . . . വെള്ള വസത്രം ധരിച്ച 4 മാലാഖമാര്‍ വന്നു. വലിയ സങ്കടത്തോടെ ഇതിന്‍വണ്ണം പറഞ്ഞു, ഞങ്ങളുടെ സഹോദരിയെ! ഞങ്ങളോടുകൂടെ നമ്മുടെ അനുഗ്രഹമുള്ള ദൈവത്തോട് ഈ പട്ടക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം, അവരുടെ തിരുവിനുവേണ്ടി. പിന്നെ അവരെ ഞാന്‍ കണ്ടില്ല. എന്റെ പിതാവെ! ഞാന്‍ ചെയ്യുന്ന സകല പ്രവൃത്തികളുമല്ലാതെ പ്രത്യേകമായതും ചെയ്ത് കാഴ്ചവെച്ചിരുന്നു. ഈ കാര്യം സാധിക്കുന്നതിനുവേണ്ടി, പരി. അമ്മയുടെ കൈകളില്‍ ഏല്പിച്ച് മുട്ടിപ്പായി അപേക്ഷിച്ചിരുന്നു. എട്ടാം ദിവസം കാലത്ത് ഞാന്‍ ശുദ്ധമാന കുര്‍ബാന കൈക്കൊണ്ട് ആരായാലും അവരുടെ തിരുവിന്നും പരിഹാരത്തിനും വേണ്ടി അപേക്ഷിച്ച് നില്‍ക്കുന്ന സമയത്ത് ദിവ്യരക്ഷിതാവ് കുറെ മാലാഖമാരോട് കൂടെ വളരെ സന്തോഷമുള്ള ഭാഷയില്‍ അഞ്ചുമുറിവോടെ വന്ന് എവുപ്രാസ്യ! നീ സന്തോഷമായിരിക്ക നിന്റെ അപേക്ഷ സാധിച്ചു. അവര്‍ മനസ്താപപ്പെട്ട് നല്ല വഴിക്ക് തിരിഞ്ഞു. ഞാന്‍ അവരെ വലിയ സന്തോഷത്തോടെ കൈക്കൊള്ളുകയും ചെയ്തു” (കത്ത് 27, 4 ജൂലായ് 1903, ലിഖിതങ്ങള്‍, pp. 126 f.).

”സ്‌നേഹപിതാവിന്റെ ഗുണദോഷപ്രകാരം എല്ലാ പ്രകാരത്തിലും ശീശ്മക്കാര്‍ക്കുവേണ്ടിയും നമ്പ്രന്നുധപള്ളിക്കേസ്പവേണ്ടിയും ഞാന്‍ പാടുപോലെ അപേക്ഷിക്കയും പുതുകന്യാസ്ത്രികളെകൊണ്ട് പ്രത്യേകവിധം അപേക്ഷിപ്പിക്കയും ചെയ്തുവരുന്നുണ്ട്. ദൈവം എന്തു തിരുമനസ്സായിരിക്കുന്നുവെന്ന് അറിഞ്ഞുകൂടാ. തന്റെ ഇഷ്ടം നമുക്കു മതി അല്ലെ പിതാവെ” (കത്ത് 40, 19 സെപ്തമ്പര്‍ 1905, ലിഖിതങ്ങള്‍, p.211).

ചെറളയത്ത്, ഇതര ക്രൈസ്തവവിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ഒരു പള്ളിയും കന്യകാലയവും സ്‌കൂളും ഉണ്ടാകുവാന്‍ എവുപ്രാസ്യമ്മ വളരെയധികം പ്രാര്‍ത്ഥിക്കുകയും ത്യാഗങ്ങളും, നോമ്പും ഉപവാസവും സമര്‍പ്പിക്കയും മറ്റും ചെയ്തതിന്റെ ഫലമായി അവിടെ ഒരു കര്‍മ്മലീത്താ മഠവും പള്ളിയും സ്‌കൂളും ഉണ്ടായി. ദൈവം തന്റെ പ്രസാദം കാണിക്കുമാറ് ഒല്ലൂര് എവുപ്രാസ്യമ്മയുടെ മരണസമയത്ത് ചെറളയം പള്ളിയിലെ മണികള്‍ താനെ അടിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.

മരണവും അതിനപ്പുറവും

എവുപ്രാസ്യമ്മ സി. ജോവാക്കിമിനോട് പ്രവചനമായി പറഞ്ഞിരുന്നതുപോലെ മൂന്ന് ദിവസമേ അമ്മ കിടന്നുള്ളൂ. അമ്മയുടെ കൈകളും നാവും തളര്‍ന്നു. തളര്‍ന്നിരുന്നാലും വിരലുകള്‍ക്കിടയിലൂടെ ജപമാലമണികള്‍ ചലിച്ചുകൊണ്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും വന്നവരെ അമ്മ അനുഗ്രഹിച്ചു. കൈ പൊക്കാന്‍ പാടില്ലാതായപ്പോള്‍ അവര്‍ തന്നെ അമ്മയുടെ കൈ എടുത്ത് ശിരസ്സില്‍ വെച്ച് ആശീര്‍വാദം സ്വീകരിച്ചു. അന്ത്യകൂദാശകളെല്ലാം കൈകൊണ്ട് ആഗസ്റ്റ് 29-ാം തിയ്യതി രാത്രി 8.40-ന് അവളുടെ പാവനാത്മാവ് മോക്ഷമണവാളനില്‍ ഒന്നായി. ആരേയും അടക്കിയിട്ടില്ലാത്ത പുതിയ കല്ലറയില്‍, ദേവാലയത്തിന് ഏറ്റവും അടുത്ത, മുകളിലെ കല്ലറയില്‍ അടക്കപ്പെട്ടു. ഏതു ഉപകാരം ചെയ്തുകൊടുത്തപ്പോഴും ”മരിച്ചാലും മറക്കില്ലാട്ടോ” എന്ന് വാഗ്ദാനം ചെയ്തവളുടെ കല്ലറയ്ക്കരികെ വിദ്യാര്‍ത്ഥികളും ഒല്ലൂര്‍ നാട്ടുകാരും ആവശ്യങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അനുഗ്രഹങ്ങള്‍ ലഭിച്ചു, വിവരങ്ങള്‍ പ്രസിദ്ധമായി. ജനം ഒഴുകാന്‍ തുടങ്ങി. 1986-ല്‍ എവുപ്രാസ്യമ്മയുടെ നാമകരണത്തിനായുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. 1987ല്‍ ദൈവദാസിയായി. 2002-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2006 ജൂണ്‍ 26-ന് മാര്‍ബനഡിക് 16-ാമന്‍ മാര്‍പ്പാപ്പ അത്ഭുതകരമായ കാന്‍സര്‍ സുഖപ്രാപ്തിക്ക് അംഗീകാരം നല്കി. 2006 ഡിസംബര്‍ 3-ന് ഒല്ലൂര്‍ ഫൊറോന പള്ളിയില്‍ വെച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

