Tuesday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

12 Jul 2022

Tuesday of week 15 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വഴിതെറ്റിയവര്‍
നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്
അങ്ങേ സത്യത്തിന്റെ പ്രകാശം
അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.
ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം
ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും
അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 7:1-9
വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.

യൂദാ രാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന്‍ ആഹാസിന്റെ കാലത്ത് സിറിയാ രാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേ യുദ്ധത്തിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇളകുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു. കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെ കണ്ട് ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്. നമുക്ക് യൂദായ്‌ക്കെതിരേ ചെന്ന് അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി. ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല. സിറിയായുടെ തലസ്ഥാനം ദമാസ്‌ക്കസും, ദമാസ്‌ക്കസിന്റെ തലവന്‍ റസീനും ആണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല. എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപന്‍ റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 48:1-7

ദൈവം തന്റെ നഗരത്തെ എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.

കര്‍ത്താവ് ഉന്നതനാണ്;
നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്.
ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധ ഗിരി
ഭൂമി മുഴുവന്റെയും സന്തോഷമാണ്.

ദൈവം തന്റെ നഗരത്തെ എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.

അങ്ങു വടക്കുള്ള സീയോന്‍പര്‍വതം
ഉന്നതനായ രാജാവിന്റെ നഗരമാണ്.
അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം
സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.

ദൈവം തന്റെ നഗരത്തെ എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.

ഇതാ, രാജാക്കന്മാര്‍ സമ്മേളിച്ചു;
അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
സീയോനെ കണ്ട് അവര്‍ അമ്പരന്നു;
പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു.

ദൈവം തന്റെ നഗരത്തെ എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.

അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു;
ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു.
കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌ കപ്പലുകളെപ്പോലെ
അവര്‍ തകരുന്നു.

ദൈവം തന്റെ നഗരത്തെ എന്നേക്കും സുസ്ഥിരമാക്കിയിരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഇന്ന് നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ !

അല്ലേലൂയ!

സുവിശേഷം

മത്താ 11:20-24
വിധിദിനത്തില്‍, ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകും.

അക്കാലത്ത്, യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു.
കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റെതിനെക്കാള്‍ സഹനീയമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന
സഭയുടെ കാണിക്കകള്‍ കടാക്ഷിക്കുകയും
അവയുടെ സ്വീകരണം
വിശ്വാസികളുടെ വിശുദ്ധീകരണത്തിന്റെ വര്‍ധനയ്ക്ക്
ഇടയാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 84:3-4

ബലവാനായ കര്‍ത്താവേ,
എന്റെ രാജാവേ, എന്റെ ദൈവമേ,
കുരുകില്‍പക്ഷി ഒരു സങ്കേതവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു കൂടും
അങ്ങേ അള്‍ത്താരയില്‍ കണ്ടെത്തുന്നുവല്ലോ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

Or:
യോഹ 6:57

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ദിവ്യരഹസ്യത്തിലുള്ള പങ്കാളിത്തത്തോടൊപ്പം
ഞങ്ങളുടെ രക്ഷയുടെ ഫലവും വര്‍ധമാനമാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s