🔥 🔥 🔥 🔥 🔥 🔥 🔥
10 Jun 2022
Friday of week 10 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27:1-2
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും.
സമിതിപ്രാര്‍ത്ഥന
സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,
അങ്ങേ പ്രചോദനത്താല്‍,
ശരിയായവമാത്രം ചിന്തിക്കാനും
അങ്ങേ മാര്‍ഗനിര്‍ദേശത്താല്‍
അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 19:9b,11-16
മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക.
അക്കാലത്ത്, ഏലിയാ ദൈവത്തിന്റെ മലയായ ഹൊരെബിലെത്തി ഒരു ഗുഹയില്‍ വസിച്ചു. അവിടെവച്ച് കര്‍ത്താവിന്റെ സ്വരം അവന്‍ ശ്രവിച്ചു: നീ ചെന്ന് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക, അവിടുന്ന് അരുളിച്ചെയ്തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുന്‍പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കൊണ്ടു കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു. ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു. അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു, പുറത്തേക്കുവന്ന്, ഗുഹാമുഖത്തു നിന്നു. അപ്പോള്‍ അവന്‍ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവതീക്ഷ്ണതയാല്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങേ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങേ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്റെയും ജീവന്‍ അവര്‍ വേട്ടയാടുന്നു.
കര്‍ത്താവ് കല്‍പിച്ചു: നീ ദമാസ്‌ക്കസിനടുത്തുള്ള മരുഭൂമിയിലേക്കു മടങ്ങുക. അവിടെ ഹസായേലിനെ സിറിയാരാജാവായി അഭിഷേകം ചെയ്യുക. നിംഷിയുടെ മകന്‍ യേഹുവിനെ ഇസ്രായേല്‍ രാജാവായും ആബെമെഹോലായിലെ ഷാഫാത്തിന്റെ മകന്‍ എലീഷായെ നിനക്കു പകരം പ്രവാചകനായും അഭിഷേകം ചെയ്യുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 27:7-8a,8b-9abc,13-14
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു.
കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍
അവിടുന്നു കേള്‍ക്കണമേ!
കാരുണ്യപൂര്‍വം എനിക്ക് ഉത്തരമരുളണമേ!
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു
എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു.
എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു;
അങ്ങേ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ!
എന്റെ സഹായകനായ ദൈവമേ,
അങ്ങേ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ!
എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്‌കരിക്കരുതേ!
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു.
ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ
കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ജീവൻ്റെ വചനത്തെ മുറുകെ പിടിക്കുകയും ചെയ്യുവിൻ.
അല്ലേലൂയ!
സുവിശേഷം
മത്താ 5:27-32
ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: വ്യഭിചാരം ചെയ്യരുത് എന്നു കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്.
ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക് ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ
കരുണയോടെ കടാക്ഷിക്കണമേ.
ഞങ്ങളര്‍പ്പിക്കുന്നത് അങ്ങേക്കു സ്വീകാര്യമായ അര്‍പ്പണവും
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനവും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 18:2
കര്‍ത്താവാണ് എന്റെ രക്ഷാശിലയും കോട്ടയും
വിമോചകനും എന്റെ ദൈവവും എന്റെ സഹായകനും.
Or:
1 യോഹ 4:16
ദൈവം സ്‌നേഹമാണ്,
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും
ദൈവം അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സൗഖ്യദായകമായ പ്രവര്‍ത്തനം
ഞങ്ങളെ ഞങ്ങളുടെ പാപങ്ങളില്‍നിന്ന്
കാരുണ്യപൂര്‍വം മോചിപ്പിക്കുകയും
നേരായവയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Readings