🔥 🔥 🔥 🔥 🔥 🔥 🔥
26 Jun 2022
13th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 47:1
സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,
ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 19:16,19-21
എലീഷാ ഏലിയായെ അനുഗമിച്ച്, അവന്റെ ശുശ്രൂഷകനായിത്തീര്‍ന്നു.
കര്‍ത്താവ് എലിയായോടു കല്‍പിച്ചു: ആബെ മെഹോലായിലെ ഷാഫാത്തിന്റെ മകന്‍ എലീഷായെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്യുക.
ഏലിയാ മലയില്‍ നിന്നു പുറപ്പെട്ടു. പന്ത്രണ്ട് ഏര്‍ കാള ഉഴുതുകൊണ്ടിരുന്ന സ്ഥലത്ത് അവന്‍ ഷാഫാത്തിന്റെ മകന്‍ എലീഷായെ കണ്ടു. അവന്‍ പന്ത്രണ്ടാമത്തെ നിരയിലായിരുന്നു. ഏലിയാ അവന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ തന്റെ മേലങ്കി അവന്റെമേല്‍ ഇട്ടു. ഉടനെ അവന്‍ കാളകളെ വിട്ട് ഏലിയായുടെ പിന്നാലെ ഓടിച്ചെന്നു പറഞ്ഞു: മാതാപിതാക്കന്മാരെ ചുംബിച്ചു യാത്ര പറഞ്ഞിട്ട് ഞാന്‍ അങ്ങയെ അനുഗമിക്കാം. ഏലിയാ പറഞ്ഞു: പൊയ്‌ക്കൊള്ളൂ; ഞാന്‍ നിന്നോട് എന്തുചെയ്തു? അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിനു കൊടുത്തു. അവര്‍ ഭക്ഷിച്ചു. എലീഷാ ഏലിയായെ അനുഗമിച്ച്, അവന്റെ ശുശ്രൂഷകനായിത്തീര്‍ന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 16:1-2a,5,7-8,9-10,11
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല
എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തു ഉള്ളതുകൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
രണ്ടാം വായന
ഗലാ 5:1,13-18
സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്. സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍. എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയില്‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു. എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
1സമുവേൽ 3/9;
യോഹന്നാൻ 6/68.
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അരുളിചെയ്താലും, അങ്ങേ ദാസൻ ഇതാ ശ്രവിക്കുന്നു. നിത്യജീവൻ്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 9:51-62
യേശു ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും.
തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, യേശു ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗത്തില്‍ നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ? അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു. അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.
അവര്‍ പോകുംവഴി ഒരുവന്‍ യേശുവിനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും. അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 103:1
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.
Or:
യോഹ 17:20-21
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️