🔥 🔥 🔥 🔥 🔥 🔥 🔥
04 Jul 2022
Monday of week 14 in Ordinary Time
or Saint Elizabeth of Portugal
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അധഃപതിച്ച ലോകത്തെ
അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.
അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.
അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്
അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍
ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹോസി 2:16,17c-18,21-22
എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും. അവളുടെ യുവത്വത്തിലെന്നപോലെ, ഈജിപ്തില്‍ നിന്ന് അവള്‍ പുറത്തുവന്നപ്പോഴെന്ന പോലെ, അവിടെവച്ച് അവള്‍ എന്റെ വിളി കേള്‍ക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല.
എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 145:2-3,4-5,6-7,8-9
കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.
എന്റെ ദൈവമായ രാജാവേ,
അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;
അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
കര്‍ത്താവു വലിയവനും
അത്യന്തം സ്തുത്യര്‍ഹനുമാണ്;
അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.
കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.
തലമുറ തലമുറയോട്
അങ്ങേ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും;
അങ്ങേ ശക്തമായ
പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.
അവിടുത്തെ പ്രതാപത്തിന്റെ
മഹത്വപൂര്‍ണമായ തേജസ്സിനെപ്പറ്റിയും
അങ്ങേ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും
ഞാന്‍ ധ്യാനിക്കും.
കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.
അങ്ങേ ഭീതിജനകമായ
പ്രവൃത്തികളുടെ ശക്തിയെപ്പറ്റി
മനുഷ്യര്‍ പ്രഘോഷിക്കും;
ഞാന്‍ അങ്ങേ മഹത്വം വിളംബരം ചെയ്യും.
അവിടുത്തെ സമൃദ്ധമായ നന്മയുടെ പ്രശസ്തി
അവര്‍ വിളിച്ചറിയിക്കും;
അങ്ങേ നീതിയെപ്പറ്റി അവര്‍ ഉച്ചത്തില്‍ പാടും.
കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.
കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.
കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.
സുവിശേഷ പ്രഘോഷണവാക്യം
യോഹ. 10/14.
അല്ലേലൂയ!അല്ലേലൂയ!
ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 9:18-26
എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈ വയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും. യേശുവും ശിഷ്യന്മാരും അവനോടൊപ്പം പോയി. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ സൗഖ്യമുള്ളവളായി.
യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു: നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു. ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ നാമത്തിന്
പ്രതിഷ്ഠിതമായിരിക്കുന്ന ഈ അര്‍പ്പണം
ഞങ്ങളെ ശുദ്ധീകരിക്കുകയും
അനുദിനം സ്വര്‍ഗീയ ജീവിതതലത്തിലേക്ക്
ഞങ്ങളെ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 34:8
കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.
അവിടത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
Or:
മത്താ 11:28
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍,
ഞാന്‍ നിങ്ങള്‍ക്കു വിശ്രമം നല്കാം.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഇത്ര മഹത്തായ ബലിവസ്തുക്കളാല്‍
സംപൂരിതരായ ഞങ്ങള്‍,
രക്ഷാകരമായ ദാനങ്ങള്‍ സ്വീകരിക്കാനും
അങ്ങേ സ്തുതികളില്‍നിന്ന്
ഒരിക്കലും വിരമിക്കാതിരിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️