എല്ലാ ദിവസവും കാലത്ത് ഒരു കൊച്ചു പെൺകുട്ടി പള്ളിയിലേക്ക് വന്നു കൊണ്ടിരുന്നു. അവൾ കുറച്ചു നേരം കൂപ്പിയ കൈകളുമായി, കണ്ണടച്ച് കുറച്ചു മിനിറ്റുകൾ എന്തൊക്കെയോ പിറുപിറുക്കും.
പിന്നെ കണ്ണുതുറന്ന് ഈശോയുടെ രൂപത്തിലെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച്, വണങ്ങി പുറത്തേക്കു ഓടിപോവും. ഇത് എന്നും പതിവായി.
ആ പള്ളിയിലെ വൈദികൻ ഇതെന്നും കാണുന്നുണ്ടായിരുന്നു. അവളെന്തായിരിക്കും ചെയ്യുന്നതെന്ന് ആൾക്ക് ആകാംക്ഷയായി. ആത്മീയരഹസ്യങ്ങൾ അറിയാൻ മാത്രം പ്രായമില്ല അവൾക്ക്, പ്രാർത്ഥനകൾ അറിയാനും സാധ്യതയില്ല. പിന്നെ എന്താണ് അവൾ എന്നും കാലത്തു വന്നിട്ടു ചെയ്യുന്നത് ? കുറെ ദിവസങ്ങൾ കടന്നുപോയി. വൈദികന് ഇനിയും ചോദിക്കാതിരിക്കാൻ പറ്റില്ലെന്നായി.
ഒരു ദിവസം ആ പുരോഹിതൻ അവളെത്തും മുൻപേ പള്ളിയിൽ സ്ഥാനം പിടിച്ചു, അവളുടെ സ്ഥിരപരിപാടി കഴിയാൻ കാത്തുനിന്നു. അദ്ദേഹം വാത്സല്യത്തോടെ അവളുടെ തലയിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.
“മോളെ, കഴിഞ്ഞ 15 ദിവസമായി ഞാൻ നിന്നെ കാണുന്നു. നീ ഇവിടെ വന്നിട്ടെന്താണ് ചെയ്യുന്നത് ? “
“ഞാൻ പ്രാർത്ഥിക്കാണ് ഫാദർ”, അവൾ വേഗം മറുപടി പറഞ്ഞു.
“അതിനു നിനക്ക് ഏതെങ്കിലും പ്രാർത്ഥന അറിയോ?” വൈദികൻ സംശയത്തോടെ ചോദിച്ചു.
“ഇല്ലല്ലോ” അവൾ പറഞ്ഞു.
“പിന്നെ നീ എന്താണ് ഇവിടെ വന്നു കണ്ണടച്ച് കൊണ്ട് ചെയ്യുന്നത് ?” ചിരിച്ചുകൊണ്ട് ഫാദർ ചോദിച്ചു.
വളരെ നിഷ്കളങ്കമായി അവൾ പറഞ്ഞു,”ഫാദർ, എനിക്ക് വെല്യ പ്രാർത്ഥന ഒന്നും അറിയൂല. ആരും എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷെ എനിക്ക് abcd ….z വരെ അറിയാല്ലോ. ഞാനത് 5 വട്ടം ചൊല്ലും. എന്നിട്ടു ഈശോയോടു പറയും, ഈശോയെ, നിന്റെ പ്രാർത്ഥനകളൊന്നും എനിക്കറിഞ്ഞൂടാ. പക്ഷെ എന്തായാലും അതീ അക്ഷരങ്ങൾ വെച്ചുകൊണ്ടുള്ളതായിരിക്കും. നിനക്കിഷ്ടമുള്ള പ്രാർത്ഥന ഈ alphabets കൊണ്ടുണ്ടാക്കണേ. അതാണ് എന്റെ പ്രാർത്ഥന”.
അതും പറഞ്ഞ് അവൾ തുള്ളിച്ചാടി പുറത്തേക്ക് പോയി. ആ വൈദികൻ സ്തബ്ധനായി അകലേക്ക് അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിന്നു.
ഇതുപോലെ പരിധിയില്ലാത്ത, നിഷ്കളങ്കമായ വിശ്വാസം നമുക്കുണ്ടോ? നമ്മുടെ ആശ്രയം എന്തിലാണ്? നമ്മുടെ നന്മയിലോ? കഴിവിലോ? അതോ സർവ്വശക്തനായ, പരിധിയില്ലാതെ ക്ഷമിക്കുന്ന സ്നേഹം നമുക്ക് തരുന്ന ദൈവത്തിലോ? ഒരാൾ നന്നായിപോയാൽ അയാൾ പിന്നിട്ട വഴികൾ കണ്ടെത്താൻ വേരുകൾ തേടി പോവുന്ന നമ്മൾ പാപിയായ അഗസ്റ്റിനെ വിശുദ്ധനാക്കിയ, ക്ഷിപ്രകോപിയായ മോശയെ ലോകത്തിലെ ഏറ്റവും ശാന്തനായ മനുഷ്യനാക്കിയ ദൈവത്തിൽ അവിശ്വസിക്കുകയാണോ ? ‘ഇത് ആ തച്ചന്റെ മകനല്ലേ’ എന്ന പറച്ചിലുകൾ വീണ്ടും ഉയരുന്നു ചുറ്റിനും…
പക്ഷെ നമ്മുടെ ദൈവം അത്ര കോംപ്ലിക്കേറ്റഡ് ആയ ഒരാളാണോ? ഒരു നാട്യവുമില്ലാത്ത, എളിമയുള്ള ചുങ്കക്കാരന്റെ പ്രാർത്ഥന കേൾക്കുന്നവനല്ലെ… ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ പറയുന്നു. ‘നിന്നെ വിശുദ്ധനാക്കാൻ ദൈവത്തിനു അധിക സമയം വേണ്ട. അധികം സ്നേഹം മാത്രമേ വേണ്ടൂ’.
“നീ ഇതിനു മുൻപ് പ്രാർത്ഥിച്ചിട്ടില്ല. അതുകൊണ്ട് ദൈവം നിന്നെ ശ്രവിക്കില്ലെന്നു നീ ശഠിക്കുകയാണെങ്കിൽ എനിക്ക് നിന്നോട് പറയാനുള്ളത് ഇതാണ്. വെറുതെ അങ്ങ് പ്രാർത്ഥിച്ചു വിടുക. നിന്റെ അപരിചിതമായ സ്വരം ദൈവം പെട്ടെന്ന് ശ്രദ്ധിക്കും” ( ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ )
ജിൽസ ജോയ് ![]()


Leave a comment