Thursday of week 20 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

18 Aug 2022

Thursday of week 20 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 36:23-28
നിങ്ങള്‍ക്കു ഞാന്‍ നവമായ ഹൃദയം തരും; നവചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും.

കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനതകളുടെയിട യില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍വച്ച് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് ജനതകള്‍ അറിയും, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജനതകളുടെയിടയില്‍ നിന്നും സകല ദേശങ്ങളില്‍ നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും. ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകല വിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും. നിങ്ങളുടെ പിതാക്കന്മാര്‍ക്ക് ഞാന്‍ കൊടുത്ത ദേശത്ത് നിങ്ങള്‍ വസിക്കും. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:10-13,16-17

ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും.

അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങേ വഴി പഠിപ്പിക്കും;
പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും.

ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;
ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.

ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!

അല്ലേലൂയ!

സുവിശേഷം

മത്താ 22:1-14
കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.

അക്കാലത്ത്, യേശു ഉപമകള്‍ വഴി അവരോടു സംസാരിച്ചു: സ്വര്‍ഗരാജ്യം, തന്റെ പുത്രനു വേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നുപറയുവിന്‍. എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യ പ്രഭണിതം

സങ്കീ 130:7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.

Or:
യോഹ 6:51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജന പ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s