19th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

07 Aug 2022

19th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 18:6-9
ഞങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചതുവഴി ഞങ്ങളെ സ്വന്തം ജനമായി അങ്ങ് മഹത്വപ്പെടുത്തി.

തങ്ങള്‍ വിശ്വസിച്ച വാഗ്ദാനത്തിന്റെ
പൂര്‍ണജ്ഞാനത്തില്‍ ആനന്ദിക്കാന്‍
ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് ആ രാത്രിയെക്കുറിച്ച്
അങ്ങ് മുന്നറിവു നല്‍കി;
നീതിമാന്മാരുടെ മോചനവും ശത്രുക്കളുടെ നാശവും
അങ്ങേ ജനം പ്രതീക്ഷിച്ചു.
ഞങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചതുവഴി
ഞങ്ങളെ സ്വന്തം ജനമായി അങ്ങ് മഹത്വപ്പെടുത്തി.
സജ്ജനങ്ങളുടെ വിശുദ്ധ സന്തതികള്‍ രഹസ്യമായി ബലിയര്‍പ്പിച്ചു;
ഏകമനസ്സായി ദൈവികനിയമം അനുസരിച്ചു.
അങ്ങനെ അങ്ങേ വിശുദ്ധര്‍
ഭാഗ്യാഭാഗ്യങ്ങളെ ഒന്നുപോലെ സ്വീകരിച്ചു.
അവര്‍ പിതാക്കന്മാരുടെ സ്തുതികള്‍ പാടുകയായിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:1,12,18-19,20-22

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രം ആലപിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
കര്‍ത്താവേ, അങ്ങേ കാരുണ്യം
ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

രണ്ടാം വായന

ഹെബ്രാ 11:1-2,8-19
ദൈവം സംവിധാനം ചെയ്ത നഗരത്തെ അബ്രാഹം പ്രതീക്ഷിച്ചിരുന്നു.

സഹോദരരേ, വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. ഇതുമൂലമാണ് പൂര്‍വികന്മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.
വിശ്വാസം മൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെ തന്നെയാണ് അവന്‍ പുറപ്പെട്ടത്. വിശ്വാസത്തോടെ അവന്‍ വാഗ്ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു. ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.
തന്നോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസം മൂലം ഗര്‍ഭധാരണത്തിനു വേണ്ട ശക്തിപ്രാപിച്ചു. അതിനാല്‍, ഒരുവനില്‍ നിന്ന് – അതും മൃതപ്രായനായ ഒരുവനില്‍ നിന്ന് – ആകാശത്തിലെ നക്ഷത്രജാലങ്ങള്‍ പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍ പോലെയും വളരെപ്പേര്‍ ജനിച്ചു. ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവര്‍ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു. ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു. തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും സ്വര്‍ഗീയവുമായതിനെ ലക്ഷ്യം വയ്ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.
വിശ്വാസം മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം ഇസഹാക്കിനെ സമര്‍പ്പിച്ചത്. ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങി. മരിച്ചവരില്‍ നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍ പോലും ദൈവത്തിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായി പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.

അല്ലേലൂയ!

Or

അല്ലേലൂയ!അല്ലേലൂയ!

നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രൻ വരുന്നത്.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 12:32-48
നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല. നിന്റെ നിക്‌ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.
നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍. തങ്ങളുടെ യജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍. യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവന്‍ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായി കണ്ടാല്‍ ആ ഭ്യത്യന്മാര്‍ ഭാഗ്യവാന്മാര്‍. ഇത് അറിഞ്ഞുകൊള്ളുവിന്‍: കള്ളന്‍ ഏതു മണിക്കൂറില്‍ വരുമെന്ന് ഗൃഹനായകന്‍ അറിഞ്ഞിരുന്നുവെങ്കില്‍ തന്റെ വീടു കുത്തിത്തുറക്കാന്‍ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്.
പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നത് ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ? അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയും മേല്‍ അവനെ നിയമിക്കും എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍ വൈകും എന്ന് ഉള്ളില്‍ കരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനും തുടങ്ങിയാല്‍, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍ നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 147:12,14

ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.

Or:
cf. യോഹ 6:51

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s