🔥 🔥 🔥 🔥 🔥 🔥 🔥
18 Jun 2022
Saturday of week 11 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27:7,9
കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;
എന്റെ സ്വരം ശ്രവിക്കണമേ.
അങ്ങ് എന്റെ സഹായകനാകണമേ.
എന്റെ രക്ഷകനായ ദൈവമേ,
അങ്ങ് എന്നെ കൈവെടിയുകയോ
തിരസ്‌കരിക്കുകയോ ചെയ്യരുതേ.
സമിതിപ്രാര്‍ത്ഥന
അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 ദിന 24:17-25
ദേവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേവച്ചു ബറാക്കിയായുടെ പുത്രനായ സഖറിയാസിനെ അവര്‍ വധിച്ചു.
യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കന്മാര്‍ യോവാഷിനെ വന്നുകണ്ട് അഭിവാദനങ്ങളര്‍പ്പിച്ചു. രാജാവ് അവര്‍ പറഞ്ഞതു കേട്ടു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയം ഉപേക്ഷിച്ച് അവര്‍ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചു തുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യൂദായുടെയും ജറുസലെമിന്റെയും മേല്‍ ദൈവകോപം ഉണ്ടായി. അവരെ തിരികെക്കൊണ്ടുവരാന്‍ കര്‍ത്താവ് അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയച്ചു. പ്രവാചകന്മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവര്‍ അതു വകവെച്ചില്ല. യഹോയാദാ പുരോഹിതന്റെ മകന്‍ സഖറിയായുടെ മേല്‍ ദൈവത്തിന്റെ ആത്മാവ് വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു. യോവാഷ് രാജാവ്, യഹോയാദാ തന്നോടു കാണിച്ച ദയ വിസ്മരിച്ച് അവന്റെ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: കര്‍ത്താവ് ഇതുകണ്ട് പ്രതികാരം ചെയ്യട്ടെ!
വര്‍ഷാവസാനത്തില്‍ സിറിയാ സൈന്യം യോവാഷിനെതിരേ വന്നു. അവര്‍ യൂദായിലെയും ജറുസലെമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്തുവകകള്‍ കൊള്ളചെയ്തു ദമാസ്‌ക്കസ് രാജാവിനു കൊടുത്തു. സിറിയാസൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദായുടെ വലിയ സൈന്യത്തെ അവിടുന്ന് അവരുടെ കൈയില്‍ ഏല്‍പിച്ചു. അങ്ങനെ അവര്‍ യോവാഷിന്റെമേല്‍ ശിക്ഷാവിധി നടത്തി. യോവാഷിനെ ദാരുണമായി മുറിവേല്‍പിച്ചു. ശത്രുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സേവകന്മാര്‍ ഗൂഢാലോചന നടത്തി. അവനെ കിടക്കയില്‍വച്ചു വധിച്ചു. അങ്ങനെ അവര്‍ യഹോയാദാ പുരോഹിതന്റെ മകന്റെ രക്തത്തിനു പ്രതികാരം ചെയ്തു. യോവാഷ് മരിച്ചു. അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിച്ചു; എന്നാല്‍, രാജാക്കന്മാരുടെ കല്ലറയിലല്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:3-4,28-29,30-31,32-33
കര്‍ത്താവിന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.
അവിടുന്ന് അരുളിച്ചെയ്തു:
എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.
കര്‍ത്താവിന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.
എന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
ഞാന്‍ അവന്റെ വംശത്തെ ശാശ്വതമാക്കും;
അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്‍ക്കും.
കര്‍ത്താവിന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.
അവന്റെ സന്തതി എന്റെ നിയമം ഉപേക്ഷിക്കുകയും,
എന്റെ വിധികള്‍ അനുസരിക്കാതിരിക്കുകയും,
എന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും,
എന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍,
ഞാന്‍ അവരുടെ ലംഘനത്തെ ദണ്ഡുകൊണ്ടും
അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും.
എന്നാലും ഞാന്‍ എന്റെ കാരുണ്യം
അവനില്‍ നിന്നു പിന്‍വലിക്കുകയില്ല;
എന്റെ വിശ്വസ്തതയ്ക്കു ഭംഗം വരുത്തുകയില്ല.
കര്‍ത്താവിന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 6:24-34
നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! ഉത്കണ്ഠമൂലം ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?
വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്റെ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയധികം അലങ്കരിക്കുകയില്ല!
അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
Or:
യോഹ 17:11
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Readings