എവുപ്രാസ്യമ്മയുടെ കല്ലറ സ്ഥിതിചെയ്യുന്ന പരി. അമലോത്ഭവ മാതാവിന്റെ ദേവാലയത്തില്‍ നിത്യാരാധനയും അഖണ്ഡജപമാലയും നടന്നുകൊണ്ടിരിക്കുന്നു. ഇതിനോട് ബന്ധപ്പെട്ട് വാ. എവുപ്രാസ്യയുടെ ഒരു മ്യൂസിയവും ഉണ്ട്. ഇവിടെ എപ്പോഴും ജനം ഒഴുകുകയാണ്. ദൈവസ്തുതികള്‍ ഉയരുന്നു. ദൈവം തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുന്നു.


Advertisements

Endnotes

  1. എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുന്ന മാര്‍ ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ”അപ്പസ്‌തോലിക ലേഖനം,” Blessed Euphrasia Eluvathingal Beatification Souvenir, 3 Dec. 2006, ed. Sr. Chrisologa, CMC, Sr. Cleopatra & Sr. Sudeepa, pub.: Vice-Postulator, St. Mary’s Convent, Ollur, Thrissur.
  2. എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍ –എവുപ്രാസ്യമ്മ ആത്മപിതാവായ മേനാച്ചേരി പിതാവിനെഴുതിയ കത്തുകള്‍, എഡി. ഫാ. മത്തിയാസ് മുണ്ടാടന്‍, സി.എം.ഐ., സി. ക്ലിയോപാട്ര സി.എം.സി., സി. പെരിഗ്രിന്‍ സി.എം.സി., Pub: Euphrasia Publications, St. Mary’s Convent, Ollur, Thrissur: 2004 (reprint) കത്ത് 30, 31, pp. 147-152).
  3. അമ്പഴക്കാട് മഠം നാളാഗമം, pp. 14-15.
  4. റവ. ഡോ. ലൂക്കാസ് വിത്തുവട്ടിക്കല്‍, സി.എം.ഐ., പോസ്റ്റുലേറ്റര്‍, ”പ്രാര്‍ത്ഥനയുടെ പ്രസാദം,” സുചരിത, ധന്യയായ എവുപ്രാസ്യ– ജന്മപഞ്ചരജതജൂബിലി സ്മരണിക, എഡി. സി. ക്രിസ്‌ലോഗ, സി.എം.സി., 2002, പേജ് 109.
  5. ചാവറയച്ചന്റെ സമ്പൂര്‍ണ്ണകൃതികള്‍, വാല്യം IV: കത്തുകള്‍, എഡി. സി.എം.ഐ. പ്രസാധകമ്മിറ്റി: 1981, പേജ് 110.
  6. വാഴ്ത്തപ്പെട്ട എവുപ്രാസ്യ– നവനാള്‍ ജപം, മൊഴിമുത്തുകളും ഗാനങ്ങളും, pub.: Vice-Postulator, St. Mary’s Convent, Ollur, Thrissur, 2007, pp. 42,43).
  7. ധന്യയായ എവുപ്രാസ്യ–ധ്യാനം, സി. ക്രിസ്‌ലോഗ, എഡി. സി. ക്ലിയോപാട്ര, സി.എം.സി., ഹോളിട്രിനിറ്റി കോണ്‍വെന്റ്, കോലഴി, തൃശൂര്‍: 2007, പേജ് 4.
  8. സി. പാസ്റ്റര്‍ സി.എം.സി., ആത്മദാഹം: വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ ആദ്ധ്യാത്മികത, pub: Sr. Cleopatra CMC, Euphrasia Publications, Ollur, Thrissur, 2006, pp. 61f.
  9. സി. ഓമര്‍, സി.എം.സി., ”പ്രാര്‍ത്ഥനയുടെ ഗിരിശൃംഗങ്ങളില്‍”, മറഞ്ഞിരുന്നവള്‍ മഹത്വത്തിലേക്ക്, എഡി. Sr. Cleopatra CMC, Euphrasia Publications, St. Mary’s Convent, Ollur, Thrissur: 2006, pp. 111f.
  10. ”തിരുസ്സഭയോട് കൂറുള്ള പുത്രി”, മറഞ്ഞിരുന്നവള്‍ മഹത്വത്തിലേക്ക്, p. 177.
Advertisements
St. Euphrasia
Advertisements

Categories: Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s