Thursday of week 22 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

01 Sep 2022

Thursday of week 22 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 3:18-23
സമസ്തവും നിങ്ങളുടേതാകുന്നു; നിങ്ങള്‍ ക്രിസ്തുവിന്റെതും, ക്രിസ്തു ദൈവത്തിന്റെതുമാണ്.

സഹോദരരേ, ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷം യഥാര്‍ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്. അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നു കര്‍ത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍, മനുഷ്യരുടെ പേരില്‍ നിങ്ങള്‍ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്. പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. നിങ്ങളാകട്ടെ ക്രിസ്തുവിന്റെതും, ക്രിസ്തു ദൈവത്തിന്റെതും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 24:1bc-2,3-4ab,5-6

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും കര്‍ത്താവിന്റെതാണ്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും കര്‍ത്താവിന്റെതാണ്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും
കള്ളസത്യം ചെയ്യാത്തവനും തന്നെ.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും കര്‍ത്താവിന്റെതാണ്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;
രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും കര്‍ത്താവിന്റെതാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 5:1-11
എല്ലാം ഉപേക്ഷിച്ച് അവര്‍ അവിടുത്തെ അനുഗമിച്ചു.

അക്കാലത്ത്, ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ യേശുവിനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍ നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു. എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാര്‍ – യാക്കോബും യോഹന്നാനും-വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.

Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment