രൂപാന്തരീകരണ തിരുനാൾ: ഇവൻ എന്റെ പ്രിയപുത്രൻ

35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം ‘ബന്ധിതർക്ക് മോചനം’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്…

ഹാളിൽ ഒരു മൂലക്ക് ഇരുന്നിരുന്ന യുവാവ് വിമ്മിക്കരയാൻ തുടങ്ങി. കാരണമുണ്ട്. അവൻ ഒരു സോക്കർ കളിക്കാരനാണ്. വലിയ വിജയങ്ങൾ നേടിയിട്ടുമുണ്ട്. സമൂഹം അംഗീകരിക്കുന്നവൻ. പക്ഷേ അവന്റെ ഉള്ളിൽ എന്നും ഒരു മുറിവുണ്ടായിരുന്നു. അവന്റെ അപ്പൻ ഒരിക്കലും അവന്റെ കളി കാണാൻ വന്നിട്ടില്ല. അപ്പന്റെ സ്നേഹവും അംഗീകാരവും കിട്ടിയിട്ടില്ല.

അവനെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, അവന്റെ കാര്യങ്ങളൊന്നും അറിയാത്ത ഒരാൾ കോൺഫറൻസിൽ വെച്ച് അവനോട് പറയുകയാണ് , “നിങ്ങൾ സോക്കർ കളിക്കുന്ന ചിത്രം ഞാൻ കണ്ടു. നിന്റെ ഡാഡി അവിടെ ഇല്ലായിരുന്നു. എങ്കിലും… നിന്റെ സ്വർഗ്ഗസ്ഥനായ പിതാവ് അവിടെ ഉണ്ടായിരുന്നു എന്ന് നീ അറിയണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. എല്ലാ കളിക്കും അവിടുന്ന് അവിടുണ്ടായിരുന്നു. നിന്നെ അഭിമാനത്തോടെ നോക്കി ഇരിക്കാറുണ്ടായിരുന്നു. നീ അവിടുത്തെ മകനാണെന്ന് മറ്റുള്ളവർ അറിയാൻ, നിനക്ക് വേണ്ടി ആരവം മുഴക്കാൻ അവിടുന്ന് മടിച്ചിട്ടില്ല. അവിടുത്തെ കണ്ണുകൾ നിന്നിൽ മാത്രമായിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് അവിടുന്ന് ‘ഇവൻ എന്റെ മകനാണ്, നോക്കൂ, എന്റെ മകൻ’ എന്ന് വിളിച്ചു പറയുകയായിരുന്നു. ദൈവപിതാവ് നിന്നെ സ്നേഹിക്കുന്നു”

ആ യുവാവിന്റെ കണ്ണുകളിലൂടെ തോരാമഴ പെയ്തിറങ്ങി. ദൈവം അവനിൽ സൗഖ്യം ചൊരിഞ്ഞു. അവന്റെ മുറിവുണക്കി.

ശിഷ്യന്മാർക്ക് അധികാരം കൊടുത്ത്, ദൗത്യം ഏൽപ്പിച് പറഞ്ഞയച്ച യേശു അവന്റെ പരസ്യജീവിതത്തിൽ പലപ്പോഴും അഭിമുഖീകരിച്ചിട്ടുള്ള ചോദ്യമാണ് ‘നീ ഇവയെല്ലാം എന്തധികാരത്തിനാലാണ് ചെയ്യുന്നത്? ആരാണ് നിനക്ക് അധികാരം തന്നത്’ എന്നൊക്കെ. എന്താണ് തനിക്കുള്ള അധികാരമെന്നും താൻ ആരാണ് എന്നൊക്കെ ശരിയായി അറിഞ്ഞിരുന്നത് അവന്റെ അമ്മയായിരുന്നു. ശിഷ്യർ അതറിഞ്ഞില്ലെങ്കിൽ ഒരുപക്ഷെ പുത്രൻ അവർക്ക് കൊടുക്കുന്ന അധികാരത്തിന്റെ മഹത്വവും വ്യാപ്തിയും ശരിയായ വിധത്തിൽ അവർക്ക് മനസ്സിലായില്ലെന്നു വരും. താബോർ മലയിൽ പോയപ്പോൾ യേശു ശിഷ്യരെ കൂടെ കൂട്ടിയതിന് പിന്നിൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഈ ഉദ്ദേശവും അവരെ ഒപ്പം കൂട്ടാനുള്ള അവന്റെ പ്രേരണയുമുണ്ടായിരുന്നിരിക്കണം. യേശുവിന്റെ ജ്‌ഞാനസ്നാന വേളയിൽ അവനാരാണെന്ന് ഉറപ്പു കൊടുക്കുന്നത് സ്നാപകയോഹന്നാന് ആണെങ്കിൽ ഇവിടെ അത് ശിഷ്യർക്കാണ്. ഒപ്പം തന്റെ പ്രിയപുത്രനോടുള്ള സ്നേഹവാത്സല്യവും വെളിവാകുന്ന വാക്കുകളാണ് താബോർ മലയിൽ മുഴങ്ങി കേട്ടത്. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവന്റെ വാക്ക് ശ്രവിക്കുവിൻ”. ഇതിൽ കൂടുതൽ എന്ത് വേണം പുത്രന്?

യേശുവിനുള്ള അധികാരം നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു തന്റെ ഭൃത്യനെ സുഖപ്പെടുത്താൻ ആവശ്യപ്പെട്ടു വന്ന ശതാധിപൻ. യേശു ആരാണെന്നും അവന്റെ അധികാരമെന്തെന്നും മനസ്സിലിട്ടുറപ്പിക്കേണ്ടത് നമ്മളോരോരുത്തരും കൂടെയാണ്. കൈവെയ്‌പ്പ് ശുശ്രൂഷ വഴി കൈമാറിക്കിട്ടിയ യേശുവിന്റെ അധികാരമാണ് മെത്രാന്മാർക്കും ഓരോ വൈദികർക്കും ഒക്കെ ഉള്ളത്. യേശു ആരാണെന്ന്‌ വ്യക്തമായി നമുക്കറിയാമെങ്കിൽ ഈ അധികാരങ്ങൾക്കുള്ള മഹത്വവും നമ്മൾ ഓർമ്മിക്കണം. ഒരാൾക്ക് ലഭിച്ചിരിക്കുന്ന അധികാരം അത് നൽകിയവന്റേതാണ്. വൈദികരെ അധിക്ഷേപിക്കാൻ നാവുയർത്തുമ്പോൾ മറക്കരുത് ആരുടെ അധികാരമാണ് അവർക്കുള്ളതെന്ന്. അതുപോലെ അൽമായരായ നമ്മൾക്കും ഈശോക്കും ഇടയിലുള്ള ബന്ധം അനുസരിച്ചാണ് നമുക്കുള്ള അധികാരവും. നമ്മളും അവനാൽ അയക്കപ്പെട്ടവർ തന്നെ, വൈദികർക്കുള്ള കൈവെയ്പ്പധികാരം ഇല്ലെങ്കിൽ പോലും.

ശിഷ്യർക്ക് താബോർ രൂപാന്തരീകരണ അനുഭവം സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം ആയിരുന്നു. സ്വർഗ്ഗീയ പിതാവിന്റെ മക്കളായ നമുക്കും ആ പിതാവിന്റെ സാന്നിധ്യത്തിന്റെ അവബോധത്തിൽ ജീവിക്കാം. നമ്മൾ അനാഥരല്ല. വീട്ടുകാർ സ്നേഹിച്ചില്ലെങ്കിലും, സമൂഹം അംഗീകരിച്ചില്ലെങ്കിലും നമ്മളെ വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായി സ്നേഹിക്കുന്ന ഒരു പിതാവ് നമുക്കുണ്ട്. “ശിവാ, കേറിവാടാ” എന്ന പോലെ നമുക്കായി ആവേശപൂർവ്വം അവിടുന്ന് കൂവി വിളിക്കുന്നുണ്ട്. അത് മതിയല്ലോ ഈ ജീവിതത്തിന് അർത്ഥമുണ്ടാവാൻ.

ജിൽസ ജോയ് ✍️

Advertisements
Transfiguration of Jesus Christ
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment