🌹 🔥 🌹 🔥 🌹 🔥 🌹
30 Jul 2022
Saint Peter Chrysologus, Bishop , Doctor
or Saturday of week 17 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, മെത്രാനായ വിശുദ്ധ പീറ്റര്‍ ക്രിസോലഗസിനെ അങ്ങ്,
അവതരിച്ച വചനത്തിന്റെ
നിസ്തുല പ്രഘോഷകനാക്കിത്തീര്‍ത്തുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ രക്ഷാകര രഹസ്യങ്ങള്‍
ഹൃദയങ്ങളില്‍ സദാ ധ്യാനിക്കാനും
പ്രവൃത്തികളില്‍ വിശ്വസ്തതയോടെ പ്രകടിപ്പിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 26:11-16,24
ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ് എന്നെ അയച്ചിരിക്കുന്നത്.
അക്കാലത്ത്, പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍ മരണത്തിന് അര്‍ഹനാണ്, എന്തെന്നാല്‍, ഇവന്‍ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു; നിങ്ങള്‍തന്നെ കേട്ടതാണല്ലോ.
അപ്പോള്‍ പ്രഭുക്കന്മാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങള്‍ കേട്ട വാക്കുകള്‍ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചത്. നിങ്ങളുടെ മാര്‍ഗങ്ങളും ചെയ്തികളും നന്നാക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുവിന്‍. നിങ്ങള്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ അവിടുന്ന് അനുതപിക്കും. ഞാനിതാ നിങ്ങളുടെ കൈകളിലാണ്. നീതിയും യുക്തവും എന്നു നിങ്ങള്‍ക്കു തോന്നുന്നത് ചെയ്തുകൊള്ളുക. എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെയും ഈ നഗരത്തിന്റെയും നഗരവാസികളുടെയുംമേല്‍ നിഷ്‌കളങ്ക രക്തമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ് എന്നെ അയച്ചിരിക്കുന്നത്.
അപ്പോള്‍ പ്രഭുക്കന്മാരും ജനവും പുരോഹിതന്മാരോടും പ്രവാചകന്‍രോടും പറഞ്ഞു: ഇവന്‍ മരണശിക്ഷയ്ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണ് ഇവന്‍ സംസാരിച്ചത്. ജനം ജറെമിയായെ വധിക്കാതെ ഷാഫാന്റെ പുത്രന്‍ അഹിക്കാം അവനെ രക്ഷിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 69:14-15,29-30,32-33
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ.
രക്ഷയുടെ വാഗ്ദാനത്തില്‍ അങ്ങ് വിശ്വസ്തനാണല്ലോ;
ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ!
ശത്രുക്കളില്‍ നിന്നും സമുദ്രത്തിന്റെ ആഴത്തില്‍ നിന്നും
എന്നെ മോചിപ്പിക്കണമേ!
ജലം എന്റെമേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ!
ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ!
പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ!
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ.
ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്;
ദൈവമേ, അങ്ങേ രക്ഷ എന്നെ സമുദ്ധരിക്കട്ടെ!
ഞാന്‍ ദൈവത്തിന്റെ നാമത്തെ പാടി സ്തുതിക്കും,
കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ.
പീഡിതര്‍ അതു കണ്ട് ആഹ്‌ളാദിക്കട്ടെ!
ദൈവത്തെ അന്വേഷിക്കുന്നവരേ,
നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു;
ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.
അല്ലേലൂയ!
സുവിശേഷം
മത്താ 14:1-12
ഹേറോദേസ് ആളയച്ചു യോഹന്നാന്റെ തല വെട്ടിയെടുത്തു; യോഹന്നാന്റെ ശിഷ്യര്‍ യേശുവിനെ വിവരമറിയിച്ചു.
അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു: ഇവന്‍ സ്‌നാപകയോഹന്നാനാണ്. മരിച്ചവരില്‍ നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. ഹേറോദേസ് യോഹന്നാനെ ബന്ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്തത്. എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല. ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
ഹേറോദേസിന്റെ ജന്മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു. തന്മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു. അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍വച്ച് എനിക്കു തരുക. രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ കാരാഗൃഹത്തില്‍ ആളയച്ച് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത് അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി. അവന്റെ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11
നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി
തന്റെ ജീവനര്‍പ്പിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍ തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