🌹 🔥 🌹 🔥 🌹 🔥 🌹
12 Aug 2022
Friday of week 19 in Ordinary Time
or Saint Jane Frances de Chantal, Religious
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 16:1-15,60,63
ഞാന്‍ നിന്നെ അണിയിച്ച ഭൂഷണങ്ങള്‍ കൊണ്ട് നിന്റെ സൗന്ദര്യം പൂര്‍ണ്ണമായി; എന്നാല്‍, നീ വേശ്യയായിത്തീര്‍ന്നു.
കര്‍ത്താവ് എന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ജറുസലെമിനെ അവളുടെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക. ദൈവമായ കര്‍ത്താവ് ജറുസലെമിനോട് അരുളിച്ചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്ഥലവും കാനാനാണ്. നിന്റെ പിതാവ് അമോര്യനും മാതാവ് ഹിത്യയുമാണ്. നീ ജനിച്ച ദിവസം നിന്റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്ത് ഉപ്പു പുരട്ടുകയോ പിള്ളക്കച്ചയില്‍ പൊതിയുകയോ ചെയ്തിരുന്നില്ല. ഇവയിലൊന്നെങ്കിലും ചെയ്യാന്‍ ആര്‍ക്കും ദയതോന്നിയില്ല. ജനിച്ച ദിവസംതന്നെ, നീ വെറുക്കപ്പെടുകയും വെളിമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ഞാന്‍ നിന്റെയടുക്കലൂടെ കടന്നുപോയപ്പോള്‍ നീ ചോരയില്‍ക്കിടന്നുരുളുന്നതു കണ്ട് നിന്നോടു പറഞ്ഞു: ജീവിക്കുക, വയലിലെ ചെടിപോലെ വളരുക. നീ വളര്‍ന്ന് പൂര്‍ണ യൗവനം പ്രാപിച്ചു. നിന്റെ മാറിടം വളര്‍ന്നു. മുടി തഴച്ചു. എങ്കിലും നീ നഗ്നയും അനാവൃതയുമായിരുന്നു. ഞാന്‍ വീണ്ടും നിന്റെയടുക്കലൂടെ കടന്നുപോയപ്പോള്‍ നിന്നെ നോക്കി. നിനക്ക് വിവാഹപ്രായമായെന്ന് ഞാന്‍ മനസ്സിലാക്കി, എന്റെ മേലങ്കികൊണ്ട് നിന്റെ നഗ്നത ഞാന്‍ മറച്ചു. ഞാന്‍ നിന്നോടു സ്‌നേഹവാഗ്ദാനത്തോടെ ഒരു ഉടമ്പടി ചെയ്തു. അങ്ങനെ നീ എന്റെതായിത്തീര്‍ന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ കുളിപ്പിച്ച് രക്തം കഴുകിക്കളഞ്ഞ് തൈലം പൂശി. ഞാന്‍ നിന്നെ ചിത്രത്തുന്നലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു; തുകല്‍ച്ചെരുപ്പുകള്‍ അണിയിച്ചു. ചണച്ചരട് അരയില്‍ കെട്ടുകയും പട്ടുടുപ്പ് അണിയിക്കുകയും ചെയ്തു. ഞാന്‍ നിന്നെ ആഭരണങ്ങള്‍കൊണ്ട് അലങ്കരിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയുമിട്ടു. ഞാന്‍ നിന്നെ മൂക്കുത്തിയും കമ്മലുകളും ധരിപ്പിച്ചു. നിന്റെ തലയില്‍ മനോഹരമായ കിരീടം ചാര്‍ത്തി. സ്വര്‍ണവും വെള്ളിയുംകൊണ്ട് നീ അലംകൃതയായി. നേര്‍ത്ത ചണവും പട്ടും ചിത്രത്തുന്നലുള്ള വസ്ത്രവുമായിരുന്നു നിന്റെ വേഷം. നേര്‍ത്ത മാവും തേനും എണ്ണയുമായിരുന്നു നിന്റെ ആഹാരം. നീ അതീവ സുന്ദരിയായി വളര്‍ന്ന് രാജകീയപ്രൗഢി ആര്‍ജിച്ചു. സൗന്ദര്യം കൊണ്ട് നീ ജനതകളുടെയിടയില്‍ പ്രശസ്തയായി. എന്തെന്നാല്‍ ഞാന്‍ നല്‍കിയ കാന്തി അതിന് പൂര്‍ണത നല്‍കി – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
എന്നാല്‍, നീ നിന്റെ സൗന്ദര്യത്തില്‍ മതിമറന്നു. നിന്റെ കീര്‍ത്തിയുടെ ബലത്തില്‍ നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ മുഴുകി. എങ്കിലും നിന്റെ യൗവനത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍മിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്യും. അങ്ങനെ നിന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പു നല്‍കുമ്പോള്‍ നീ അവയെയോര്‍ത്ത് ലജ്ജിച്ചു മൗനം ഭജിക്കും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഏശ 12:2-6 2
കര്‍ത്താവേ, അങ്ങേ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ദൈവമാണ് എന്റെ രക്ഷ,
ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
കര്‍ത്താവേ, അങ്ങേ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവേ, അങ്ങേ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
കര്‍ത്താവേ, അങ്ങേ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, യഥാർത്ഥ ദൈവവചനമായി നിങ്ങൾ സ്വീകരിക്കുവിൻ.
അല്ലേലൂയ!
സുവിശേഷം
മത്താ 19:3-12
സ്വര്‍ഗരാജ്യത്തെപ്രതി.
അക്കാലത്ത്, ഫരിസേയര്‍ അടുത്തുചെന്ന് യേശുവിനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും, അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.
ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 147:12,14
ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.
Or:
cf. യോഹ 6:51
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment